Samskriti

ആറ്റുകാല്‍ പൊങ്കാലയും ഐതിഹ്യവും

Published by

തലസ്ഥാന നഗരിയിലെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കിള്ളിയാറിന്റെ തീരത്ത് ആറ്റുകാല്‍ എന്ന സ്ഥലത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാല്‍ പൊങ്കാല പ്രശസ്തമാണ്.

കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുന്‍പ്, അതായത് കാര്‍ത്തിക നാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്.

ഐതിഹ്യം

കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു പ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോള്‍ ധാരാളം സമ്പത്ത് നല്കി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂര്‍ണ്ണമായ വിവാഹജീവിതത്തിനിടെ മാധവി എന്ന നര്‍ത്തകിയുമായി കോവലന്‍ അടുപ്പത്തിലായി.

കണ്ണകിയെയും തന്റെ കുടുംബത്തെയും മറന്ന് തന്റെ സമ്പത്തു മുഴുവന്‍ അവള്‍ക്കടിയറവെച്ച് കോവലന്‍ ജീവിച്ചു. എന്നാല്‍ സമ്പത്ത് മുഴുവന്‍ തീര്‍ന്നപ്പോള്‍ ഒരു ദിവസം കോവലന്‍ തെരുവിലേക്കെറിയപ്പെടുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ കോവലന്‍ കണ്ണകിയുടെ അടുത്ത് തിരികെ എത്തി. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിട്ടു. എന്നാല്‍ തങ്ങളുടെ സമ്പാദ്യമെല്ലാം തീര്‍ന്ന കോവലന്‍ പണത്തിനുവേണ്ടി പവിഴം നിറച്ച കണ്ണകിയുടെ ചിലമ്പ് വില്‍ക്കാന് തീരുമാനിച്ചു.

ഇതിനായി ഇരുവരും ഒരുമിച്ച് മധുരയിലേയ്‌ക്ക് പുറപ്പെട്ടു. ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്നിയുടെ മുത്തുകള്‍ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തില്‍ നിന്നു മോഷണം പോയിരുന്നു. കൊട്ടാരം തട്ടാനായിരുന്നു ഈ ചിലമ്പ് മോഷ്ടിച്ചത്. ചിലമ്പ് വില്‍ക്കാനായി അവര്‍ എത്തിയത് ഈ തട്ടാന്റെ അടുത്തായിരുന്നു.അവസരം മുതലാക്കി തട്ടാന് കോവലനാണ് ചിലമ്പ് മോഷ്ടിച്ചതെന്ന് പാണ്ഡ്യ രാജാവിനെ അറിയിച്ചു. ചിലമ്പ് അന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പില് കോവലന്‍ അകപ്പെട്ടു.

പാണ്ഡ്യരാജസദസ്സില്‍ രാജാവിനുമുമ്പില്‍ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പില്‍ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടര്‍ന്നു രാജാവ് കോവലനെ ചെയ്യാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി. വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതില്‍നിന്ന് പുറത്തുചാടിയ പവിഴങ്ങള്‍ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താല്‍ മരിച്ചു.

പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവള്‍ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ അഗ്നിജ്വാലകള്‍ ഉയര്‍ന്ന് മധുരാനഗരം ചുട്ടെരിഞ്ഞു. തുടര്‍ന്ന് കണ്ണകി മധുരാനഗരം ഉപേക്ഷിച്ചു.

ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരിക്കല്‍ കിള്ളിയാറ്റില്‍ കുളിക്കുമ്പോള്‍ ആറിന് അക്കരെ കണ്ണകി ബാലികാരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാന്‍ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവര്‍ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ക്കായി അകത്തേക്ക് പോയ കാരണവര്‍ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി.

അന്ന് രാത്രിയില്‍ കാരണവര്‍ക്ക് സ്വപ്നദര്‍ശനം ഉണ്ടായി. സ്വപ്നത്തില്‍ ആദിപരാശക്തിയായ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവില്‍ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താന്‍ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തില്‍ ദര്‍ശനമുണ്ടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളില്‍ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു.

ദാരികവധത്തിന് ശേഷം സൗമ്യഭാവത്തില്‍ വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ്. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാര്‍വ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന വിശ്വാസത്തില്‍ നിന്നാണ് ശാക്തേയര്‍ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് പാര്‍വതിയുടെ പര്യായമായി തീരുകയായിരുന്നു എന്നാണ് ഐതിഹ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by