കലിയുഗത്തില്‍ ഭക്തിക്കു പോഷകമായ മുഖ്യ ഉപായമാണ് നാമസങ്കീര്‍ത്തനം. ഭഗവാന്റെ നാമവും ഗുണങ്ങളും കീര്‍ത്തിക്കുകയും ഭഗവദ്കഥകള്‍ കേട്ടുകൊണ്ടും ഇരുന്നാല്‍ മനം പരിശുദ്ധമാകുന്നു. ”നാമസങ്കീര്‍ത്തനം യസ്യ സര്‍വപാപ പ്രണാശനം” എന്നാണ് ഭാഗവതത്തിന്റെ അവസാനം വ്യാസമഹര്‍ഷി പാടി നിര്‍ത്തിയത്. ഇതു തന്നെയാണ് ശ്രീരാമകൃഷ്ണ ദേവനും തന്റെ ജീവിതത്തിലൂടെ തെളിയിച്ചു കാട്ടിയത്. ”മഹദനുഗമലഭ്യാ ഭക്തിരേവാത്ര സാധ്യാ” (മഹാന്മാരുടെ സംസര്‍ഗ്ഗത്തില്‍ നിന്നുണ്ടാകുന്ന ഭക്തി തന്നെയാണ് സമ്പാദിക്കേണ്ടത്) എന്ന് കപിലവാസുദേവന്‍ അമ്മ ദേവഹൂതിക്ക് കൊടുക്കുന്ന കപിലോപദേശത്തില്‍ ആദ്യം തന്നെ പറയുന്നതും ഇവിടെ ശ്രദ്ധേയം (ശ്രീമന്നാരായണീയം ദശകം 15-1).
”പലതും പറഞ്ഞു പകല്‍ കളയുന്ന നാവു തവ
തിരുനാമകീര്‍ത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നു കേള്‍പ്പു ഹരിനാരായണായ നമഃ”
എന്ന ഹരിനാമകീര്‍ത്തനത്തിലെ എഴുത്തച്ഛന്റെ വരികളും നാമകീര്‍ത്തനത്തിന്റെ കാര്യത്തില്‍ ഏറെ പ്രസക്തമാണ്. ജ്ഞാനപ്പാനയില്‍ പൂന്താനവും നാമമഹിമയെ പാടിപ്പുകഴ്‌ത്തിയിട്ടുണ്ട്. ഇതെല്ലാം നിത്യജീവിതത്തില്‍ അക്ഷരംപ്രതിപകര്‍ത്തി ഭക്തര്‍ക്ക് മാതൃകകാട്ടിയ അവതാരവരിഷ്ഠനായിരുന്നു ശ്രീരാമകൃഷ്ണദേവന്‍. ഈശ്വരനാമം അല്ലാതെ, ഈശ്വരകാര്യങ്ങളല്ലാതെ ഒന്നുംതന്നെ ശ്രീരാമകൃഷ്ണ പരമഹംസര്‍ക്ക് പറയാനോ കേള്‍ക്കാനോ കഴിയുമായിരുന്നില്ല.
നിരന്തര നാമകീര്‍ത്തനത്തിലൂടെ ഭക്തനു ഭഗവാനില്‍ പ്രേമം ഉണ്ടാകുന്നു. ശ്രീരാമകൃഷ്ണദേവന് ഈശ്വരനോടുള്ള പ്രേമം ആണ് ഭക്തി. ഈശ്വരനിലുള്ള പ്രേമത്തെ രാഗഭക്തി എന്നു പറയുന്നു. ഈശ്വരനെ സ്‌നേഹിക്കണം. ഒന്നിനും വേണ്ടിയായിരിക്കരുത്. ഈ പ്രേമഭക്തി ലഭിച്ചാല്‍ ഈശ്വരനെ ബന്ധിക്കാനുള്ള കയറു കിട്ടി എന്നാണ് ശ്രീരാമകൃഷ്ണദേവന്‍ പറയുന്നത്. മനസ്സിനെ ബാഹ്യവസ്തുക്കളില്‍ നിന്നെല്ലാം മടക്കിയെടുത്ത് ഈശ്വരനില്‍ ബന്ധിക്കണം. ഈശ്വരന്റെ അടുത്തേക്ക് എത്ര അടുക്കുന്നുവോ അത്രയ്‌ക്കും അദ്ദേഹത്തിന്റെ ഭാവവും ഭക്തിയും ഉണ്ടാകും. പുഴ കടലിനോടടുക്കുന്തോറും കടലില്‍ നിന്നുള്ള വേലിയേറ്റവും വേലിയിറക്കവും കൂടിക്കൂടി വരുന്നതു പോലെ. ഭക്തന് ഭഗവാനെ വേണ്ടതുപോലെ ഭഗവാന്‍ ഭക്തനോടും ആയിത്തീരും.
”സര്‍വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ” എന്ന് ഭഗവാന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞതു തന്നെയാണ് ശ്രീരാമകൃഷ്ണദേവന്‍ സര്‍വ്വവും ത്യജിച്ച് ഭഗവാനെ പ്രാപിക്കാനായി സാധന ചെയ്യുവാനായി തന്റെ ഉത്തമ ശിഷ്യരോട് അരുളിയത്. ശ്രീരാമകൃഷ്ണന് ഗീതയുടെ സാരം ‘ത്യാഗി’ എന്നായിരുന്നു. ത്യാഗികള്‍ ഹരിരസം മാത്രമെ ആസ്വദിക്കു. ഈശ്വരനല്ലാതെ വേറൊന്നും പ്രിയമായി തോന്നുകയില്ല. ഈശ്വരന്റെ പാദപത്മങ്ങളില്‍ ഭക്തി ഉണ്ടാവാന്‍ വേണ്ടി സാധനകള്‍ അനുഷ്ഠിച്ച് അത്യന്തം വ്യാകുലതയോടെ കരഞ്ഞു വിളിക്കണം. ശ്രീരാമകൃഷ്ണദേവന്‍ തന്റെ ഈ ഭാഷിതങ്ങളെല്ലാം സ്വജീവിതത്തില്‍ ആചരിച്ചു കാണിച്ചിട്ടുള്ളതാണ്. അതാണ് അമൃതമൊഴികളായി നമുക്ക് വചനാമൃതത്തില്‍ ലഭ്യമായിരിക്കുന്നത്. ”ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍ വേദവാക്യങ്ങളാണ്” എന്ന് ശ്രീശാരദാദേവി ശിഷ്യരോട് പറയുമായിരുന്നു. ‘കലിയുഗഗീത’ എന്ന് ശ്രീരാമകൃഷ്ണവചനാമൃതത്തെ വിശേഷിപ്പിക്കുന്നതും അതിനാലാണ്.
പ്രേമഭക്തിയെക്കുറിച്ച് പറയുമ്പോള്‍ ഭഗവാന്‍ എപ്പോഴും ഗോപീ ഗോപന്മാരുടെ ശ്രീകൃഷ്ണപ്രേമം ഉദ്ധരിക്കാറുണ്ട്. വൃന്ദാവനത്തില്‍ ചെന്നപ്പോള്‍ ശ്രീരാമകൃഷ്ണദേവന്‍ ഗോപികയായി മാറി. വാക്കിലും നോട്ടത്തിലും നടത്തത്തിലും താന്‍ പുരുഷനാണെന്നത് മറന്ന് ഗോപികയായി. ഗോപികളുടേത് പ്രേമഭക്തി, അവ്യഭിചാരിണീഭക്തി, നിഷ്ഠാഭക്തി എന്ന് ഭഗവാന്‍ പുകഴ്‌ത്തി പറയുമായിരുന്നു. കൃഷ്ണന്റെ തലവേദനക്ക് പാദരേണുക്കള്‍ പുരട്ടിയാല്‍ മാറും എന്ന് കേട്ട് ഒരു സങ്കോചവും കൂടാതെ അവര്‍ തങ്ങളുടെ പാദരേണുക്കള്‍ എടുത്തു നെറ്റിയില്‍ പുരട്ടി. ”വന്ദേ നന്ദവ്രജസ്ര്തീണാം പാദരേണുമഭീക്ഷ്ണശഃ എന്ന് തുടങ്ങുന്ന വരികളില്‍ ഗോപികളുടെ കാലടികള്‍ പതിഞ്ഞ പാദരേണുക്കളെ ഉദ്ധവന്‍ നമസ്‌ക്കരിക്കുന്നത് ഭാഗവതത്തില്‍ ഹൃദ്യമായി വര്‍ണ്ണിക്കുന്നു. അവരെ നേരിട്ട് നമസ്‌ക്കരിക്കാന്‍ താന്‍ യോഗ്യനല്ല എന്ന് ഉദ്ധവന് തോന്നി. ഉദ്ധവന്‍ ആദരിച്ച ഈ ഗോപികളുടെ ഭക്തിയാണ് ഏറ്റവും ഉയര്‍ന്ന ഭക്തി എന്ന് ശ്രീരാമകൃഷ്ണദേവന്‍ പറയുമായിരുന്നു. വൃന്ദാവനത്തില്‍ വ്രജേശ്വരിയായ രാധയൂടെ കൃപ കൂടാതെ ശ്രീകൃഷ്ണദര്‍ശനം സാധ്യമല്ല എന്നു മനസ്സിലാക്കിയ ശ്രീരാമകൃഷ്ണദേവന്‍ വളരെക്കാലം രാധയെ ഉപാസിച്ചു രാധയായി മാറി. രാധാകൃഷ്ണന്മാരെക്കുറിച്ച് ഗോപികളെക്കുറിച്ച് ധാരാളം ഗാനങ്ങള്‍ തന്റെ മധുരസ്വരത്തിലൂടെ ശ്രീരാമകൃഷ്ണദേവന്‍ പാ
ടിയിട്ടുണ്ട്.
”രാധയെക്കാണുവാനേവര്‍ക്കുമാമോ
രാധതന്‍ പ്രേമമേവര്‍ക്കുമുണ്ടാമോ
നിത്യമാദ്ധനം, ദിവ്യമാം പ്രേമം
ലഭ്യമോ ഭൗതികസമ്പത്തിനാലേ?” എന്നാണ് ശ്രീരാമകൃഷ്ണദേവന്‍ ചോദിച്ചിരുന്നത്.
ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍ വൃന്ദാവനലീലകള്‍ രസകരമായി വര്‍ണ്ണിക്കുമായിരുന്നു. ഞാനെല്ലാം കൃഷ്ണമയമായിക്കാണുന്നു എന്ന് രാധ പറഞ്ഞപ്പോള്‍ അമ്പരന്ന സഖിയോട് രാധ പറഞ്ഞു ”സഖീ കണ്ണില്‍ അനുരാഗജ്ഞാനം എഴുതൂ. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തെ കാണാം!” രാധാകൃഷ്ണലീലയുടെ അര്‍ത്ഥം ഭക്തനും ഭഗവാനും പരസ്പരം രസവും രസികനും, പത്മവും ഭ്രമരവും ആയിത്തീരുന്നു എന്നാണെന്ന് ശ്രീരാമകൃഷ്ണദേവന്‍ പറയുമായിരുന്നു. വൃന്ദാവനത്തില്‍ ശ്രീരാമകൃഷ്ണദേവന്റെ മധുരഭക്തി ഭാവം ഉദാത്തമായി പ്രകാശിച്ചു.
‘ജീവികളെ പവിത്രമാക്കാനായി നദീരൂപത്തില്‍ എത്തിയ ബ്രഹ്മം’ തന്നെയായ ഗംഗയോട് ശ്രീരാകൃഷ്ണദേവന് പരമഭക്തിയായിരുന്നു. ഗംഗാതീരത്തു വസിച്ചാല്‍ തന്നെ അന്തഃകരണം ശുദ്ധമാകും എന്ന് അദ്ദേഹം അരുളിയുരുന്നു. തീര്‍ത്ഥാടനത്തിന് പോയപ്പോള്‍ വൃന്ദാവനത്തിലെന്ന പോലെ കാശിയില്‍ വച്ചും ഭക്തിപാരവശ്യം കൊണ്ട് അദ്ദേഹം സമാധിയിലേക്ക് പോയിരുന്നു.
നാരദീയഭക്തിയും പ്രഹഌദന്റെ അഹൈതുകീഭക്തിയും ഹനുമാന്റെ ദാസഭക്തിയും എല്ലാം ശിഷ്യരുമായിട്ടുള്ള സംവാദങ്ങളിലെ സജീവ വിഷയങ്ങളായിരുന്നു. ‘ഭക്തിക്ക് ജാതിയില്ല’ എന്ന സത്യവും ശിഷ്യരെ ബോധിപ്പിച്ചിരുന്നു. ”ഭക്തിക്ക് ജാതിഭേദം ഇല്ലാതാക്കാനും കഴിയും. ഭക്തിയുണ്ടായാല്‍ ദേഹവും മനസ്സും ജീവനും ഒക്കെ ശുദ്ധമാകും” എന്ന ശ്രീരാമകൃഷ്ണ ദേവന്റെ വാക്കുകള്‍ക്ക് ഇപ്പോള്‍ മുമ്പെന്നത്തേക്കാളം പ്രസക്തിയുണ്ട്.
(കേരള സര്‍വകലാശാല മുന്‍ അസി.രജിസ്ട്രാര്‍ ആണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: