Kerala

പി. ജയരാജന്‍ വീണ്ടും സെക്രേട്ടറിയറ്റിന് പുറത്ത്; വെട്ടിയത് പിണറായി, പി. ശശിയെ മറുപക്ഷം വിലക്കി

Published by

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക് ഇത്തവണയും പി. ജയരാജനേയും പി. ശശിയേയും കയറ്റാനായില്ല. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമടങ്ങുന്ന കണ്ണൂരിലെ ഔദ്യോഗിക വിഭാഗം ആസൂത്രിതമായി നടത്തിയ നീക്കമാണ് പി. ജയരാജനെ ഒഴിവാക്കിയതെന്ന ആരോപണം പാര്‍ട്ടിക്കുളളില്‍ത്തന്നെ ഉയര്‍ന്നു കഴിഞ്ഞു.

സീനിയറായ പി. ജയരാജനെ പരിഗണിക്കാതെ പാര്‍ട്ടിക്കുള്ളില്‍ ജൂനിയറായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ എം.വി. ജയരാജനെ പുതുതായി ഉള്‍പ്പെടുത്തുകയും പാര്‍ട്ടിയെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ഇ.പി. ജയരാജനേയും സെക്രേട്ടറിയറ്റില്‍ നിലനിര്‍ത്തുകയും ചെയ്തു. കാലങ്ങളായി പി. ജയരാജനോടുള്ള പിണറായിയുടെ വിരോധമാണ് സെക്രേട്ടറിയറ്റിലെത്തുന്നതിന് ജയരാജന് വിനയായത്. പ്രായ പരിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരിക്കലും പി. ജയരാജന് പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളിലേക്കെത്താന്‍ പറ്റാത്ത സാഹചര്യവും സമ്മേളനത്തോടെ ഉണ്ടായിരിക്കുകയാണ്.

സംസ്ഥാന കമ്മിറ്റിയിലെതന്നെ സീനിയര്‍ നേതാവായ പി. ജയരാജനെ അവസാന ടേമെന്ന പരിഗണന നല്കി ഇക്കുറി സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക് ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. വ്യക്തിപൂജയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ഒതുക്കപ്പെട്ട പി. ജയരാജനോടുള്ള അപ്രിയം ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന് മാറിയില്ലെന്നതിന്റെ തെളിവായാണ് അവസാന ടേമില്‍ എങ്കിലും പരിഗണിക്കപ്പെടണമെന്ന ആവശ്യം നടപ്പാകാതെ പോയത് എന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. എഴുപത്തിരണ്ടു വയസ് പിന്നിട്ട പി. ജയരാജനെ സംസ്ഥാന കമ്മിറ്റി അംഗമായി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇനി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്താന്‍ സാധ്യത തീരെ ഇല്ല. പി.കെ. ശ്രീമതിയാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് 75 വയസ് പിന്നിട്ടതിനാല്‍ ഒഴിവാക്കപ്പെട്ട കണ്ണൂരില്‍ നിന്നുള്ള മറ്റൊരു നേതാവ്. പി.കെ. ശ്രീമതിയുടെ ഒഴിവിലേക്കാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി. ജയരാജനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പി. ശശിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന താത്പര്യം മുഖ്യമന്ത്രിക്കുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുണ്ടായെന്നാണ് വിവരം. ഒടുവില്‍ സമവായ പേരുകളിലൊന്നായി എം.വി. ജയരാജന്റെ പേര് ഉയര്‍ന്നുവരികയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും പി.വി. അന്‍വറുമായുണ്ടായ വിവാദങ്ങളും പോലീസ് ഭരണത്തില്‍ സംഭവിച്ച പാളിച്ചകളുമാണ് പി. ശശിയുടെ വഴിയടച്ചത്. സംസ്ഥാന കമ്മിറ്റിയംഗമായിത്തന്നെ തുടരുന്ന പി. ശശിക്കും അപ്രതീക്ഷിത തിരിച്ചടിയാണ് സംസ്ഥാന സമ്മേളനത്തില്‍ നേരിട്ടിരിക്കുന്നത്.

എന്നാല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സീനിയര്‍ നേതാവായ ഇ.പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിലനിര്‍ത്തുകയാണ് ചെയ്തത്. എതിര്‍പ്പുകളെയും വിവാദങ്ങളെയും വിമര്‍ശനങ്ങളെയും മറികടന്ന് ജയരാജന്‍ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയത് പിണറായിയും എം.വി. ഗോവിന്ദനുമുള്‍പ്പെടെയുള്ള കണ്ണൂരില്‍ നിന്നുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയോടെയാണെന്നാണ് സൂചന. ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ പാര്‍ട്ടിക്കുള്ളില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്ത ഇ.പി. ജയരാജനെ നിലനിര്‍ത്തുകയും പി. ജയരാജനെ ഒഴിവാക്കുകയും ചെയ്തത് കണ്ണൂരിലെ പി. ജയരാജ അനുകൂലികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു കഴഞ്ഞു. പി. ജയരാജനെ ഉള്‍പ്പെടുത്താതിരുന്നതും ഇപിയെ ഉള്‍പ്പെടുത്തിയതും വരും നാളുകളില്‍ സംസ്ഥാനത്തേയും പ്രത്യേകിച്ച് കണ്ണൂരിലേയും സിപിഎമ്മില്‍ ശക്തമായ വിഭാഗീയതയ്‌ക്ക് വഴി തുറക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by