Kerala

മലപ്പുറം പൊന്നാനിയിൽ മൂന്നു ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

Published by

പൊന്നാനി: പശ്ചിമ ബംഗാള്‍ സ്വദേശികളെന്ന വ്യാജേന കേരളത്തിലെ വിവിധ ജില്ലകളില്‍ താമസിച്ചുവരുകയായിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്‍മാരെ പൊന്നാനി പോലീസും തീവ്രവാദ വിരുദ്ധ സേനയും ചേര്‍ന്ന് പിടികൂടി.

സൈഫുല്‍ മൊണ്ടല്‍ (45), സാഗര്‍ഖാന്‍ (36), മുഹമ്മദ് യൂസഫ് (22) എന്നിവരാണ് കാലടി നരിപ്പറമ്പിലെ ക്വാര്‍ട്ടേഴ്സില്‍നിന്ന് പിടിയിലായത്. എല്ലാവരും കൂലിപ്പണിക്കു പോകുന്നവരാണ്. ഒരു വര്‍ഷത്തിലേറെയായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് നരിപ്പറമ്പിലെത്തിയത്.

അനധികൃതമായി അതിര്‍ത്തി കടന്ന് പശ്ചിമബംഗാളിലെത്തി അവിടെനിന്ന് ഏജന്റ് വഴിയാണ് ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പൊന്നാനി പോലീസും തീവ്രവാദ വിരുദ്ധ സേനയും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ വിവിധയിടങ്ങളില്‍ ബംഗ്ലാദേശികള്‍ താമസിക്കുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by