തൃശൂര്‍: കരുവന്നൂര്‍ കേസില്‍ മുന്‍മന്ത്രിയും ആലത്തൂര്‍ എംപിയുമായ കെ. രാധാകൃഷ്ണനെതിരെയുള്ളത് ഗുരുതര ആരോപണങ്ങള്‍. രാധാകൃഷ്ണന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ ബിനാമി വായ്പ ഇടപാടുകള്‍ പലതും നടന്നിട്ടുള്ളത്. ഇക്കാര്യങ്ങള്‍ രാധാകൃഷ്ണന് അറിയാമായിരുന്നു എന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ അനുമാനം.
2016 മുതല്‍ 2018 വരെയാണ് കെ. രാധാകൃഷ്ണന് ജില്ലാ സെക്രട്ടറിയായിരുന്നത്. 2018 ല്‍ തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസുകളില്‍ ഒന്ന് കരുവന്നൂരിലെ തട്ടിപ്പുകാര്‍ ആയിരുന്നു. സംഘാടകസമിതിയുടെ ചുമതലയുണ്ടായിരുന്ന രാധാകൃഷ്ണന് ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നു. കോടികള്‍ ചെലവഴിച്ചാണ് സംസ്ഥാന സമ്മേളനം തൃശൂരില്‍ ആര്‍ഭാടമായി നടത്തിയത്. കരുവന്നൂരിലെ മുഖ്യപ്രതികളാണ് സ്പോണ്‍സര്‍മാരായിരുന്നത്. ഇക്കാര്യത്തില്‍ ഇ ഡി വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
2016ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന എ.സി. മൊയ്തീന് മന്ത്രിയായതിനെ തുടര്‍ന്നാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല കെ. രാധാകൃഷ്ണന് കൈമാറിയത്. എ.സി. മൊയ്തീന് ജില്ലാ സെക്രട്ടറിയായിക്കെ കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ നടന്നിരുന്നു. കരുവന്നൂരിലെ പ്രാദേശിക സിപിഎം പ്രവര്‍ത്തകരും സഹകാരികളും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എ.സി. മൊയ്തീന് പരാതി നല്‍കിയിരുന്നതാണ്. ഈ പരാതികള്‍ ജില്ലാ സെക്രട്ടറി ആയ ശേഷം കെ. രാധാകൃഷ്ണന് മുന്നിലും എത്തി. എന്നാല്‍ മൊയ്തീന്റെ പാത പിന്തുടര്ന്ന് രാധാകൃഷ്ണനും തട്ടിപ്പുകാര്‍ക്ക് സൗകര്യമൊരുക്കുകയായിരുന്നു.
ജില്ലാ കമ്മിറ്റിയില്‍ പോലും പരാതി ചര്‍ച്ചയ്ക്കെടുക്കാന്‍ രാധാകൃഷ്ണന് തയാറായിരുന്നില്ല. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വന്‍ തുക വ്യാജ വായ്പയിലൂടെ തട്ടിയെടുത്ത ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് സ്വര്‍ണം നല്‍കിയെന്ന വിവരവും ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. രാധാകൃഷ്ണന് ആവശ്യപ്പെട്ടത് പ്രകാരമായിരുന്നോ ഇതെന്നാണ് ഇ ഡി പരിശോധിക്കുന്നത്.
സിപിഎം തൃശൂര്‍ ഏരിയ കമ്മിറ്റിയുടെ ചുമതലയുള്ള നേതാവാണ് സ്വര്‍ണം കൈമാറാന്‍ ജ്വല്ലറി ഉടമയോട് ആവശ്യപ്പെട്ടത്. ഇത് രാധാകൃഷ്ണന്റെ അറിവോടെ ആണെന്നാണ് ഏരിയ നേതാവ് ഇഡിക്ക് നല്കിയ മൊഴിയിലുള്ളത്. അങ്ങനെയെങ്കില്‍ പാര്‍ട്ടി ഫണ്ടിലേക്ക് വാങ്ങിയതിനു പുറമേ തട്ടിപ്പുകാരില്‍ നിന്ന് വ്യക്തിപരമായും പ്രതിഫലം കൈപ്പറ്റിയതിന് രാധാകൃഷ്ണന് പ്രതിക്കൂട്ടിലാകും.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ മാര്‍ച്ചില്‍ ഹാജരാകാന്‍ കഴിയില്ല എന്നാണ് രാധാകൃഷ്ണന്റെ നിലപാട്. തമിഴ്നാട്ടില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കൂടി കഴിഞ്ഞ് ഏപ്രില്‍ ആറിന് ശേഷം കൊച്ചിയിലെ ഇ ഡി ഓഫീസിലെത്താം എന്ന് കാണിച്ച് ഇ ഡിക്ക് സന്ദേശം നല്കി എന്നും രാധാകൃഷ്ണന് ഇന്നലെ പറഞ്ഞു. ഹാജരാകാനുള്ള തീയതി സംബന്ധിച്ച് ഇതുവരെ ഇ ഡി മറുപടി നല്‍കിയിട്ടില്ല. സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച കണക്കുകളും ബാങ്ക് അക്കൗണ്ട് രേഖകളുമായി ഹാജരാകാനാണ് രാധാകൃഷ്ണനോട് ഇ ഡി ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം കരുവന്നൂര്‍ കേസില്‍ രാധാകൃഷ്ണനെ ഇ ഡി വിളിപ്പിച്ചത് പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ക്ലീന്‍ ഇമേജ് ഉണ്ടായിരുന്ന രാധാകൃഷ്ണന് കരുവന്നൂരിലെ ഇടപാടുകള്‍ അറിയാമായിരുന്നു എന്നത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുണ്ട്. എ.സി. മൊയ്തീന്, എം.എം. വര്‍ഗീസ്, എം.കെ. കണ്ണന്, പി.കെ. ബിജു എന്നീ മുതിര്‍ന്ന നേതാക്കളെ കേസില്‍ നേരത്തെ പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. എ.സി. മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി സംഘം അദ്ദേഹത്തിന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്ത ശേഷമാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ. രാധാകൃഷ്ണനും ഇ ഡിക്ക് മുന്നിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: