Literature

കവിത: ബാക്കിപത്രം

Published by

നിവരും തലമുറയ്‌ക്കായി നമ്മള്‍
ഇനിയെന്ത് നല്‍കുവാന്‍
ബാക്കി വയ്‌ക്കും
കാലം കടന്നൊരു സ്മൃതി പഥങ്ങള്‍
കത്തിയമരുന്നു നീതി ശാസ്ത്രം

കാടുകള്‍ കയ്യേറി കുരുതിയാടി
കാടിന്റെ മക്കളെ കെണിയിലാക്കി
കാടുകള്‍ അരുവികള്‍ പോയ് മറഞ്ഞു
കാണാതെയായി ഋതുക്കളെല്ലാം

മലതുരന്ന് മാറുപിളര്‍ന്നവര്‍ നമ്മള്‍
മണ്ണളന്നടിവേരറുത്തവര്‍ നമ്മള്‍
മലയന്റെ മനസ്സിന്റെ കണ്ണുനീര്
മലവെള്ളം പോലെ ഒഴുകിയിട്ടും

കണ്ടിട്ടും കാണാതെ പോയ നമ്മള്‍
കാലടിച്ചോട്ടിലെ മണ്ണും കവര്‍ന്ന്
കാണാക്കയത്തിലാഴ്ന്നിടുമ്പോള്‍
ഇനിയെന്ത് നല്‍കുവാന്‍
ബാക്കി വയ്‌ക്കും

പുകയാകെ നിറയും
ശ്വാസവായുവിന് തിരയും
അകമാകെ പകയുടെ
അര്‍ബുദം പരന്നിടും
ഇനിയെന്ത് നല്‍കുവാന്‍
ബാക്കി വയ്‌ക്കും

നിറങ്ങളില്ലാതെ
വര്‍ണ്ണ ശലഭങ്ങളില്ലാതെ
നിഴല്‍ പോലും കൂട്ടൊഴിഞ്ഞ
കാലത്ത്
ഇനിയെന്ത് നല്‍കുവാന്‍
ബാക്കി വയ്‌ക്കും

അതിരട്ട മതിലുകള്‍ ഹൃദയം പിളര്‍ത്തി
അകലുകയായി നമ്മളെല്ലാം
പരസ്പരം അറിയാതെയായി നമ്മളെല്ലാം
ഇനിവരും തലമുറയ്‌ക്കായി നമ്മള്‍
ഇനിയെന്ത് നല്‍കുവാന്‍
ബാക്കി വയ്‌ക്കും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by