കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് (സിപിഐ) എന്ന ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിലക്കയറ്റത്തോത് (ഇന്‍ഫ്ളേഷന്‍) 3.61 ശതമാനത്തിലേക്കെത്തുന്നു എന്ന വാര്‍ത്ത പല തലത്തില്‍ ശുഭകരമാണ്. സാധാരണക്കാരനെ സംബന്ധിച്ച് വിലക്കയറ്റം എന്ന ഭാരം കുറയുന്നുവെന്നല്ല, ഏറെ കുറയുന്നുവെന്നതാണ് ഫലം. എന്നാല്‍ ഇത് വിപണിയില്‍ ഏതൊക്കെ മേഖലയില്‍ നടപ്പില്വരുമെന്നതിനെ ആശ്രയിച്ചിരിക്കും ഗുണഫലം.
പഞ്ചസാരയ്ക്ക് വിലകൂടിയെന്ന കാരണത്താല്‍ ചായക്ക് വര്‍ദ്ധിച്ച വില, പഞ്ചസാര വില കുറയുമ്പോള്‍ ചാലവില്പ്പനക്കാര് കുറയ്ക്കാറുണ്ടോ എന്ന ചോദ്യമാണിവിടെ പ്രസക്തമാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന് (സിഎസ്ഒ) എന്ന വിവര ശേഖരണ വിശകലന സംവിധാനം തയാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് നാണ്യപ്പെരുപ്പ തോതെന്നോ വിലക്കറ്റത്തോത് എന്നോ വിളിക്കുന്ന ഇന്‍ഫ്ളേഷന്‍ നിരക്ക് പ്രഖ്യാപിച്ചത്. പലരും പ്രതീക്ഷിച്ചതില്‍നിന്ന് ഏറെ വ്യത്യസ്തമായി 3.61 ആണ് നിരക്ക്. നാലുശതമാനംവരെ ആയേക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. ഭാരതത്തിന്റെ സാമ്പത്തിക രംഗത്തെ ആകെയും വിപണിയെ പ്രത്യേകിച്ചും ഗുണപരമായി സ്വാധീനിക്കും പുതിയ നിരക്ക്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നാണയപ്പെരുപ്പം തടയാനും ഏറെ ആശ്വാസകരമായ നിരക്കായി പറയാറുള്ളത് നാലു മുതല്‍ ആറു ശതമാനത്തിനിടയ്ക്ക് എന്ന കണക്കാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പാ-പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിര്‍ത്തിയിരുന്നത് ഈ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത് ദാസില്‍നിന്ന് സഞ്ജീവ് മല്‍ഹോത്ര സ്ഥാനമേറ്റ് ആദ്യം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ത്തന്നെ റിപ്പോ നിരക്കില്‍ മാറ്റം ഉണ്ടാകുമെന്നും അതിനുള്ള സാധ്യത കാണുന്നുണ്ടെന്നും ചില സൂചനകള്‍ നല്‍കിയിരുന്നു. പിന്നീട് നടന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മീറ്റിങ്ങില്‍ റിപ്പോ നിരക്ക് 6.5 ശതമാനത്തിനിന്ന് 6.25 ആക്കി. ഈ നിരക്കിലെ കുറവ് ബാങ്കുകളുടെ വായ്പ്പാ പലിശ നിരക്കില്‍ സാരമായ മാറ്റം ഉണ്ടാക്കും. ദേശസാല്‍കൃത ബാങ്കുകള്‍ നിരക്കുകുറവ് നടപ്പാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ നിരക്ക് 3.61 ശതമാനമായതോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂടുമെന്നകാര്യം നിസ്സംശയമാണ്. നാണ്യപ്പെരുപ്പത്തോത് കുറയുമ്പോള്‍ അടുത്ത ദൈ്വമാസ വിലയിരുത്തലില്‍ റിപ്പോ നിരക്ക് കാര്യമായി കുറയും. അതിനനുസരിച്ച് ബാങ്കുകള്‍ വായ്പയുടെ പലിശ നിരക്ക് കുറയ്ക്കും. അത് സാധാരണക്കാരന് ആശ്വാസമാകും. സ്വാഭാവികമായും വിപണി ഉണരും. സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരും. നാലുശതമാനത്തില്‍ നാണ്യപ്പെരുപ്പമെത്തിയാല് 7 ശതമാനം വരെ വളര്‍ച്ചാ നിരക്കാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പ്രവചിച്ചത്. ഇപ്പോള്‍ 3.61 ആയതോടെ പ്രതീക്ഷ പിന്നെയും കൂടുകയാണ്.
ഭാരതം അതിന്റെ സമ്പദ് മേഖലയിലെ സങ്കല്‍പ്പം സാക്ഷാല്‍ക്കരിക്കാന്‍ ഈ ഘട്ടത്തില്‍ 8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കൈവരിക്കേണ്ടിയിരിക്കുന്നത്. അതാണ് വികസിത സാമ്പത്തിക സ്ഥിതിക്ക് ആവശ്യം. ധനക്കമ്മി മൂന്നു ശതമാനത്തില്‍ ഒതുങ്ങുകയും വേണം. എന്നാല്‍ പുതിയ വാര്‍ത്ത, നാണ്യപ്പെരുപ്പം 3.61 ശതമാനം എന്നത് വലിയൊരു കുതിച്ചു ചാട്ടത്തിന് വകനല്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: