Entertainment

പിച്ച എടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല’; തുറന്നടിച്ച് സോന

Published by

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന നടിയാണ് സോന ഹെയ്ഡന്‍. തമിഴിലൂടെയാണ് സോന കരിയര്‍ ആരംഭിക്കുന്നത്. അജിത്ത് നായകനായ പൂവെല്ലാം ഉന്‍ വാസം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് വിജയ് നായകനായ ഷാജഹാനിലും അഭിനയിച്ചു. അധികം വൈകാതെ മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സോന താരമായി മാറുകയായിരുന്നു. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് സോന കയ്യടി നേടുന്നത്.

 

രണ്ടായിരങ്ങള്‍ മുതല്‍ 2015 വരെയുള്ള കാലത്ത് അഭിനയത്തില്‍ സജീവമായിരുന്നു സോന. സിനിമയ്‌ക്ക് പുറമെ ടെലിവിഷനിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്‌ക്ക് ശേഷം സോന തിരികെ വരികയാണ്. ഒടിടിയിലൂടെയാണ് സോനയുടെ തിരിച്ചുവരവ്. സ്‌മോക്ക് എന്ന വെബ് സീരീസ് എഴുതി സംവിധാനം ചെയ്താണ് തിരിച്ചുവരുന്നത്. തന്റെ തന്നെ ജീവിത കഥയാണ് സോന സീരിസിലൂടെ പറയുന്നത്.

 

ഇതിനിടെ പ്രമുഖ നടന്‍ വടിവേലുവിനെക്കുറിച്ച് സോന പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. വടിവേലുവിനൊപ്പം രജനീകാന്ത് നായകനായ കുസേലന്‍ എന്ന ചിത്രത്തിലാണ് സോന അഭിനയിച്ചത്. ഇരുവരുടേയും കോമഡി രംഗങ്ങള്‍ വലിയ ഹിറ്റായിരുന്നു. ഗ്ലാമര്‍ വേഷത്തിലും സോന കയ്യടി നേടി. എന്നാല്‍ ഇനിയൊരിക്കലും താന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നാണ് സോന പറയുന്നത്. കുസേലിന് ശേഷം വടിവേലുവിനൊപ്പം അഭിനയിക്കാന്‍ പതിനാറോളം സിനിമകളുടെ ഓഫര്‍ വന്നു. എന്നാല്‍ താന്‍ നിരസിച്ചുവെന്നാണ് സോന പറയുന്നത്.

 

തനിക്ക് ഒരു കോടി തന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. പിച്ചയെടുത്ത് ജീവിക്കേണ്ടി വന്നാല്‍ പോലും താന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നും സോന പറയുന്നുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ സോന പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. എന്നാല്‍ എന്താണ് സോനയുടെ ഇത്തരത്തിലുള്ള പ്രതികരണത്തിന് പിന്നിലെന്ന് വ്യക്തമല്ല. വടിവേലുവിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവങ്ങളാണ് നടിയുടെ നിലപാടിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

 

അതേസമയം തന്റെ സ്വന്തം കഥ പറയുന്ന വെബ് സീരീസിന്റെ തിരക്കിലാണ് സോന ഇപ്പോള്‍. സ്‌മോക്ക് എന്ന പേരിട്ടിരിക്കുന്ന വെബ് സീരീസ് ഷാര്‍പ്ഫ്‌ലിക്‌സ് ഒടിടിയിലൂടെയാണ് റിലീസാകുന്നത്. അതിന്റെ ഭാഗമായി പ്രൊമോഷന്‍ പരിപാടികളും അഭിമുഖങ്ങളുമൊക്കെയായി തിരക്കിലാണ് സോന ഇപ്പോള്‍. താന്‍ നേരത്തെ താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്നതിനാല്‍ തന്നെ ആളുകള്‍ മുന്‍വിധിയോടെയാണ് കണ്ടിരുന്നത്. അതിനാലാണ് താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നത് നിര്‍ത്തിയതെന്നും സോന പറഞ്ഞിരുന്നു.

 

ഒരു ഘട്ടം കഴിഞ്ഞതോടെ തനിക്ക് അഭിനയം തന്നെ ഇഷ്ടമില്ലാതെയായി. അതാണ് ഇടവേളയെടുക്കാന്‍ കാരണം. സില്‍ക്ക് സ്മിതയുടെ മരണ ശേഷം ജീവിതകഥ സിനിമയായി. അതുപോലെ നാളെ തന്റെ കഥയും സിനിമയായേക്കും. അതിനാലാണ് താന്‍ തന്നെ തന്റെ കഥ പറയാന്‍ തീരുമാനിച്ചതെന്നും സോന പറയുന്നുണ്ട്. ജീവിതത്തില്‍ താന്‍ ഒരുപാട് ദുരിതങ്ങള്‍ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ തനിക്ക് ആരേയും വിശ്വാസമില്ലെന്നും സോന പറഞ്ഞിരുന്നു. തന്റെ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച് വരുന്ന വഴിയില്‍ വച്ച് പോലും തന്നോടൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ വന്ന അനുഭവവും നേരത്തെ സോന പങ്കിട്ടിരുന്നു.

 

തന്റെ അച്ഛന്‍ തന്നെ മോശക്കാരിയാക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും സോന തുറന്ന് പറഞ്ഞിരുന്നു. സിനിമയിലേക്ക് വന്ന സമയത്ത് താന്‍ ഗ്ലാമര്‍ രംഗങ്ങള്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ രഹസ്യമായി ക്യാമറ വച്ച് മോശം ആംഗിളുകളില്‍ ചിത്രീകരിച്ച് തന്നെ വഞ്ചിക്കുകയായിരുന്നു. അതുകാരണം കുടുംബത്തോടൊപ്പം സിനിമ കാണാന്‍ പോയി നാണംകെട്ടിട്ടുണ്ടെന്നും താരം പറയുന്നു. പിന്നീട് എന്തുകൊണ്ട് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു കൂടാ എന്ന് താന്‍ ചിന്തിച്ചെന്നും അങ്ങനെയാണ് ഗ്ലാമര്‍ വേഷങ്ങളിലേക്ക് തിരിയുന്നതെന്നുമാണ് സോന പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by