കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മന്റിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായ കൗശിക് ഗംഗോപാധ്യായയുടെ പുതിയ പുസ്തകം “The Majoritarian Myth: How Unscientific Social Theories create Disharmony’ സമൂഹത്തിലെ അസഹിഷ്ണുതയ്ക്ക് കാരണവും പ്രേരണയും ഭൂരിപക്ഷ ആധിപത്യമാണെന്ന മിഥ്യാധാരണയെ തകര്‍ക്കുന്നു. ഏത് വാഹനാപകടത്തിലും, സാഹചര്യത്തെക്കുറിച്ച് യുക്തിസഹമായ ഒരു വിശകലനവും നടത്താതെ ആളുകള്‍ വലിയ വാഹനത്തിന്റെ ഡ്രൈവറെ അകാരണമായി കുറ്റപ്പെടുത്തുന്നതു പോലെയാണ് ഇതും. ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ കാരണം ഇവിടുത്തെ ഹിന്ദു ഭൂരിപക്ഷമാണെന്ന മാധ്യമങ്ങളുടെയും അക്കാദമിക വിദഗ്ധരുടെയും ആരോപണങ്ങളെ ഈ പുസ്തകം വിശദമായി പരിശോധിക്കുന്നു.
‘അസഹിഷ്ണുതയുള്ള ഹിന്ദു ഭൂരിപക്ഷ’ ത്തെ ഹിന്ദുത്വ, ഹിന്ദു ഫാസിസം തുടങ്ങിയ ലേബലുകള്പതിപ്പിച്ച് കെട്ടുകഥകളുണ്ടാക്കുന്നതായി കൗശിക് ഗംഗോപാധ്യായര് നിരീക്ഷിക്കുന്നു. ഈ കഥകള്‍ സത്യമാണോ? സമൂഹത്തില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതയ്ക്കു യഥാര്‍ത്ഥ കാരണം എന്താണ്? ഈ ഗ്രന്ഥകാരന് കണ്ടെത്തിയ ‘സാമൂഹിക പരിണാമത്തിന്റെ രേഖീയ സിദ്ധാന്തം’ (Linear Theory of Social Evolution LTSE) മുന്‍നിര്‍ത്തി ഈ ആരോപണങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്നു.
ഒരു പതിറ്റാണ്ടിലേറെക്കാലം വിവിധ സംസ്കാരങ്ങളിലെ സമൂഹ്യ പ്രവണതകള്‍ ഗവേഷണം നടത്തി വിശകലനം ചെയ്തതിനുശേഷം, സമൂഹത്തില്‍ അസഹിഷ്ണുത സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും എല്‍ടിഎസ്ഇ വിശ്വാസികള്‍ ആണെന്ന് രചയിതാവ് കാണ്ടെത്തുന്നു. വളരെ ചെറിയ ഒരു ന്യൂനപക്ഷമാണെങ്കില്‍ പോലും അവര്‍ക്കു എല്ടിഎസ്ഇയിലുള്ള വിശ്വാസം സമൂഹത്തില്‍ അസഹിഷ്ണുതയ്ക്കും അക്രമത്തിനും കാരണമാകും. എന്നാല്‍ എല്‍ടിഎസ്ഇ വിശ്വാസമില്ലാത്ത ഭൂരിപക്ഷം അസഹിഷ്ണുത കാണിക്കുന്നേയില്ല.
കൗശിക് ഗംഗോപാധ്യായയുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:
ഈ പുസ്തകം എഴുതാന്‍ എന്താണ് താങ്കളെ പ്രേരിച്ചത്?
ഞാന്‍ ശാസ്ത്ര വിദ്യാര്ത്ഥിയായിരുന്നതിന്നാല്, ശാസ്ത്രീയ ആശയങ്ങള്‍ ഉപയോഗിച്ച് വസ്തുതകളെ വിശദീകരിക്കുന്നതിലുള്ള താല്‍പ്പര്യം കാലക്രമേണ സാമൂഹിക ശാസ്ത്രങ്ങളിലേക്കായി. സാമൂഹിക ശാസ്ത്രങ്ങളിലെ പല ആശയങ്ങളും അശാസ്ത്രീയവും സാമൂഹികക്ഷേമം ഉറപ്പാക്കുന്നവയല്ലെന്നും ഞാന്‍ കണ്ടെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തങ്ങളുടെ കാമ്പസിലെ ചിലരുടെ വംശഹത്യാ ആഹ്വാനങ്ങളെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രതിരോധിച്ചപ്പോള്‍, പലര്‍ക്കും വ്യക്തമായത് ശാസ്ത്രീയ ആശയങ്ങളുടെ അഭാവത്തില്‍ അക്കാദമിക് ലോകം എത്രത്തോളം യാഥാര്‍ത്ഥ്യബോധമില്ലാത്തതായി മാറിയിരിക്കുന്നു എന്നാണ്.
ഇത്തരം സംഭവങ്ങളെയെല്ലാം ആഴത്തില്‍ പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. വിദ്യാസമ്പന്നരായ ഇന്ത്യന്‍ മനസ്സിനെ സാരമായി ബാധിക്കുന്ന ചില സാമൂഹിക സിദ്ധാന്തങ്ങളുടെ പരിമിതികള്‍ തുറന്നുകാട്ടാന്‍ ഞാന്‍ തീരുമാനിച്ചു. കാലങ്ങളായി തുടര്‍ന്നു വരുന്ന ധാര്‍മ്മിക ധാരണകളെ അടിസ്ഥാനമാക്കി അക്കാദമിക സമൂഹത്തിന് ശരിയായ ദിശാബോധം നല്‍കാനും ശാസ്ത്രീയമായ ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉണ്ടാകാനും വേണ്ടിയാണ് പ്രധാനമായും ഈ പുസ്തകം രചിച്ചത്. ഇന്ത്യയെ ലോകത്തിന്റെ വിജ്ഞാന തലസ്ഥാനമായി മാറ്റണം എന്നതാണ് എന്റെ ആഗ്രഹം.
സാധാരണക്കാരന് വേണ്ടി എല്‍ടിഎസ്ഇ സിദ്ധാന്തം ലളിതമായി വിശദീകരിക്കാമോ?
സമൂഹത്തില്‍ സ്ഥിരമായി കണ്ടുവരുന്ന അസഹിഷ്ണുതയ്ക്ക് മുഖ്യകാരണം അസഹിഷ്ണുതയുള്ള ചില ആളുകള്‍ ഉള്ളതല്ല. ഭാരതീയ പാരമ്പര്യം തന്നെ ‘സര്‍വം ഖലു ഇദം ബ്രഹ്മ’ അതായത് പ്രപഞ്ച മനസ്സാക്ഷി എല്ലാത്തിലും നിറഞ്ഞിരിക്കുന്നു എന്നതാണ്. ഈ ആശയം ഒരു സാധാരണക്കാരനു പോലും അനുഭവപരമായ ധാരണയായതിനാല്‍ ഭാരതീയ സമൂഹത്തിന് അസഹിഷ്ണുതയെ ഒരിക്കലും അംഗീകരിക്കാനാവില്ല.
അസഹിഷ്ണുതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു സാമൂഹിക സിദ്ധാന്തത്തിന്റെ പിന്തുണയോടെ നടത്തുന്നതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത്തരക്കാരെ പൊതുവായി ഞാന്‍ എല്‍ടിഎസ്ഇ വിശ്വാസികള്‍ എന്ന് നിര്‍വചിച്ചിരിക്കുന്നു. എല്‍ടിഎസ്ഇ വിശ്വാസികള്‍ രണ്ട് കാര്യങ്ങള്‍ കര്‍ശനമായി മുറുകെ പിടിക്കും: ഒന്ന്, തെളിവുകളോ സാമൂഹിക അനുഭവമോ എന്തുതന്നെയായാലും, ‘സമൂഹത്തെ മെച്ചപ്പെടുത്താനും’ അതിനെ ‘പരിപൂര്‍ണ്ണമാക്കാനും’ തങ്ങള്‍ക്കു മാത്രമായുള്ള അവകാശം. രണ്ട്, തങ്ങളുടെതല്ലാത്ത വിശ്വാസം പുലര്‍ത്തുന്ന ‘അവിശ്വാസികളോട്’ വിവേചനം കാണിക്കും. ഇത്തരക്കാര്‍ തങ്ങളുടെ വിശ്വാസം അല്ലെങ്കില്‍ സിദ്ധാന്തങ്ങള്‍ മാത്രം പ്രചരിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. മാത്രമല്ല തങ്ങള്‍ നടത്തുന്ന അസഹിഷ്ണുതാപരമായ പ്രവര്‍ത്തനങ്ങളെ ശക്തിയായി ന്യായീകരിക്കുന്നവരുമാണ്.
എല്‍ടിഎസ്ഇ വിശ്വാസികളുടെ രണ്ട് സ്വഭാവസവിശേഷതകള്‍ നാം ശ്രദ്ധിക്കണം. ഒന്നാമതായി, ഇത്തരക്കാര്‍ക്ക് എത്ര അടിസ്ഥാനവിവരങ്ങള്‍ (Data) നല്കിയാലും അവരില്‍ മാറ്റം ഉണ്ടാകില്ല. ഒരിക്കല്‍ സ്ഥാപിക്കപ്പെട്ടാല്‍, ഈ സിദ്ധാന്തക്കാര്‍ തങ്ങളുടെ അനുഭവങ്ങള്‍ക്കതീതമായി ഇതില്‍ വിശ്വസിച്ചുകൊണ്ടേയിരിക്കും. ശാസ്ത്രീയമായി തെളിവ് ലഭിച്ചതിനുശേഷവും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന വസ്തുത ഇന്നും ചില ആളുകള്‍ നിഷേധിക്കുന്നത് പോലെയാണിത്. രണ്ടാമതായി, ഒരു എല്‍ടിഎസ്ഇ വിശ്വാസി മനുഷ്യരെ അവരുടെ യഥാര്‍ത്ഥ പ്രവൃത്തിയുടെയോ കര്‍മ്മത്തിന്റെയോ അടിസ്ഥാനത്തില്‍ അല്ലാതെ തങ്ങളുടെ പ്രത്യേക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരിക്കും.
സമൂഹത്തിലെ അസഹിഷ്ണുതയ്ക്ക് യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയാണ്?
അസഹിഷ്ണുതയുടെ മൂലകാരണം ‘നമ്മുടെ’ എന്നും ‘അന്യന്’ എന്നും വേര്‍തിരിക്കുന്ന ചിലരുടെ കാഴ്ചപ്പാടുകളാണ്. സാമാന്യമായി ഈ ‘അന്യത’ രണ്ട് തരത്തില്‍ സംഭവിക്കാം. ഒന്നാമതായി, രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു പൊതുസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കമോ, അല്ലെങ്കില്‍ അവര്‍ തമ്മില്‍ ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ കാരണമായോ അന്യത്വം ഉണ്ടാകാം. എന്നിരുന്നാലും, ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ ശാശ്വതമല്ലാത്തതിനാല്‍ തുടര്‍ന്നുണ്ടാകുന്ന മനുഷ്യാനുഭവങ്ങള്‍ അത്തരം സ്പര്‍ധകളെ ഇല്ലാതാക്കിയേക്കാം. അതായത് ജീവിതത്തില്‍ ഇത്തരം ‘അന്യത’ ഒരു പുതുക്കിയ മാനുഷിക അനുഭവത്തോടെ അവസാനിക്കും.
എന്നാല്‍ രണ്ടാമത്തെ തരത്തിലുള്ള അന്യത എല്ടിഎസ്ഇകളുടെതുപോലെ മനുഷ്യന്റെ അനുഭവവുമായി ബന്ധമില്ലാത്തതാണ്. ഒരു എല്‍ടിഎസ്ഇ വിശ്വാസി മാനുഷിക അനുഭവങ്ങളൊന്നുമില്ലാതെ തന്നെ’അന്യത’യ്ക്കുള്ള പ്രചോദനം സൃഷ്ടിക്കുന്നു. കാരണം ഒരു എല്‍ടിഎസ്ഇ വിശ്വാസിക്ക് തങ്ങളുടെ സിദ്ധാന്തപ്രതിജ്ഞാബദ്ധതയാല് ‘അന്യത’ എന്നത് ഒരിക്കലും ഒഴിവാക്കാനാവാത്തതാണ്. ഈ ‘വേര്‍തിരിവുകള്‍’ അസഹിഷ്ണുതയുടെ അങ്ങേയറ്റത്തെ തലമായ വംശഹത്യകള്ക്കുവരെ കാരണമാകുന്നു.
ഇന്ത്യന്‍ ഭരണഘടനയും ജുഡീഷ്യറിയും രാഷ്ട്രീയ സംവിധാനവും ഹിന്ദുക്കളോട് എന്നതിനേക്കാള്‍ ന്യൂനപക്ഷങ്ങളോട് കൂടുതല്‍ അനുകൂലമായി പെരുമാറുന്നുവെന്ന താങ്കളുടെ വാദത്തിനു എന്താണ് അടിസ്ഥാനം?
ഒന്നാമതായി, ഹിന്ദുക്കള്‍ക്കെതിരായ ഇന്ത്യന്‍ ഭരണഘടനയുടെ പക്ഷപാതം ഒരു മെച്ചപ്പെട്ട സമൂഹ സൃഷ്ടിക്ക് സഹായിച്ചിരുന്നെങ്കില്‍ എനിക്ക് അതില്‍ ഒരു എതിര്‍പ്പും ഉണ്ടാകുമായിരുന്നില്ല. പ്രത്യേകിച്ചും ഇന്ത്യന്‍ ഭരണഘടനയും പൊതുവായി ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനവും ഇന്ത്യന്‍ നാഗരികതയ്ക്ക് വിരുദ്ധമാണെന്നാണ് എന്റെ വാദം. ഈ അനാവശ്യപക്ഷപാതം വേരുകളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനും അതുവഴി സാമൂഹിക മൂല്യങ്ങള്‍ ഇല്ലാതാക്കാനും, മാത്രമേ ഉതകൂ.
ഭരണഘടനയിലെ ചില വ്യവസ്ഥകള്‍ ഇന്ത്യന്‍ നാഗരികതയുടെ സഹിഷ്ണുതാപരമായ സഹവര്‍ത്തിത്വത്തിനു വിരുദ്ധമാണ്. ഉദാഹരണത്തിന്, ആര്‍ട്ടിക്കിള്‍ 25 മതം പ്രചരിപ്പിക്കാനുള്ള അവകാശം നല്കുന്നു. ഇത് സ്വന്തം പാരമ്പര്യം ആഘോഷിക്കുകയും, അതിനെ കൂടുതല്‍ കൂടുതല്‍ മനോഹരമാക്കുകയും ചെയ്യുക എന്നതിന് കടകവിരുദ്ധമാണ്. ഇത് മറ്റുള്ളവരുടെ സംസ്കാരത്തെ ആദരിക്കുന്നതിനെ തെല്ലും പ്രോത്സാഹിപ്പിക്കുന്നില്ല. എന്തുകൊണ്ടെന്നാല്മതപ്രചാരകര് തങ്ങളുടെ സാമ്രാജ്യത്വ സാംസ്കാരിക അജണ്ടയ്ക്കുവേണ്ടി നടത്തുന്ന മതപരിവര്‍ത്തനം മറ്റു വിശ്വാസികളുടെ മേലുള്ള തങ്ങളുടെ വിജയമായി കാണുന്നു. എന്നാല്‍ ഭാരതത്തില്‍, നാം നമ്മുടെ സംസ്കാരം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനോ അനിവാര്യമായ പരിഷ്ക്കരണത്തിനോ ശക്തി പ്രയോഗിക്കുന്നതില്‍ വിശ്വസിക്കുന്നേയില്ല. ഒരാള്‍ മതം മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ഭരണഘടനാപരമായി മതം ആചരിക്കാനുള്ള അവകാശം അനുവദിച്ചാല്‍ മാത്രം മതി.
അതുപോലെ, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28,30 ഭാരതീയ ഗ്രന്ഥങ്ങള്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ അനുവദിക്കുന്നില്ലെങ്കിലും, ഹിന്ദു ഇതര മതങ്ങളുടെ സ്കൂളുകളില്‍ അവരുടെ മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ അനുവദിക്കുന്നു. ഇതിനാല്‍ നമ്മുടെ യുവാക്കള്‍ നമ്മുടെ നാഗരികതയുടെ മൂല്യങ്ങളെക്കുറിച്ച് തികച്ചും അജ്ഞരാണ്. നിര്‍ഭാഗ്യവശാല്‍ അനിവാര്യമല്ലാത്ത ആചാരങ്ങളെ (nonessential practices) ജുഡീഷ്യറി മതേതര ആചാരങ്ങളായി കണക്കാക്കുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് ഉത്ഭവിച്ച മതങ്ങള്‍ തങ്ങളുടെ മതപരമായ ആചാരങ്ങള്‍ ചില വിശുദ്ധ ഗ്രന്ഥങ്ങളോടു കടപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ത്യന്‍ ജുഡീഷ്യറി അവയെ അനിവാര്യമായ ആചാരങ്ങളായി (essential practices) കണക്കാക്കുന്നു. കോടതികളുടെ മതേതര ആശയങ്ങള്‍ ന്യൂനപക്ഷങ്ങളുടെ മത ആചാരങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ജുഡീഷ്യറിക്ക് കഴിയില്ല. എന്നാല്‍, ഭാരതീയ പാരമ്പര്യങ്ങള്‍ ഏതെങ്കിലും പുസ്തകങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതല്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന പാരമ്പര്യങ്ങളാണ്. എന്താണ് ആഘോഷിക്കേണ്ടതെന്നും, എങ്ങനെ ആഘോഷിക്കണമെന്നും എപ്പോള്‍ ആഘോഷിക്കണമെന്നും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തീരുമാനിക്കപ്പെട്ടവയാണ്. നിര്‍ഭാഗ്യവശാല്‍ അവയൊക്കെ നമ്മുടെ ജുഡീഷ്യറിക്ക് അനാവശ്യ ആചാരങ്ങളാണെന്നു മാത്രമല്ല, തങ്ങളുടെ മതേതര ധാരണകളും മൂല്യങ്ങളും അടിച്ചേല്‍പ്പിച്ച് ഹിന്ദു ആഘോഷങ്ങളെ തടയുകയും ചെയുന്നു.
ഇത്തരം വികൃതമായ മതേതര ആശയങ്ങള്‍ നമ്മുടെ നാഗരിക ധാര്‍മ്മികതയെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത പാശ്ചാത്യ സമ്പ്രദായങ്ങളില്നിന്നാണ് ഉത്ഭവിക്കുന്നത്. ഉദാഹരണത്തിന് ന്യൂദല്‍ഹിയിലെ ഒരു റോഡിന് ശിവാജിയുടെ പേര് നല്‍കുന്നതിനെ, തന്റെ വികലമായ മതേതരമായ ധാരണയില്‍ അത് ഭൂരിപക്ഷവാദമാകുമെന്നതിനാല് മതേതരനായ രാമചന്ദ്ര ഗുഹ എതിര്‍ത്തു. എന്നാല്‍ നമ്മുടെ സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ ശിവജിയെ വളരെ പ്രശംസിച്ചിരുന്നു. രാമചന്ദ്ര ഗുഹയുടേതുപോലുള്ള ഇത്തരം പരിഹാസ്യമായ തലതിരിഞ്ഞ മതേതര ലിബറല്‍ മൂല്യങ്ങള്‍ വേരുകളില്ലാത്ത അജ്ഞത നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാന്‍ മാത്രമേ ഉതകൂ എന്നതാണ് സത്യം.
രാഷ്ട്രീയ ക്രിസ്തുമതം, ഇസ്ലാംമതം (Political Christianity and Islam), കമ്മ്യൂണിസം, മാര്‍ക്സിസം, നാസിസം, വംശീയത, സാംസ്കാരിക മാര്‍ക്സിസം, ലിബറലിസം ഇവയെ എല്‍ടിഎസ്ഇ വിശ്വാസികളായും പ്രേരകരായും താങ്കള്‍ കണക്കാക്കാന്‍ കാരണം?
ചുരുക്കിപ്പറഞ്ഞാല്‍ ഈ ആശയങ്ങളെല്ലാം സാമ്രാജ്യത്വത്തെ, അനുകൂലിക്കുന്നവയാണ്. ഇവരെല്ലാം തങ്ങളുടെ സാമൂഹിക സിദ്ധാന്തങ്ങള്‍ എല്ലാ സമൂഹങ്ങളിലും സംസ്കാരങ്ങളിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. യോറാം ഹാസോണിയുടെ (Yoram Hazony) അവാര്‍ഡ് നേടിയ ‘ദ വെര്‍ച്യു ഓഫ് നാഷണലിസം’ എന്ന പുസ്തകത്തില്‍ ഈ ആശയങ്ങളെ സാമ്രാജ്യത്വവാദങ്ങള് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സന്ദര്‍ഭവശാല്‍ പറയട്ടെ, റാം മാധവും സ്വപന് ദാസ് ഗുപ്തയും ഇന്ത്യയെ പ്രതിനിധീകരിച്ച് വാഷിംഗ്ടണില്‍ അടുത്തിടെ സമാപിച്ച നാഷണല്‍ കണ്‍സര്‍വേറ്റിസം (NATCON) കോണ്‍ഫറന്‍സിന്റെ കണ്‍വീനറായിരുന്നു യോറാം ഹാസോണി.
ആധുനിക കാലത്തെ മറ്റൊരു പ്രശസ്ത ചിന്തകനായ യുവല്‍ നോഹ ഹരാരിയാവട്ടെ കമ്മ്യൂണിസം, നാസിസം, ലിബറലിസം എന്നിവയെ ഇസ്ലാമും ക്രിസ്തുമതവുമായി താരതമ്യം ചെയ്ത് ആധുനിക മതങ്ങളായിട്ടാണ് ‘സാപിയന്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്‍ഡ്’ എന്ന പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. ഹരാരിയുടെ ഈ വര്‍ഗ്ഗീകരണം എന്റെ നിരീക്ഷണങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നു.
ഇത്തരക്കാരുടെ സിദ്ധാന്തങ്ങള്‍ വിശദമായി പഠിച്ചാല്‍ അവര്‍ തങ്ങളുടെ ആശയവിനിമയത്തില്‍ ഞാന്‍ മുന്‍പ് സൂചിപ്പിച്ച എല്ടിഎസ്ഇയുടെ രണ്ട് പ്രത്യേകതകളും പ്രകടമാക്കുന്നുവെന്ന് വ്യക്തമാകും. എന്റെ പുസ്തകത്തിന്റെ മൂന്നാം ഭാഗത്തില്‍ ഇത് വിശദമായി ചര്‍ച്ചചെയ്യുന്നത് വായിക്കാന്‍ ഞാന്‍ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
ആര്‍എസ്എസ്ന്റെ ഹിന്ദുത്വ ആശയം എല്‍ടിഎസ്ഇ ആയി പരിഗണിക്കാനാവില്ലെന്ന് താങ്കള്‍ പറയുന്നത് എന്തുകൊണ്ടാണ്?
അനുഭവങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ആള് എന്ന നിലക്ക് ഒരു തുറന്ന മനസ്സോടെ നോക്കിയാല്‍ ഇപ്പോള്‍ ആര്‍എസ്എസില്‍ എല്‍ടിഎസ്ഇ കടുംപിടുത്തം ഉള്ളതായി ഞാന്‍ കണ്ടെത്തിയിട്ടില്ല. കാരണം, പ്രത്യേയശാസ്ത്രപരമായി ആര്‍എസ്എസിന്റെ സ്വാധീനമുള്ള സര്‍ക്കാരുകളുടെ (കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും) നയങ്ങള്‍ പരിശോധിച്ചാല്‍ അതിലൊന്നിലും ഞാന്‍ എല്‍ടിഎസ്ഇ സ്വാധീനത്താലുള്ള മറ്റു മതങ്ങളോടുള്ള ഒരു വേര്‍തിരിവും കാണുന്നില്ല.
ഉദാഹരണമായി മുസ്ലിങ്ങളാണ് ആര്‍എസ്എസിന്റെ ‘മറ്റുള്ളവര്‍’ എന്ന് അവരുടെ എതിരാളികള്‍ പറയുന്നു. എന്നാല്‍ 2014 മുതല്‍ ഭരിക്കുന്ന മോദി സര്‍ക്കാരോ, അവര്‍ ഭരണത്തിലിരിക്കുന്ന മറ്റു സംസ്ഥനങ്ങളിലോ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചനപരമായ ഒരു നടപടിയും എടുത്തിട്ടില്ല എന്നുമാത്രമല്ല രാജ്യത്തെ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ നേടാനുള്ള പരീക്ഷകളില്‍ വിജയിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് ബിജെപി സര്‍ക്കാരിന്റെ കാലത്ത് വര്‍ധിക്കുകയാണുണ്ടായത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വര്ഗീ യ കലാപങ്ങള്‍ കുറഞ്ഞു എന്ന് മാത്രമല്ല, മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള അഞ്ച് വര്‍ഷത്തെ കലാപങ്ങളുടെ വാര്‍ഷിക ശരാശരി 761 ആയിരുന്നുവെങ്കില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള അഞ്ച് വര്‍ഷത്തില്‍ ഇത് 680 ആയി കുറഞ്ഞു. അതിനാല്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന് എല്‍ടിഎസ്ഇ സ്വാധീനം ഉണ്ടെന്ന ഒരു വിവരവും ഇപ്പോള്‍ നമ്മുടെ പക്കലില്ല.
ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍?
ബംഗ്ലാദേശിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ മനസിലാക്കാന്‍, ബംഗ്ലാദേശിന്റെ സാമൂഹിക-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. വാസ്തവത്തില്‍, പാക്കിസ്ഥാനെ സൃഷ്ടിച്ച രാഷ്ട്രീയ ഇസ്ലാമിന്റെ വ്യക്തമായ നിരസിക്കലായിരുന്നു ബംഗ്ലാദേശിന്റെ രൂപീകരണം. രാഷ്ട്രീയ ഇസ്ലാം എന്ന എല്‍ടിഎസ്ഇ യുടെ പരിധിയില്‍ നിന്ന് ബംഗ്ലാദേശ് ജനത അവരുടെ ബംഗാളി സ്വത്വത്തിന് ഊന്നല്‍ നല്കി നേടിയ സ്വാതന്ത്ര്യം തീര്‍ച്ചയായും രാഷ്ട്രീയ ഇസ്ലാമെന്ന എല്ടിഎസ്ഇക്ക് ഒരു ഞെട്ടലായിരുന്നു. എന്നാല്‍ ഇന്നത്തെ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍, പ്രാദേശികമായി ഒരു പ്രദേശത്തെയും ഒരു ആശയത്തില്‍ നിന്നും പൂര്‍ണമായും മുക്തമാക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. ആഗോളതലത്തില്‍ ‘രാഷ്ട്രീയ ഇസ്ലാം’ ഇന്നലെവരെ സജീവമായി നില്ക്കുന്ന ഒരു ആശയമാണ്. ബംഗ്ലാദേശിലെ മുന്‍ ഭരണാധികാരികള്‍ രാഷ്ട്രീയ ഇസ്ലാമിനെതിരെ യുദ്ധം ചെയ്ത തുര്‍ക്കിയിലെ കെമാല്‍പാഷയുടെ അത്താതുര്ക്കുകളായിരുന്നില്ല. അവര്‍ തങ്ങളുടെ താല്‍പ്പര്യം നോക്കി സൗകര്യപ്രദമായ പാത തിരഞ്ഞെടുത്ത്, വിദ്യാഭ്യാസവും താഴ്ന്ന രാഷ്ട്രീയവും ക്രമേണ ഇസ്ലാമിസ്റ്റുകള്‍ക്ക് വിട്ടുകൊടുത്തു. ഒടുവില്‍, അത് അവരെ വലയം ചെയ്ത് വന്‍ ശക്തിയായി മാറി. ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭാരതത്തിനു വിലപ്പെട്ട പാഠങ്ങള്‍ നല്കുന്നു. സഹിഷ്ണുതക്കും അസഹിഷ്ണുതക്കും ഇടയിലെ മധ്യമാര്‍ഗം സമൂഹത്തെ സഹിഷ്ണുതയിലേക്കല്ല നയിക്കുന്നത്. അത് എല്ലായിപ്പോഴും കൂടുതല്‍ കൂടുതല്‍ അസഹിഷ്ണുതയിലെക്കായിരിക്കും നയിക്കുക.
അടുത്ത ലക്കത്തില്‍ അവസാനിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: