കോട്ടയം : വിവാഹ ആഘോഷങ്ങളില്‍ സ്വര്‍ണത്തിന് പകരം മുക്കുപണ്ടങ്ങളണിയുന്നത് വ്യാപകമാകുന്നു. സ്വര്‍ണ്ണവില അനുദിനം കുതിച്ചുയരുന്നതിനാലും വിലയില്‍ അപ്രതീക്ഷിതമായ ചാഞ്ചാട്ടം ഭയന്നും സ്വര്‍ണ്ണത്തില്‍ വലിയ നിക്ഷേപം നടത്താന്‍ പലരും തയ്യാറാകാത്തതും ഇതിനൊരു കാരണമാണ്. നിക്‌ഷേപം എന്ന നിലയ്‌ക്ക് സ്വര്‍ണ്ണത്തെക്കാണുന്നവര്‍ ഭാരിച്ച പണിക്കൂലി മൂലം ആഭരണമായി വാങ്ങാനും മടിക്കുന്നുണ്ട്. വിവാഹം ഒരു ദിവസത്തെ അടാര്‍ ആഘോഷമാക്കി മാറ്റാന്‍ സ്വര്‍ണ്ണത്തെ വെല്ലുന്ന ആഡംബരത്തോടെ ലഭ്യമാകുന്ന റോള്‍ഡ് ഗോള്‍ഡ് ധാരാളം മതിയെന്ന് പുതിയ തലമുറ കരുതുന്നു. ആ ഒരു ദിവസം കഴിഞ്ഞാല്‍ അത്തരം ആഭരണങ്ങള്‍ വീണ്ടും ഇടുന്ന പതിവില്ല. അതിനാല്‍ മുക്കുപണ്ടങ്ങള്‍ കൊണ്ട് വധുവിനെ അലങ്കരിക്കുന്നതില്‍ ഇപ്പോള്‍ ചെറുക്കന്‍വീട്ടുകാര്‍ക്കും പ്രശ്‌നമൊന്നുമില്ല. വിവാഹത്തിന് അണിയുന്ന സ്വര്‍ണം വധുവിന്റെ സ്വന്തം എന്ന് കോടതിവിധികള്‍ പോലും നിലനില്‍ക്കെ ഇതില്‍ തങ്ങള്‍ക്ക് എന്ത് കാര്യം എന്നാണ് വരന്‌റെ പക്ഷക്കാരുടെ പക്ഷം. അതേസമയം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിവസത്തെ അവിസ്മരണീയമാക്കാന്‍ നിറയെ ആഭരണങ്ങളണിയാനുള്ള പെണ്‍കുട്ടികളുടെ ആഗ്രഹങ്ങള്‍ക്ക് ഇടിവു സംഭവിച്ചിട്ടില്ലതാനും. ഈ സാഹചര്യത്തിലാണ് വാടകയ്‌ക്ക് കിട്ടുന്ന മുക്കുപണ്ടങ്ങളെ ആശ്രയിക്കുന്നത്. സ്വര്‍ണ്ണത്തെ വെല്ലുന്ന മിഴിവിലും ഡിസൈനിലും ഇപ്പോള്‍ ഒരു വധുവിന് വേണ്ട സര്‍വ ആഭരണങ്ങളും റോള്‍ഡ് ഗോള്‍ഡില്‍ ലഭ്യമാക്കുന്ന ആഭരണശാലകളുണ്ട് . രണ്ടോ മൂന്നോ ദിവസത്തേയ്‌ക്ക് നിശ്ചിത വാടക നല്‍കിയാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക