Samskriti

കൃഷ്ണന്റെയും രാധയുടെയും പ്രണയം പഠിപ്പിക്കുന്ന ജീവിത പാഠങ്ങള്‍

Published by

ഭൂമിയില്‍ പ്രണയം എന്നാല്‍ ആദ്യം ഓര്‍മ്മ വരുന്നത് പവിത്രമായ രാധാകൃഷ്ണ പ്രണയമാണ്. എന്നാല്‍ ഇന്നത്തെ തലമുറ പ്രണയത്തെ അവര്‍ക്കാവശ്യമായ രീതിയിലേക്ക് വളച്ചൊടിച്ചു എന്ന് നമുക്ക് നിസ്സംശയം പറയാം.

പവിത്രമായ രാധാ-കൃഷ്ണ പ്രണയം ചടുലവും തീക്ഷ്ണവുമാണ്. രാധയില്ലെങ്കില്‍ കൃഷ്ണനില്ല. യഥാര്‍ത്ഥ പ്രണയത്തിന് അര്‍ത്ഥങ്ങള്‍ നല്‍കിയത് ഇവരാണ്. പുരാണ പ്രണയം എന്നതിലുപരി അതില്‍ നിന്നും പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്ന് വിവാഹത്തിനും പ്രണയത്തിനും ഒരു വര്‍ഷത്തെ ആയുസ്സു പോലുമില്ലാത്ത ഈ കാലത്ത് ഈ ദിവ്യപ്രണയം നമുക്ക് നല്‍കുന്ന ചില പാഠങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രണയമല്ല ഭക്തി

ഭഗവാന്‍ കൃഷ്ണന് രാധയോട് പ്രണയത്തില്‍ കവിഞ്ഞ് ഭക്തിയായിരുന്നു. ശക്തീ ദേവിയുടെ അവതാരമായ രാധ വൃന്ദാവനത്തില്‍ കൃഷ്ണന്റെ ഓടക്കുഴല്‍ നാദം കേള്‍ക്കുമ്പോള്‍ തന്നെ എല്ലാം മറന്ന് നൃത്തം ചെയ്യും. അതായത് പ്രണയമാണെങ്കിലും വിവാഹമാണെങ്കിലും പരസ്പരം ബഹുമാനിക്കാനുള്ള കഴിവ് ഇരുവര്‍ക്കുമുണ്ടാവണമെന്നാണ് ഭഗവാന്‍ ഇതിലൂടെ നമ്മളോട് പറയുന്നത്.

ക്ഷമയാണ് എല്ലാം

കൃഷ്ണനേക്കാള്‍ പ്രായക്കൂടുതലുണ്ടായിരുന്ന രാധ, കൃഷ്ണന്‍ ജനിക്കുന്നതു വരെ അവരുടെ കണ്ണുകള്‍ തുറന്നില്ലെന്നാണ് ഐതിഹ്യം. അത്രയും ക്ഷമയോട് കൂടിയാണ് അവര്‍ കൃഷ്ണനെ വരവേറ്റത്. അതുപോലെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ക്ഷമയോട് കൂടി കാര്യങ്ങള്‍ ചെയ്താല്‍ വിജയത്തിലെത്തും എന്നാണ് രാധാ-കൃഷ്ണ പ്രണയം നമ്മോട് പറയുന്നത്.

ശക്തിയാണ് സ്‌നേഹം

കൃഷ്ണനെ തൃപ്പാദങ്ങളില്‍ വീഴാന്‍ കാത്തു നിന്ന ഒരുപാട് ഗോപികമാരുണ്ടായിരുന്നു വൃന്ദാവനത്തില്‍. എന്നാല്‍ എല്ലാവരേക്കാള്‍ കൃഷ്ണന്‍ പ്രാധാന്യം കൊടുത്തതും രാധയ്‌ക്കായിരുന്നു. രാധയുടെ സ്‌നേഹത്തിന്റെ ശക്തിയാണ് ഇവിടെ പ്രകടമാകുന്നത്.

ദൗര്‍ബല്യങ്ങള്‍ക്ക് സ്ഥാനമില്ല

കാളിയനെ വധിക്കാന്‍ കൃഷ്ണന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും കൃഷ്ണനെ പിന്തിരിപ്പിക്കുകയാണ് ഉണ്ടായത്. എന്നാല്‍ രാധയാവട്ടെ കൃഷ്ണന് കരുത്ത് പകര്‍ന്ന് കൂടെ ഉണ്ടായിരുന്നു എന്നതാണ് സത്യം. അതായത് ഏതെങ്കിലും പ്രതികൂല ഘട്ടങ്ങളില്‍. സ്‌നേഹിക്കുന്നവരുടെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യാതെ അവര്‍ക്ക് ശക്തി പകര്‍ന്ന കൂടെ നില്‍ക്കുകയാണ് വേണ്ടതെന്ന് രാധ-കൃഷ്ണ പ്രണയം നമ്മെ ബോധ്യപ്പെടുത്തുന്നു.

സ്‌നേഹത്തിനു വേണ്ടി ത്യാഗം ചെയ്യുക

വൃന്ദാവനം വിട്ടു കണ്ണന്‍ പോകുമ്പോള്‍ രാധ ഉള്‍പ്പടെ തനിക്ക് പ്രിയപ്പെട്ട എല്ലാത്തിനേയും ഉപേക്ഷിച്ചു പോവുകയാണെന്ന് ബോധ്യമുണ്ടായിട്ടും തന്റെ കടമകള്‍ നിര്‍വ്വഹിക്കാന്‍ ഭഗവാന്‍ പോയി എന്നതാണ്. എന്നിട്ടും അവരുടെ സ്‌നേഹത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല. അതുപോലെ അകന്നു പോവുന്തോറും ഇല്ലാതാവുന്നതല്ല സ്‌നേഹമെന്ന് മനസ്സിലാക്കണമെന്നാണ് കൃഷ്ണ രാധാ സ്‌നേഹം നമ്മെ പഠിപ്പിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by