ഈ ബ്രഹ്മാണ്ഡാധിപനെ ബ്രഹ്മജ്ഞാനി എപ്രകാരമാണു മനസിലാക്കുക. ഇതിനെ ദിവ്യദൃഷ്ടിയാല്‍ കാണാമെന്നു പുരാണങ്ങള്‍ പറയുമ്പോഴും ബ്രഹ്മജ്ഞാനികള്‍ ഇതിനെ കാണുകയല്ല മനസിലാക്കുകയാണെന്ന് തീര്‍ത്തും പറയുന്നു. അങ്ങനെ മനസിലാക്കുകയെന്നതും ഒരു ആന്തരീക ദിവ്യദൃഷ്ടിയിലൂടെത്തന്നെയാണ്. ഗീതയില്‍ വിശ്വരൂപദര്‍ശനയോഗത്തില്‍ ഇതു വിവരിക്കുമ്പോഴും ജ്ഞാനികളല്ലാത്തവര്‍ക്കിതുള്‍ക്കൊള്ളാനാവില്ല.
‘ത്വമാദിദേവഃ പുരുഷഃ പുരാണ-
സ്ത്വമസ്യ വിശ്വസ്യ പരം നിധാനം
വേത്താസി വേദ്യം ച പരം ച ധാമ
ത്വയാ തതം വിശ്വമനന്തരൂപ!’
അന്തമില്ലാത്തസ്വരൂപത്തോടുകൂടിയവനേ അങ്ങ് ആദി ദേവന്‍ പുരാണപുരുഷന്‍ അങ്ങ് ഈ ലോകത്തിന് ഉത്തമമായ ഉറവിടം എല്ലാമറിയുന്നവനായും അറിയപ്പെടുന്ന വസ്തുവായും ശ്രേഷ്ഠമായ പ്രാപ്യസ്ഥാനമായും അങ്ങ് ഇരിക്കുന്നു അങ്ങയാല്‍ ലോകം വ്യാപിക്കപ്പെട്ടിരിക്കുന്നു. (വിശ്വരൂപദര്‍ശനയോഗം. 38)
ഇതുമനസിലാക്കാതുള്ള ആധുനീകര്‍ ഈ മഹത് സ്വരൂപത്തിനായി അതിന്റെ സൃഷ്ടിയെ കീറിമുറിച്ച് ചെറുതാക്കി ചെറുതാക്കി ഒന്നുമല്ലാതാക്കി കൈമലര്‍ത്തുന്നു. അതായത് ഒരു കുട്ടിയുടെ കയ്യിലെത്തുന്ന കളിപ്പാട്ടം രണ്ടുനാള്‍ കളിച്ച് പിന്നീടതിനുള്ളിലെന്താണെന്നറിയാന്‍ കുത്തിയിളക്കി നോക്കി അതിനുള്ളിലുള്ളവ കണ്ട് തൃപ്തിയടയുന്നതുപോലെ. ഇതെവിടെ, ആര്, എന്തിനുണ്ടാക്കി?. ഇതുണ്ടാക്കാന്‍ വേണ്ടസാമഗ്രികള്‍ ആര്‍ക്കുവേണ്ടി എവിടെനിന്നെല്ലാം?. ഇതൊന്നും കുട്ടി തിരക്കാറില്ല,തിരിച്ചറിയാറുമില്ല. അത്രമാത്രമേ നാമും ചെയ്യാറുള്ളു. പ്രപഞ്ചത്തിലുള്ള ഏതെങ്കിലുമൊന്നിനെയെടുക്കുക അതിനെ അതിന്റെ ഘടകങ്ങളാക്കുക, എന്നിട്ടതിന്റെ ഗുണങ്ങളെ നഷ്ടപ്പെടുത്തി മറ്റൊന്നാക്കുക അവയിലൂടെ പ്രപഞ്ചത്തെ കാണാമെന്നുധരിച്ച് വീണ്ടും വിഭജിച്ച് ഒന്നുമല്ലാത്തൊരവസ്ഥയിലെത്തുക എന്നിട്ടവിടെനിന്നു വിളിച്ചുപറയുക ഇവിടെ യാതൊന്നുമില്ലന്ന്. എത്രത്തോളം മനസിലാകുമൊ അവിടെയെത്തി ഇനി തനിക്കുപ്രാപ്തമാകാത്തയിടത്തില്‍നിന്ന് കൈമലര്‍ത്തുക. പ്രപഞ്ചത്തില്‍ സൂക്ഷമവും സ്ഥൂലവും രണ്ടാണെങ്കിലും സുക്ഷ്മത്തില്‍നിന്നേ സ്ഥൂലമുണ്ടാകു. ഓരോ കര്‍മ്മത്തിനായി ആദ്യം സുക്ഷ്മമാണുണ്ടാകുക. അതില്‍നിന്നാവിര്‍ഭവിക്കുന്നതാണ് സ്ഥൂലം. ഓരോസൂഷ്മവും ബ്രഹ്മത്തില്‍ നിന്നാണുത്ഭവിക്കുക. അതിനായ് ഓരോ സൃഷ്ടിയും അതിനോരോകര്‍മ്മവും. സൂക്ഷ്മാവസ്ഥ വിട്ടോരോവിത്തുകളും മുളച്ച് ഓരോകര്‍മ്മത്തിനായിഭവിക്കുമ്പോഴും ഒന്നു മറ്റൊന്നുമായി ബന്ധപ്പെട്ടുകിടക്കുന്നു. അപ്പോഴും കര്‍മ്മം വ്യത്യസ്ഥമായിരിക്കും ഇത്തരം കര്‍മ്മങ്ങളെ കോര്‍ത്തിണക്കി പ്രപഞ്ചം പൂരിതമാക്കുമ്പോള്‍ അതിലൊന്നിനെമാത്രം വിശകലനംചെയ്തു പ്രപഞ്ചത്തെ മനസിലാക്കാന്‍ ശ്രമിക്കുന്ന രീതിയാണ് ഇന്നത്തെ ശാസ്ത്രം. ബ്രഹ്മത്തെ മനസിലാക്കണമെങ്കില്‍ പ്രപഞ്ചത്തെ ഒന്നായി ഉള്‍ക്കൊള്ളണം. അപ്രകാരം പഠിക്കണമെങ്കില്‍ അതൊരു സൃഷ്ടിക്ക് മാത്രമായിപഠിക്കാവുന്നവയല്ല. തന്നയുമല്ല അവസ്ഥാനുസരണം സൃഷ്ടിക്കു മാറ്റംവരികയാല്‍ ഇന്നുള്ളതിനെ നാളെ ആ രൂപത്തില്‍ കാണുകയുമില്ല.
പ്രകൃതിയുടെകാര്യത്തില്‍ സൃഷ്ടി അനവധിയെങ്കിലും തമ്മില്‍ കോര്‍ത്തിണക്കിയാണ് സൃഷ്ടി നടന്നിരിക്കുന്നത്. അതില്‍നിന്നും ഉറവിടം ഒന്നാണെന്നു മനസിലാകും. ഈ സൃഷ്ടിയിലെല്ലാം സംയോജിപ്പിച്ചസംവിധാനവും ഒന്നു മറ്റൊന്നുമിയി പൊരുത്തപ്പെടുന്നതുമാണ്. ഉദ്ദേശം പലതും, തമ്മില്‍ വിവിധവുമാകയാല്‍ പ്രത്യക്ഷത്തില്‍ തിരിച്ചറിയില്ല. എന്നാല്‍ ഘടകങ്ങള്‍ ഒന്നുമറ്റൊന്നില്‍ പരിപൂര്‍ണമായി ചേരുകയുംചെയ്യും. വൈഭവത്തിന്റെകാര്യത്തില്‍ യാതൊരുസാമ്യതയും കാണുകയില്ല.
‘ത്വയാ വ്യാപ്തമിദം വിശ്വം ത്വയി പ്രോതം യഥാര്‍ത്ഥതഃ
ശുദ്ധബുദ്ധസ്വരൂപംസ്ത്വം മാ ഗമഃ ക്ഷുദ്രചിത്തതാം’.
ആത്മാവായ നീ ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചവനാണ്. നൂലില്‍ വസ്ത്രമെന്നപോലെ ആത്മാവായ നിന്നിലാണ് ജഗത്ത്
നില്‍ക്കുന്നത്. നീ ശുദ്ധജ്ഞാനസ്വരൂപനാണ്.സ്വരൂപത്തെമറന്ന് നീ ഇങ്ങനെ വെറും അല്പബുദ്ധിയായിത്തീരരുത്. (അഷ്ടാവക്രഗീത ശ്ലോകം 16).
ഇപ്രകാരം നിലകൊള്ളുന്ന ബ്രഹ്മത്തെ ഒരാന്തരിക ദൃഷ്ടിയിലൂടല്ലാതെ പ്രത്യക്ഷത്തില്‍ എങ്ങനെയാണുകാണുക. ഈ അവസ്ഥയില്‍ നിലകൊള്ളുന്ന ബ്രഹ്മത്തെ ബ്രഹ്മജ്ഞാനികള്‍ മനസിലാക്കിതരുമ്പോള്‍ ഭൗതികശാസ്ത്രം എന്താണുമനസിലാക്കിതരുന്നത്?. വീണ്ടും മനസിലാക്കാനായി മഹാഭാരതകഥയില്‍ ദൂതിനുപോയ ഭഗവാനെ ബന്ധിയാക്കാനുള്ള ദുര്യോധനന്റെ ശ്രമത്തിനെ വിശ്വരൂപംകാട്ടുന്ന ഒരു മുഹൂര്‍ത്തം വ്യാസന്‍ ഭംഗ്യന്തരേണ വിവരിക്കുന്നതുകാണം ഈ വിവരണം ബ്രഹ്മത്തെ ജ്ഞാനിക്കു മനസിലാക്കാന്‍ ഒട്ടും പ്രയാസമുണ്ടാവില്ല. മറിച്ച് അറിവില്ലാത്തവരെസംബന്ധിച്ചിടത്തോളം ഇത്രത്തോളം ആത്മസംഘര്‍ഷമുളവാക്കുന്ന ഒരു കഥയുണ്ടാവില്ല. ഇതിലെ അവതരണരീതിയുടെ സവിശേഷതയാല്‍ വീണ്ടും വീണ്ടും പഠിച്ചാവേശംനശിച്ച് കഥവിട്ട് മറ്റൊരു തലത്തിലിറങ്ങും അപ്പോഴാണതിവിശാലമായ ബ്രഹ്മ പാത തെളിഞ്ഞുവരിക. അതിനുമുമ്പ് വിമര്‍ശനവും ആസ്വാദനവുംമറ്റുമായൊരു കോലാഹലം മാത്രമായിരിക്കും. ഇതാണ് ബ്രഹ്മജ്ഞാനിയും സാധാരണക്കാരനും തമ്മിലുള്ള അന്തരം. അറിവിനെ വാക്കുകളില്‍ കുത്തിത്തിരുകിയാണ് നാം വ്യാപനം നടത്തുക. ആ വ്യാപനത്തില്‍ തലമനുസരിച്ച് വ്യത്യസ്ഥ ഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ ഭാവങ്ങള്‍ സ്വഭാവങ്ങളായി പുറത്തുവന്ന് കര്‍മ്മങ്ങളാകും. അറിവിനെ സ്വീകരിക്കാനായി ഓരോ സൃഷ്ടിയിലും ഇന്ദ്രിയങ്ങളെ സൃഷ്ടിക്കനുഗുണമായി ക്രമീകരിച്ചിരിക്കുന്നു. പഞ്ചേന്ദ്രിങ്ങളിലൂടെ സ്വീകരിക്കുന്ന ഈ അറിവ്
സൃഷ്ടിക്കനുഗുണമായി മാറിമറിയും. ഒരേ സൃഷ്ടിയില്‍തന്നെ പലതായി മാറ്റംവരുന്നതിനെ നാം ഓരോ തലമായി മനസിലാക്കുന്നു. അതിനാല്‍ ഒരുതലത്തില്‍നിന്നുനോക്കുന്ന ഒന്നിനെ തലംമാറിയാല്‍ മറ്റൊന്നായാവും അറിയുക. പാമ്പും കയറും പോലെ. ഈ തരത്തില്‍ തലംമാറി ഉന്നതതലമേറുമ്പോള്‍ നാം ബ്രഹ്മത്തെ അറിഞ്ഞുതുടങ്ങും. ആ അവസ്ഥയിലാണ് സര്‍വ്വസംഗ പരിത്യാഗിയായിമാറുക. അല്ലാതൊന്നിനേയും പരിത്യജിക്കാനാവില്ല. ഈ അവസ്ഥയില്‍ മരണംപോലും നിസ്സഹായനായി നില്‍ക്കുന്നതുകാണാം. മരണമെന്നാല്‍ നാം ധരിക്കുന്ന ഭൗതിക ശരീര നാശമല്ല. അത് നാമറിയാതെ സദാസംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. അതും നാശമായി പരിഗണിക്കാവുന്ന ഒന്നല്ല!. അടിസ്ഥാനഘടകങ്ങളുടെ സ്ഥാനഭ്രംശം മാത്രമാണ്. അതുപോലെ ആത്മാവിന്റെ സ്ഥാനഭ്രംശത്തെ നാം മരണമെന്നു പറയുന്നു എന്നുമാത്രം. ഇത് ഭഗവത്ഗീതയില്‍ ഭഗവാന്‍ വ്യക്തമാക്കുന്നുണ്ട്.
‘ന ത്വേവാഹം ജാതു നാസം ന ത്വം നേമേ ജനാധിപാഃ
മ ചൈവ ന ഭവിഷ്യാമഃ സര്‍വേ വയമതഃ പരം ‘
ഞാന്‍ ഒരുകാലത്തും ഇല്ലാതെയിരുന്നു, എന്നത് ഇല്ല- ഇല്ലാതിരുന്നിട്ടില്ല നീയും അതുപോലെ ഇല്ലാതിരുന്നിട്ടില്ല ഈ രാജാക്കന്മാരും ഇല്ലാതിരുന്നിട്ടില്ല. ഇനിമേലും നാമെല്ലാവരും ഇല്ലാതെപോകും എന്നതും ഇല്ലതന്നെ. (സാംഖൃയോഗം- 12) .തുടര്‍ന്നുള്ള അനുബന്ധ ശ്ലോകങ്ങളിലും ഇതിനൂന്നല്‍ നല്‍കുന്നവയാണ്. ഓരോ സൃഷ്ടിയിലുമിതു സംഭവിക്കും അങ്ങനെയുള്ള ഒരുസൃഷ്ടിയെ മാത്രമെടുത്ത് പരീക്ഷണ നിരീക്ഷണവിധേയമാക്കിയാല്‍ എന്തുമനസിലാക്കാനാണ്? ഭ്രൂണാവസ്ഥയില്‍ കിടക്കുന്ന കുഞ്ഞ് അമ്മയെ അറിയാന്‍ താന്‍കിടക്കുന്ന ഗര്‍ഭപാത്രവും തന്നെയും കീറിമുറിച്ചു പരിശോധിച്ചാല്‍ കുഞ്ഞിനമ്മയെ അറിയാന്‍കഴില്ല. മറിച്ച് പുറത്തുനിന്നു മറ്റൊരാള്‍ ഇതുപഠിച്ച് വിശദീകരിക്കണം. അപ്രകാരം പഠിച്ചവരാണ് പുരാണങ്ങളിലൂടെ നമുക്കായി അറിവുപകരുന്ന ബ്രഹ്മജ്ഞാനികള്‍. ഇപ്രകാരമുപദേശിക്കുമ്പോഴും നാം ജ്ഞാനിയായിരിക്കണം. എങ്കിലേയത് ഉള്‍ക്കൊള്ളാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: