Entertainment

മമ്മൂട്ടിക്ക് ക്യാന്‍സര്‍: അഭ്യൂഹങ്ങള്‍ തള്ളി മമ്മൂട്ടിയുടെ ടീം, താരം ആരോഗ്യവാനാണെന്ന് സ്ഥിരീകരണം

Published by

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി നടന്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മമ്മൂട്ടിയുടെ പിആർ ടീം. മമ്മൂട്ടി പൂർണ്ണമായും സുഖമായിരിക്കുന്നുവെന്ന് പിആര്‍ ടീം ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ഇവര്‍ അറിയിച്ചു.

 

മമ്മൂട്ടിക്ക് ക്യാന്‍സര്‍ ബാധിച്ചതായും ചികിത്സയ്‌ക്കായി ചിത്രീകരണത്തിൽ നിന്ന് പിന്മാറിയതായും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. ഒരു വിഭാഗം നെറ്റിസൺമാർ ക്യാന്‍സര്‍ കിംവദന്തികളെ നിരാകരിച്ചെങ്കിലും, അദ്ദേഹം സുഖമില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു.

 

എന്നാല്‍ ഈ ഊഹാപോഹങ്ങൾ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തതെന്നും വ്യക്തമാക്കുകയാണ് അദ്ദേഹത്തിന്റെ പിആര്‍ ടീം.

 

“അത് വ്യാജ വാർത്തയാണ്. റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാൽ അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്‌ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും,” മമ്മൂട്ടിയുടെ പിആർ മിഡ്-ഡേ പത്രത്തോട് പറഞ്ഞു.

 

മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂര്‍ത്തിയായിരുന്നു. മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനിൽ ഒന്നിക്കുന്നു ഈ മൾട്ടിസ്റ്റാർ. താൽക്കാലികമായി എംഎംഎംഎൻ (മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും അഭിനയിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by