അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം എം.എന്‍. അനിത, ദേവസേന എം.എന്‍, പത്മജ പി. എന്നിവര്‍ സംവിധായകന്‍ ശ്യാമപ്രസാദില്‍ നിന്ന് സ്വീകരിക്കുന്നു
കോട്ടയം: അനശ്വര സംവിധായകന്‍ ജി. അരവിന്ദനെ സ്മരിച്ചും പ്രതിഭകളെ ആദരിച്ചും അഭിനന്ദിച്ചും അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സമാപിച്ചു. സംവിധാനം, അഭിനയം, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങള്‍ വിഖ്യാത സംവിധായകന്‍ ശ്യാമപ്രസാദ് സമാപന സമ്മേളനത്തില്‍ സമ്മാനിച്ചു. ജനറല്‍ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മഹേഷ് മധു സംവിധാനം ചെയ്ത മൊളഞ്ഞിയും പ്രതീക് രാജേന്ദ്ര ശ്രീവാസ്തവ സംവിധാനം ചെയ്ത മൈ ഫാദര്‍ അഫ്രൈഡ് ഓഫ് വാട്ടറും പങ്കിട്ടു.
പ്രതീക് രാജേന്ദ്ര ശ്രീവാസ്തവയാണ് മികച്ച സംവിധായകന്‍. മൈ ഫാദര്‍ അഫ്രൈഡ് ഓഫ് വാട്ടറിലൂടെ മോഹന്‍ ആഗശേ മികച്ച നടനായി. മികച്ച നടിക്കുള്ള പുരസ്‌കാരം മൊളഞ്ഞിയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ശ്രീജ കെ.വി, എം.എന്‍. അനിത, ദേവസേന എം.എന്‍., പത്മജ പി. എന്നിവര്‍ പങ്കിട്ടു. എഡിറ്റര്‍ പീയുഷ് ഠാക്കൂര്‍ (ദ ഫസ്റ്റ്), ഛായാഗ്രാഹകന്‍ അശോക് മീന (സ്‌കൈവാര്‍ഡ്), തിരക്കഥ മഹേഷ് മധുവും ശര്‍മില്‍ ശിവരാമനും (മൊളഞ്ഞി) എന്നിവര്‍ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍.
ക്യാമ്പസ് വിഭാഗത്തില്‍ ഉത്സവ് സംവിധാനം ചെയ്ത ദ സെന്റ് ഓഫ് തുളസി മികച്ച ചിത്രമായി. മികച്ച സംവിധായകന്‍ നിഖില്‍ രാജേന്ദ്ര ശിന്‍ഡെ (ഡംപ്യാര്‍ഡ്), നടന്‍ പരമേശ്വരന്‍ കുരിയാത്തി (വാസു), നടി അശ്വതി രാമദാസ് (ബര്‍സ), എഡിറ്റര്‍ ചൈതന്യ വി. ഷേംബേക്കര്‍ (ഡംപ്യാര്‍ഡ്), ഛായാഗ്രാഹകന്‍ അഭിഷേക് സെയ്നി (ദ സെന്റ് ഓഫ് തുളസി), തിരക്കഥ നിപിന്‍ നാരായണന്‍ (ആ ദിവസത്തിന്റെ ഓര്‍മ്മയ്‌ക്ക്).
സാമൂഹിക ഉത്തരവാദിത്തത്തിനുള്ള പ്രത്യേക പുരസ്‌കാരം അരിവരസെന്‍ സംവിധാനം ചെയ്ത മണ്‍ ആശൈ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക