Kerala

ആശാ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; നാളെ മുതൽ നിരാഹാര സമരം

Published by

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഓണറേറിയം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഒരാവശ്യവും അംഗീകരിക്കാൻ സർക്കാര്‍ തയാറായില്ലെന്ന് ചര്‍ച്ചയ്‌ക്ക് ശേഷം കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (കെഎഎച്ച്ഡബ്ല്യുഎ) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. മുൻനിശ്ചയിച്ചപ്രകാരം വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങുമെന്നും ആശാ വര്‍ക്കർമാർ അറിയിച്ചു.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) കേരള ഘടകത്തിന്റെ ഓഫീസിലാണ് ചര്‍ച്ച നടന്നത്. ഞങ്ങൾ ഉന്നയിച്ച ഒരാവശ്യവും എൻ എച്ച് എം സ്റ്റേറ്റ് കോർഡിനേറ്റർ കേട്ടതുപോലുമെന്നും ചർച്ചയിൽ പങ്കെടുത്ത ആശമാർ പറഞ്ഞു. സമരം തുടങ്ങി 38-ാം ദിവസം പിന്നിടുമ്പോഴാണ് ചര്‍ച്ചയ്‌ക്ക് വിളിക്കുന്നത്. നിരാഹാരമടക്കമുള്ള സമരങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്.

സമരത്തിൽ നിന്ന് പിന്നോട്ടുപോകണമെന്നാണ് എൻഎച്ച്എം മിഷൻ സ്‌റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ചയ്‌ക്ക് അവസരമുണ്ടാക്കാം എന്നാണ് പറഞ്ഞത്. ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചതെന്നും അവർ പറഞ്ഞു.

സർക്കാരിന് പണമില്ലെന്നും സമയം കൊടുക്കണമെന്നും എന്‍എച്ച്എം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ തയ്യാറായില്ല. 62 വയസ് വിരമിക്കൽ ഉത്തരവ് മരവിപ്പിച്ചതായി ആവർത്തിച്ചു. ഉത്തരവ് നിലനിൽക്കുന്നതായി എന്‍എച്ച്എം തന്നെ നൽകിയ കത്തിന് മറുപടി നൽകിയില്ല. ശുഭപ്രതീക്ഷയോടെയാണ് ചർച്ചയ്‌ക്ക് വന്നതെന്ന് വിതുമ്പിക്കൊണ്ട് ആശാവർക്കർമാർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by