കാഞ്ഞങ്ങാട്: ഒപ്പം പഠിച്ചവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരുമെല്ലാമായി വിരമിക്കുമ്പോള്‍ ബാലകൃഷ്ണന്‍ 65-ാം വയസില്‍ ഏട്ടന്റെ ആഗ്രഹം സാധിച്ച് എംഎക്കാരനായി. പൊതുപ്രവര്‍ത്തകനും സേവാഭാരതിയുടെ സജീവ പ്രവര്‍ത്തകനുമായ മാവുങ്കാല്‍ പുതിയകണ്ടത്തിലെ ‘അനുഗ്രഹ’യില്‍ താമസിക്കുന്ന കെ. ബാലകൃഷ്ണനാണ് ബിരുദാനന്തര ബിരുദധാരിയായത്.
എസ്എസ്എല്‍സി കഴിഞ്ഞ് 39 വര്‍ഷത്തിന് ശേഷം 2015 ലാണ് പഠിക്കണമെന്ന മോഹം തോന്നിയത്. വിവരമറിഞ്ഞപ്പോള്‍ ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലകും ആര്‍ക്കിടെക്റ്റുമായ ഏട്ടന്‍ കെ. ദാമോദരനാണ് പിജിക്കാരനായി കാണണമെന്ന് ആഗ്രഹം പറഞ്ഞത്. അങ്ങനെ 55-ാം വയസില്‍ വീണ്ടും പഠിച്ചുതുടങ്ങി. പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷകള്‍ ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ നിന്നും തുല്യത എഴുതി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. അതിന് ശേഷം സ്‌കോളര്‍ കോളജില്‍ പഠിച്ചാണ് ബിഎയും ബിരുദാനന്തര ബിരുദവും നേടിയത്.
നല്ല രീതിയില്‍ പഠിപ്പിക്കുകയും പ്രോത്സാഹനവും പിന്തണയും നല്‍കുകയും ചെയ്ത കാഞ്ഞങ്ങാട് സ്‌കോളര്‍ കോളജിലെ എല്ലാ അദ്ധ്യാപകര്‍ക്കും വിജയത്തില്‍ പങ്കുണ്ടെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. പിന്നെ ഏട്ടനും കുടുംബവും.
പഠിത്തം ഒരിക്കലും അവസാനിക്കുന്നില്ലെന്നും മനസ് വച്ചാല്‍ എല്‍എല്‍ബിക്കും പഠിക്കാമെന്ന് ബാലകൃഷ്ണന്‍ പറയുന്നു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പത്താം ക്ലാസുവരെ പഠിച്ചത്. പത്തില്‍ വിജയിച്ചെങ്കിലും തുടര്‍ന്ന് പഠിക്കാനായില്ല. അന്നത്തെ കാലത്ത് ഏട്ടനും അനിയനും ഒരുമിച്ച് ഉന്നതപഠനത്തിലേക്കെന്നത് കുടുംബത്തിന് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല.
അങ്ങനെ ഏട്ടന്‍ ബിരുദത്തിന് ചേര്‍ന്നപ്പോള്‍ അനിയന്‍ ഓട്ടുപാത്രനിര്‍മാണശാലയില്‍ പണിക്കുപോയി. ഓട്ടുപാത്ര പണിയെടുത്ത് കുടുംബം പുലര്‍ത്തിയ സി. കൃഷ്ണന്റെയും കല്യാണിയുടെയും മകന് അച്ഛന്റെ പാത പിന്തുടരേണ്ടിവന്നു. ഏഴാംതരത്തില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നീട് ഓട്ടുപാത്ര പണിശാല മുന്നോട്ടുകൊണ്ടുപോയത് മൂത്ത ജ്യേഷ്ഠന്മാരായ നാരായണനും കുഞ്ഞമ്പുമായിരുന്നു. അമ്മയും ഏഴുമക്കളുമടങ്ങുന്ന കുടുംബത്തില്‍ ആണ്‍മക്കളെല്ലാം പണിക്കുപോയാലേ കുടുംബം പുലരൂ എന്നതായിരുന്നു സ്ഥിതി.
എങ്കിലും സഹോദരങ്ങളിലൊരാളായ ദാമോദരനെ പഠിപ്പിച്ചു. അദ്ദേഹം ബിരുദവും ആര്‍കിടെക്ട് കോഴ്സുമെല്ലാം പാസായി. ബാലകൃഷ്ണനാകട്ടെ, ഓട്ടുപാത്ര പണിശാലയില്‍ നിന്ന് സ്വര്‍ണപ്പണിയിലേക്കും പിന്നീട് ജൂവലറിയിലേക്കും തിരിഞ്ഞു. കുറച്ച് മാസം ഗള്‍ഫിലും ജോലി ചെയ്തു. നാട്ടില്‍ കാരുണ്യപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. ഇതിനിടയില്‍ ബിജെപി രാഷ്‌ട്രീയത്തില്‍ സജീവമായി. 2000-05 വര്‍ഷത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡായ പുതിയകണ്ടത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് സേവാഭാരതിയുടെ ജനറല്‍ സെക്രട്ടറി, ഏച്ചിക്കാനം ബാലസദനം, അഭയം വൃദ്ധസദനം, ജനനി പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണിദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: