കോഴിക്കോട്: മനുഷ്യര്‍ക്ക് ആനകളുടെ ഭീഷണി ഉയരുന്നതിനൊപ്പം ആനകള്‍ മനുഷ്യരില്‍ നിന്ന് നേരിടുന്ന ഭീഷണിയും ഉയരുന്നു. എല്ലാദിവസവും കാട്ടാനകള്‍ മനുഷ്യവാസ കേന്ദ്രങ്ങളില്‍ നടത്തിയ അതിക്രമങ്ങളും മനുഷ്യര്‍ ആനകളാല്‍ കൊല്ലപ്പെടുന്നതും വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടിരിക്കുമ്പോള്ത്തന്നെ കാട്ടാനകളുടെ മരണത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. വനം കൈയേറ്റം, വൈദ്യുതാഘാതം, വെടിവെപ്പ്, വിഷംതീണ്ടല്‍, പടക്കം പൊട്ടല്‍ എന്നിവ കൊണ്ടുള്ള ആനമരണങ്ങള്‍ ആനകളുടെ ആക്രമണത്തില്‍ മരിച്ച മനുഷ്യരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
2016 മുതല്‍ 2024 വരെയുള്ള ഒമ്പത് വര്‍ഷത്തിനിടയില്‍ 763 ആനകള്‍ കൊല്ലപ്പെട്ടപ്പോള്‍ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മനുഷ്യര്‍ 139 ആണ്. 2019ല്‍ കൊല്ലപ്പെട്ട കാട്ടാനകളുടെ എണ്ണം 133, മനുഷ്യരുടെ എണ്ണം 17. 2020 ല്‍ 114-13, 2021 ല്‍ 110-27, 2022 ല്‍ 96-35, 2023 ല്‍ 110-27 എന്നിങ്ങനെയാണ് ആന-മനുഷ്യ സംഘര്‍ഷങ്ങളിലുണ്ടായ മരണനിരക്കുകള്‍. 2024ല്‍ 153 ആനകളും 22 മനുഷ്യരുമാണ് കൊല്ലപ്പെട്ടത്.
വന്യജീവികളും മനുഷ്യരുമായി നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ മനസ്സിലാക്കി അധികൃതര്‍ നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വന്യജീവി-മനുഷ്യ സംഘര്‍ഷം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വാഹകശേഷിയുടെ പ്രശ്നം, കൃഷിരീതികളിലെ മാറ്റം, വനമേഖലകളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം, അശാസ്ത്രീയമായ സംരക്ഷണ പ്രവൃത്തികളും വികസന പ്രവര്‍ത്തനങ്ങളും, ഭക്ഷണവും വെള്ളവും കുറയുന്നത് തുടങ്ങിയവയാണ് ആനകളടക്കമുള്ള വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നതിന്റെയും അക്രമം നടത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍.
സാധാരണഗതിയില്‍ വനവിസ്തൃതി കുറയുകയോ മൃഗങ്ങളുടെ എണ്ണം കൂടുകയോ ചെയ്യുമ്പോഴാണ് വാഹകശേഷി കുറയുന്നത്. അങ്ങനെ വരുമ്പോള്‍ പല കാട്ടുമൃഗങ്ങളും വനത്തിന് പുറത്തേക്ക് നീങ്ങി ഭക്ഷണവും വെള്ളവും അന്വേഷിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ആനകളെയും മറ്റ് സസ്തനികളെയും മനുഷ്യവാസസ്ഥലത്തേക്ക് ആകര്‍ഷിക്കുന്നത് മാറിയ കൃഷിരീതികളാണ്. വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ചുറ്റും കൃഷിയുടെ വിസ്തൃതി വര്‍ദ്ധിച്ചതും വിളകളുടെ രീതി മാറിയതും മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. വന്യമൃഗങ്ങള്‍ ഇഷ്ടപ്പെടുന്ന പോഷകസമൃദ്ധമായ വിളകള്‍ അവയെ വിളനിലങ്ങളിലേക്ക് ആകര്‍ഷിക്കും. വനമേഖലകളിലേക്കുള്ള മനുഷ്യരുടെ തുടര്‍ച്ചയായ കടന്നുകയറ്റം സംഘര്‍ഷം വര്‍ദ്ധിപ്പിക്കും. കാരണം ഇത് രണ്ടുപേരുടെയും നിലനില്‍പ്പിന്റെ പ്രശ്നമാണ്. മുമ്പ് വന്യജീവി ഇടനാഴികള്‍ ഉണ്ടായിരുന്നു. അവയിലൂടെ വന്യമൃഗങ്ങള്‍ സീസണ് അനുസരിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് കൂട്ടമായി സഞ്ചരിക്കുമായിരുന്നു. ഈ ഇടനാഴികളില്‍ ജനവാസകേന്ദ്രങ്ങള്‍ വികസിച്ചതിനാല്‍, വന്യമൃഗങ്ങളുടെ പാത തടസ്സപ്പെടുകയും മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങള്‍ ആക്രമിക്കുകയും ചെയ്യുന്നു. വന, വനേതര ഉല്പന്നങ്ങള് ശേഖരിക്കുന്നതിനായി മനുഷ്യര്‍ വനങ്ങളിലേക്ക് കടക്കുന്നതും വന്യജീവികളെ പ്രകോപിപ്പിക്കും. പലപ്പോഴും നാട്ടുകാര്‍ അവരുടെ കൃഷിയിടങ്ങള്‍ക്ക് ചുറ്റും വൈദ്യുതവേലി നിര്‍മിക്കുന്നതുമൂലം വന്യമൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും അവ അക്രമാസക്തരാവുകയും ചെയ്യുന്നു. ആന വൈദ്യതി വേലികളെ അതിജീവിക്കാന്‍ കഴിവുള്ള മൃഗമാണ്.
കാട്ടുമൃഗങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും അവയുടെ സ്വാഭാവിക ആവാസസ്ഥലങ്ങളില്‍നിന്ന് ചില സമയങ്ങളില്‍ ലഭിക്കുന്നില്ല. മുമ്പ് ആനകളുടെ ഇഷ്ടഭക്ഷണമായ മുളയുടെ ഇലകള്‍ ലഭ്യമല്ലാതിരുന്നപ്പോള്‍ വനംവകുപ്പ് വനസങ്കേതങ്ങള്‍ക്കുള്ളില്‍ നെല്ല്, കരിമ്പ് മുതലായവ കൃഷി ചെയ്തിരുന്നു. നിലവില്‍ ഇത്തരം സാഹചര്യം ഇല്ലാത്തതിനാല്‍ മൃഗങ്ങള്‍ ഭക്ഷണം തേടി വനത്തില്‍നിന്ന് നാട്ടിലേക്ക് ഇറങ്ങുന്നു. അന്യദേശസസ്യങ്ങള് (മഞ്ഞക്കൊന്ന, കമ്മ്യൂണിസ്റ്റ് പച്ച, ലന്റാന തുടങ്ങിയവ)അടിക്കാടുകളിലെ സ്വാഭാവികസസ്യങ്ങള്‍ ഇല്ലാതാക്കുകയും അതുവഴി സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് ആഹാരദൗര്‍ലഭ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. വരള്‍ച്ചയും ജലക്ഷാമവുംപോലുള്ള കാലാവസ്ഥാവ്യതിയാന പ്രശ്നങ്ങള്‍ ആനകള്‍ മാത്രമല്ല, മറ്റു വന്യമൃഗങ്ങളും കാടുവിട്ട് നാട്ടിലേക്ക് ആഹാരവും വെള്ളവും തേടിയിറങ്ങാന്‍ കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: