ഭാരതീയരായ നമ്മള്‍ ജാതി, മതം, വര്‍ഗം, വര്‍ണ്ണം, ലിംഗം, രാഷ്‌ട്രീയ ഭേദം എന്നിങ്ങനെ ഏതെങ്കിലും പേരെടുക്കാതെ ഒരുമിക്കുമ്പോള്‍, നമ്മെ ഒരുമിപ്പിക്കുന്ന ഒരു പദം ഉണ്ട് ഉപഭോക്താവ്. രാഷ്‌ട്രത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവിയായ രാഷ്‌ട്രപതി മുതല്‍ വഴിയരികിലെ യാചകനില്‍വരെ, ഓരോരുത്തരിലും ഉപഭോക്തൃത്വം സജീവമാണ്. ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഒരു രാഷ്‌ട്രധര്‍മ്മം എന്ന നിലയിലാണ് കണക്കാക്കേണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യമായി ഭാരതം മാറിയിരിക്കുന്നതിനാല്‍, ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.
‘ലോകാ: സമസ്താ: സുഖിനോ ഭവന്തു’ എന്ന ആശയം ഭാരതീയ വാണിജ്യ സംസ്‌കാരത്തിന്റെ അടിസ്ഥാനമായിരുന്നു. പ്രാചീന ഭാരതത്തില്‍, വ്യാപാരവും ഉപഭോക്താവും പരസ്പര ഹിതസംരക്ഷണത്തോടെ ധാര്‍മികമായ ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍, വൈദേശിക അധിനിവേശത്തോടൊപ്പം, ഈ സംസ്‌കാരം ക്രമേണ ചൂഷണ വ്യവസ്ഥയായി മാറി. വ്യാപാരം ലാഭം ലക്ഷ്യമാക്കിയ, ഉപഭോക്തൃ നന്മയെയും സംരക്ഷണത്തെയും മറന്ന, ഉഗ്രലാഭ ദൗര്‍ഭാഗ്യത്തിലേക്ക് വഴിമാറി. ഇത് ഉപഭോക്താക്കളെ മാത്രമല്ല, സമൂഹത്തേയും പ്രകൃതിയേയും ചൂഷണത്തിനിരയാക്കുന്നതിന് വഴിവച്ചു.
ഈ സാഹചര്യത്തില്‍, ഭാരതീയ ഉപഭോക്തൃ സംസ്‌കാരവും വൈദേശിക ഉപഭോക്തൃ രീതികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുകയും, ആത്മനിര്‍ഭര ഉപഭോക്തൃ സമൂഹം സൃഷ്ടിക്കാനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ‘പരസ്പര ഭവയന്തഃ’ എന്ന ഗീതാവചനത്തിന്റെ ആത്മാവിനനുസരിച്ച്, ഉപഭോക്താവിന്റെയും വ്യാപാരിയുടെയും പരസ്പര ഹിത സംരക്ഷണവും ധാര്‍മിക ബന്ധവും പുനഃസ്ഥാപിക്കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. നീതിപൂര്‍വ്വമായ, ചൂഷണമില്ലാത്ത, ഉപഭോക്താവിനൊപ്പമുള്ള വിപണിയും വ്യാപാരവും നമ്മുടെ ലക്ഷ്യമാവണം.
യോഗിയില്‍ നിന്നും ഭോഗിയിലേക്ക്
ഭോഗിയില്‍ നിന്നും രോഗിയിലേക്ക് !
ആഗോളവത്കരണവും ഉദാരവത്കരണവും ഭാരത വിപണിയെ ഗ്രസിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലഘട്ടങ്ങളില്‍ ഉപഭോക്തൃത്വം എന്നത് പ്രകൃതിക്ക് അനുഗുണമായ രീതിയിലുള്ള ഒരു ചാക്രിക പ്രക്രിയയായിരുന്നു മനുഷ്യന്‍ അവന്റെ ആവശ്യങ്ങളില്‍ മിതത്വവും ലാളിത്യവും പാലിച്ചിരുന്നു, കര്‍ഷകര്‍ അവന്റെ അധ്വാനത്തിലെ ഒരു പങ്ക് പ്രകൃതിക്കായി മാറ്റിവയ്‌ക്കുകയും പ്രകൃതി അവന് പത്തിരട്ടയായി അത് തിരിച്ചു നല്‍കുകയും ചെയ്തിരുന്നു. നിലനില്പിനായുള്ള ഈ പരസ്പര ആശ്രയത്വം ഐശ്വര്യ പൂര്‍ണമായ ജീവിതത്തിന് അനിവാര്യതയായിരുന്നു. കോര്‍പ്പറേറ്റ് ഭീമന്മാര്‍ നമ്മുടെ ഉപഭോഗ ശീലത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് മാറിയപ്പോള്‍ പ്രകൃതി ചൂഷണം, മാലിന്യ പെരുപ്പം, രോഗ സംക്രമണം എന്നിവയൊക്കെ നമുക്ക് നേരിടേണ്ടിവരുന്നത് നിത്യജീവിതത്തില്‍ വളരെ സാധാരണമായി.
പണ്ടത്തെ കച്ചവടക്കാരനും ഉപഭോക്താവും തമ്മിലുള്ള ബന്ധത്തില്‍ ഉപഭോക്താവിന് യാതൊരു നഷ്ടവും ഉണ്ടാകരുത് എന്നൊരു ധാര്‍മിക ബോധം കച്ചവടക്കാര്‍ക്കുണ്ടായിരുന്നു. ഇന്നത്തെ ഉപഭോക്തൃ സംസ്‌കാരം ലാഭേച്ഛ മാത്രമുള്ളതാകയാല്‍ യാതൊരു ധാര്‍മികതയും അതിലില്ല. സമൂഹത്തില്‍ സാമ്പത്തികമായി താഴെത്തട്ടിലുള്ള ആളുകള്‍ പോലും സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ബ്രാന്‍ഡുകള്‍, സ്‌പെഷ്യല്‍ ഓഫര്‍, ഫെസ്റ്റിവല്‍ ഓഫര്‍ എന്നീ ആധുനിക ഉപഭോക്തൃ കെണികളില്‍ പെട്ട് പണക്കാരെ അനുകരിക്കേണ്ടുന്ന അവസ്ഥയിലേക്ക് ഈ കപട ഉപഭോക്തൃ സംസ്‌കാരം അവരെ കൊണ്ടെത്തിച്ചു. ഇതിന്റെയൊക്കെ ഫലമായി സമൂഹത്തിന്റെ പല മേഖലകളിലും അരക്ഷിതാവസ്ഥ ഉണ്ടാവുകയും ‘കടം വാങ്ങി ജീവിക്കുന്ന സമൂഹം ‘ എന്ന് മലയാളി ആക്ഷേപിക്കപ്പെടുകയും ചെയ്തു. തല്‍ഫലമായി ശാരീരികവും മാനസികവും സാമ്പത്തികവുമായ തകര്‍ച്ചയിലേക്ക് എത്തപ്പെട്ട മലയാളി ആത്മഹത്യയിലേക്കും, ക്രൂരമായ കൊലപാതകങ്ങള്‍ ചെയ്യുന്ന മാനസിക അവസ്ഥയിലേക്കും അധഃപതിച്ചു.
ആധുനിക ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി ഉടലെടുത്ത ഭക്ഷണ സംസ്‌കാരങ്ങള്‍ നമ്മുടെ കുടുംബ വ്യവസ്ഥയെ, അടുക്കള എന്ന സങ്കല്പത്തെ പോലും തകര്‍ത്തു. ജനതയെ ഏതൊക്കെയൊ തരത്തിലുള്ള മാറാരോഗങ്ങള്‍ക്ക് അടിമകളാക്കി ഈ സംസ്‌കാരം മാറ്റുന്നു. ഗ്രാമങ്ങളില്‍ പോലും കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന കണ്ണാശുപത്രികളിലും ദന്താശുപത്രികളും, മെഡിക്കല്‍ സ്റ്റോറുകളും, പട്ടണങ്ങളിലെ ക്യാന്‍സര്‍ – ഡയബറ്റിക് സെന്ററുകളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും എല്ലാം തന്നെ ഈ കപട ഉപഭോക്തൃ വാദത്തിന്റെ ഗുഢലക്ഷ്യങ്ങള്‍ക്കായുള്ള സൃഷ്ടികളാണ്. ലോക ജനതയെ ഈ മാഫിയകളുടെ നിയന്ത്രണത്തിനടിമപ്പെടുത്തി ചിന്താശേഷി നഷ്ടപ്പെട്ട ഉപഭോക്താക്കളാക്കി – വിഡ്ഢികളാക്കി – നയിച്ചുകൊണ്ടു പോവുക എന്നതാണ് അവരുടെ ലക്ഷ്യം. ഈ അവസരത്തിലാണ് ഭാരതീയ വിചാരധാരയിലെ ‘ഗ്രാഹകന്‍ ‘ എന്ന സങ്കല്പത്തിന്റെ പ്രസക്തി മനസ്സിലാക്കേണ്ടത്.
ആരാണ് ഗ്രാഹകന്‍?
ഭാരതീയ ഉപഭോക്തൃ സംസ്‌കാരത്തില്‍ ‘ഗ്രാഹകന്‍’ എന്നത് ഉപഭോക്താവിനേക്കാള്‍ വിസ്തൃതവും തത്വചിന്താപരവുമായ ഒരു ആശയമാണ്. ഉപഭോക്താവ് സാധനങ്ങള്‍ വാങ്ങുകയും സേവനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഒരാളായി കണക്കാക്കപ്പെടുമ്പോള്‍, ഗ്രാഹകന്‍ അതിനുമപ്പുറത്തേക്ക് നീങ്ങി സാമൂഹിക ഉത്തരവാദിത്തമുള്ള, ധാര്‍മികതയെ മുന്‍നിര്‍ത്തിയുള്ള ഉപഭോഗ പ്രവണതയുള്ള വ്യക്തിയായി മാറുന്നു. ഒരു സാധാരണ ഉപഭോക്താവ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണമേന്മ, വില, സേവനം തുടങ്ങിയവ മാത്രം പരിഗണിക്കാറാണ് പതിവ്. എന്നാല്‍, ഒരു ഗ്രാഹകന്‍ ഉല്‍പ്പന്നത്തിന്റെ ഉത്ഭവം മുതല്‍ അതിന്റെ പാരിസ്ഥിതികാഘാതം വരെ വിശകലനം ചെയ്യുന്നു. അവന്‍ നിര്‍ഭാഗ്യകരമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍, തെറ്റായ പരസ്യപ്രചാരങ്ങള്‍, ഉപഭോക്തൃ അവകാശ ലംഘനങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധവാനാണ്.
ഗ്രാഹകന്‍ ഒരു ഉപഭോക്താവിനെക്കാള്‍ കൂടുതല്‍ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നു. ഒരു ഉത്തരവാദിത്വ ബോധമുള്ള ഗ്രാഹകന്‍ സാമൂഹിക നീതിയെയും നൈതിക മൂല്യങ്ങളെയും മുന്‍നിര്‍ത്തി വേണം തിരഞ്ഞെടുക്കല്‍ നടത്താന്‍. ഭാരതീയ സംസ്‌കാരത്തില്‍ ഉപഭോഗം ഒരു ഉത്തരവാദിത്വമായി കണക്കാക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള്‍, ഉപഭോക്താവിന്റെയും വാണിജ്യ മേഖലയുടേയും ബന്ധം ധാര്‍മികതയോടൊപ്പം പോകേണ്ടതാണെന്ന് ധര്‍മ്മശാസ്ത്രങ്ങളും പ്രാചീന ഗ്രന്ഥങ്ങളും പറയുന്നു. ‘വസുധൈവ കുടുംബകം’ എന്ന ആശയം ഒരു ഗ്രാഹകന്‍ ഉള്‍ക്കൊള്ളേണ്ടതും അതുവഴി സമൂഹത്തിനും പരിസ്ഥിതിക്കും ഗുണകരമായ ഉപഭോഗ രീതി സ്വീകരിക്കേണ്ടതുമാണ്.
ഭാവിയിലെ ഒരു നല്ല വിപണി വ്യവസ്ഥയ്‌ക്ക് ഉപഭോക്താക്കളാണ് കാതലായ ശക്തി. ഉപഭോക്താവിന്റെ അവബോധം ഉയരുമ്പോഴേ നീതിയുള്ള വാണിജ്യ സംസ്‌കാരവും ഉപഭോക്തൃ സൗഹൃദ നിയമങ്ങളും പ്രാബല്യത്തിലാവൂ. ഗ്രാഹകന്റെ സങ്കല്‍പ്പം ആഴത്തില്‍ ഉള്‍ക്കൊണ്ട ഉപഭോക്താക്കള്‍ക്കു മാത്രം കൃത്യമായ വിപണി നിയന്ത്രണം സാധ്യമാകൂ. വ്യാജവില്പന, വ്യാജ ലേബലിങ് , പരിസ്ഥിതി നാശം തുടങ്ങിയവക്കെതിരെ ബോധവാന്മാരാകുന്ന ഉപഭോക്താക്കള്‍ സമൂഹത്തിനും വരും തലമുറകള്‍ക്കും വലിയ ഉപകാരം ചെയ്യും.
നാം വെറും ഉപഭോക്താക്കളാകരുത്, ഉണര്‍ന്നുനില്ക്കണം, ബോധവാന്മാരാകണം. ഉണര്‍ത്തപ്പെട്ട തിരഞ്ഞെടുപ്പുകളിലൂടെ നീതിയിലേക്കും ജ്ഞാനത്തിലേക്കും മുന്നേറണം. ഉപഭോക്താവായ നാം അവകാശങ്ങളും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കി ന്യായമായ മാര്‍ഗ്ഗത്തില്‍ മുന്നേറുമ്പോഴേ ഉന്നതമായ വിപണി സംസ്‌കാരത്തെ ഉയര്‍ത്തിക്കൊണ്ടുപോകാനാകൂ!
ഭോഗിയില്‍ നിന്ന് രോഗിയിലേക്കെത്തിയ നാം ഗ്രാഹകത്വത്തിലൂടെ രോഗിയില്‍ നിന്ന് തിരിച്ച് യോഗിയിലേക്കെത്തുക.
(അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് പ്രചാര്‍ വിഭാഗ് സമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: