മാര്‍ച്ച് അഞ്ചാം തീയതി ലണ്ടനില്‍ നടന്നൊരു പൊതു പരിപാടിക്ക് ശേഷം മടങ്ങുകയായിരുന്ന ഭാരതത്തിന്റെ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിന്റെ സമീപത്തേയ്‌ക്ക് ഖാലിസ്ഥാന്‍ അനുകൂലികള്‍ സുരക്ഷാ വലയം ഭേദിച്ചെത്തി. ഖാലിസ്ഥാന്‍ വിഷയത്തില്‍ ബ്രിട്ടന്റെ മുന്‍കാല നിലപാടുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഈ സുരക്ഷാ വീഴ്ചയെ സംശയത്തോടെ കണ്ടാല്‍ തെറ്റ് പറയാനാവില്ല.
പ്രധാനമന്ത്രിയുടെയും ഭാരതത്തിന്റെ മറ്റ് പ്രതിനിധികളുടെയും വിദേശ സന്ദര്‍ശന വേളയില്‍ ഖാലിസ്ഥാനി-ഇസ്ലാമിക സംഘടനകളുടെയും നിരവധി എന്‍ജിഒകളുടെയും പ്രതിഷേധങ്ങള്‍ സ്ഥിരമായുണ്ടാകാറുണ്ട്. കാശ്മീരിലടക്കമുള്ള വിഷയത്തില്‍ ഭാരതത്തിന്റെ കൃത്യമായ നിലപാട് ലണ്ടനിലെ പ്രശസ്തമായ ചാത്താം ഹസില്‍ വച്ച് ജയശങ്കര്‍ പ്രഖ്യാപി
ച്ചതിന് ശേഷമാണ് ഈ ആക്രമണശ്രമമുണ്ടായത്. ഭാരത പതാകയെ വിഘടനവാദികള്‍ അപമാനിക്കുകയും ചെയ്തു. ഏതൊക്കെ ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ‘ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍’ (ഐഎസ്‌വൈഎഫ്), ‘ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ്’ (കെഎല്‍എഫ്), പന്നൂണിന്റെ ‘സിഖ് ഫോര്‍ ജസ്റ്റിസ്’ എന്നിവയുടെ സാന്നിധ്യമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ സമാനമായി നടന്ന പ്രതിഷേധങ്ങളില്‍ നിരവധി ഇസ്ലാമിക സംഘടനകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ജമാ അത്ത് ഇസ്ലാമി, മുസ്ലിം ബ്രദര്‍ഹുഡ് തുടങ്ങിയ ഭീകരവാദ ഗ്രൂപ്പുകള്‍ നേതൃത്വം നല്‍കുന്ന പ്രവാസി സംഘടനകളുടെയും എന്‍ജിഒകളുടെയും സാന്നിധ്യമാണ് കണ്ടെത്തിയിട്ടുള്ളത്.
ബ്രിട്ടീഷ് രാഷ്‌ട്രീയവും ഖാലിസ്ഥാനികളും
കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടി എന്നിവയാണ് ബ്രിട്ടനിലെ രണ്ട് പ്രബല രാഷ്‌ട്രീയ കക്ഷികള്‍. നിലവില്‍ അഞ്ച് ലക്ഷത്തിലധികം സിഖ് മതക്കാര്‍ ബ്രിട്ടണിലുണ്ട്. പാകിസ്ഥാനിലെ യഹ്യാ ഖാന്‍ ഭരണകാലത്താണ് ബ്രിട്ടനില്‍ ഖാലിസ്ഥാന്‍ നീക്കമാരംഭിക്കുന്നത്. അന്നുമുതല്‍ ഇരു പാര്‍ട്ടികളും ഖാലിസ്ഥാന്‍ അനുകൂല നയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. അടുത്ത കാലത്തായി തങ്ങളുടെ നയങ്ങളില്‍ അവര്‍ മാറ്റം വരുത്തി. ഭാരതത്തിലെ സുശക്തമായ ഭരണവും മോദിയുടെ ആഗോള സ്വാധീനവും ബ്രിട്ടന്റെ സാമ്പത്തിക താത്പര്യങ്ങളുമാണ് മാറ്റത്തിലേക്ക് പാര്‍ട്ടികളെ നയിച്ചതെന്ന് പറയാം. നിലവിലെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ലേബര്‍ സര്‍ക്കാര്‍ 2024 ല്‍ അധികാരത്തിലേറിയപ്പോള്‍ ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറയുമെന്ന് പലരും വിലയിരുത്തി. കാരണം അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ജെര്‍മി കോര്‍ബിന്റെ കീഴില്‍ പാര്‍ട്ടി ഭാരത വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഉദാഹരണത്തിന് പാര്‍ട്ടിയുടെ 2019 ലെ സമ്മേളനത്തില്‍ കശ്മീരില്‍ അന്താരാഷ്‌ട്ര ഇടപെടല്‍ വേണമെന്ന് ഉള്ളടക്കമുള്ള പ്രമേയം പാസ്സാക്കിയിരുന്നു. ഇത് 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഭാരത വംശജരുടെ വോട്ടുകള്‍ നഷ്ടപ്പെടുത്തിയെന്ന് അവര്‍ വിലയിരുത്തി. അതുകൊണ്ടു തന്നെ പുതിയ നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ സ്റ്റാര്‍മര്‍ അത്തരം നിലപാടുകളില്‍ നിന്ന് പാര്‍ട്ടിയെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക അധികാരം ഭാരതത്തിന്റെ ഭരണഘടനാ പ്രശ്നമാണെന്നും അത് ഭാരത പാര്‍ലമെന്റിന്റെ വിഷയമാണെന്നും കശ്മീര്‍ തര്‍ക്കം ഭാരതവും പാകിസ്ഥാനും സമാധാനപരമായി പരിഹരിക്കേണ്ട പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതവുമായി തന്ത്രപരമായ പങ്കാളിത്തം വേണമെന്നും ഇതിനായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഉള്‍പ്പെടെ സുരക്ഷ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും 2024 ലെ ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പറയുന്നു.
ലംഘിക്കപ്പെടുന്ന ഉറപ്പുകള്‍
എന്നാല്‍ ഇപ്പോഴും ലേബര്‍-കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ഖാലിസ്ഥാന്‍ ബന്ധം നിലനിര്‍ത്തുന്നു. മുന്‍പ് ‘ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍’ ( ഐഎസ്‌വൈഎഫ് ) എന്ന സംഘടന ബ്രിട്ടണില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നിരോധിക്കപ്പെട്ട ഈ സംഘടന ‘സിഖ് ഫെഡറേഷനെ’ന്ന പേരില്‍ പുനഃസംഘടിപ്പിക്കപ്പെട്ടു. ഇവര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി ‘ഓള്‍-പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ‘ (എപിപിജി) എന്നൊരു ഗ്രൂപ്പ് സ്ഥാപിച്ചു. ഈ ഗ്രൂപ്പിന്റെ പാര്‍ലമെന്ററി ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചത് പ്രീത് കൗര്‍ ഗില്‍ എന്ന ലേബര്‍ പാര്‍ട്ടിയുടെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമാണ്. ലേബര്‍ എംപി തന്മന്‍ജീത് സിങ് ധേസി, കണ്‍സര്‍വേറ്റീവ് എംപിമാരായ കരോലിന്‍ നോക്‌സ്, ജെയിന്‍ സ്റ്റീവന്‍സണ്‍ എന്നിവരാണ് ഈ പാര്‍ലമെന്ററി ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. അന്ന് പ്രതിപക്ഷ നിഴല്‍ സര്‍ക്കാരില്‍ ‘ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റി’ന്റ നിഴല്‍ സെക്രട്ടറി പദവിയാണ് കൗര്‍ വഹിച്ചിരുന്നത്. എന്നാല്‍ തെരെഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പ്രതിപക്ഷ നിഴല്‍ മന്ത്രിസഭ പുനസ്സംഘടിപ്പിച്ചപ്പോള്‍ കൗറിനെ, അന്ന് പ്രതിപക്ഷ നേതാവായിരുന്ന സ്റ്റാര്‍മര്‍ തരംതാഴ്‌ത്തിയിരുന്നു. ഇവര്‍ക്കും മുന്‍പ് പിതാവിനും നിരോധിത ഭീകര സംഘടനയായ ‘ബബ്ബര്‍ ഖല്‍സ’ യടക്കമുള്ള സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. 2018 ലെ തന്റെ യുകെ സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധിയും പഞ്ചാബില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ 2024 മാര്‍ച്ചിലും പ്രീത് കൗര്‍ ഗില്ലുമായി കൂടിക്കാഴ്ച നടത്തി.
2024 ല്‍ ‘ഓള്‍-പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ്’ സംഘടിപ്പിച്ച ഒരു ഗുരുപുരാബ് പരിപാടിയില്‍ പ്രീത് കൗര്‍ ഗില്‍ ഉള്‍പ്പെടെ നിരവധി നേതാക്കന്മാര്‍ പങ്കെടുത്തത് പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ ചോദ്യങ്ങളുയര്‍ത്തി. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ഭാരത വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി 2024 ഒക്ടോബറില്‍ റോമില്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് ഹൗസില്‍ ഈ പരിപാടി നടന്നത്.
കഴിഞ്ഞ പതിനാല് വര്‍ഷമായുള്ള കണ്‍സര്‍വേറ്റീവ് ഭരണ കാലത്തും ഖാലിസ്ഥാനികള്‍ക്ക് നിയന്ത്രണങ്ങള്‍ കുറവായിരുന്നു. ഇക്കാലഘട്ടത്തില്‍ തന്നെയാണ് ഭാരതത്തനെതിരെ ട്രാന്‍സ്‌നാഷണല്‍ റിപ്രഷന്‍ -കൊലപാതക ആരോപണ നീക്കം നടന്നത്. ഈ നീക്കത്തിനു ബ്രിട്ടീഷ് പാര്‍ലമെന്റും സാക്ഷ്യം വഹിച്ചു. സിഖ് സമുദായത്തെ ഭാരതം ആഗോളതലത്തില്‍ അടിച്ചമര്‍ത്തുകയാണെന്നു പാര്‍ലമെന്റിന്റെ 2024 ഫെബ്രുവരി സമ്മേളനത്തില്‍ കൗര്‍ ആരോപിച്ചിരുന്നു. ഗുര്‍പത്വന്ത് സിംഗ് പന്നൂണിന്റെ സിഖ്സ് ഫോര്‍ ജസ്റ്റിസ് ഖാലിസ്ഥാന്‍ രാജ്യത്തിനായി ഒന്നിലധികം തവണ ബ്രിട്ടണില്‍ ജനഹിത പരിശോധന നടത്തിയതും ഇക്കാലയളവിലായിരുന്നു. ഇതില്‍ 50,000-ത്തിലധികം സിഖുകാര്‍ പങ്കെടുത്തതായി അവകാശപ്പെടുന്നു. ഈ വോട്ടെടുപ്പ് ന്യൂസിലാന്‍ഡ്, യുഎസ്, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലും ആവര്‍ത്തിച്ചു. ചുരുക്കത്തില്‍ ലേബര്‍ പാര്‍ട്ടി അടുത്ത കാലത്ത് പ്രഖ്യാപിച്ച നയങ്ങളില്‍ നിന്നു വിപരീതമായ സംഭവങ്ങളാണ് ഇപ്പോഴുണ്ടായികൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ വീഴ്ച പ്രശ്നമുണ്ടായിരിക്കുന്നത്.
ഭാരതത്തിന്റെ പ്രതികരണം
സംഭവത്തില്‍ ഭാരതം യുകെ സര്‍ക്കാരിനെ ആഴത്തിലുള്ള ആശങ്ക അറിയിച്ചു. ‘സംഭവത്തിന് ഒരു വലിയ പശ്ചാത്തലമുണ്ടെ’ന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞത്. ബൈഡന്റെ കാലത്ത് ഭാരതത്തിനെതിരെ നടന്ന ട്രാന്‍സ്‌നാഷണല്‍ റിപ്രഷന്‍ നീക്കങ്ങളാണ് ഈ പശ്ചാത്തലം. ഇത്തരം പ്രവര്‍ത്തങ്ങള്‍ക്കെതിരെയുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിസംഗതയെ ഭാരതം ശക്തമായി വിമര്‍ശിച്ചു. ഒപ്പം ഇത്തരം വിഷയങ്ങള്‍ തടയുമെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ അറിയിപ്പിലെ ആത്മാര്‍ത്ഥതയിലും ഭാരതം സംശയമുന്നയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ നടക്കുന്ന വേളയിലാണ് ഈ സംഭവം ഉണ്ടായത് എന്നതിനാല്‍ ചര്‍ച്ചകളില്‍ ഖാലിസ്ഥാന്‍ വിഷയം കൂടുതല്‍ പ്രതിഫലിപ്പിക്കാനുള്ള അവസരം കൂടിയാണ് ഭാരതത്തിന് ലഭിക്കുക. എന്നിരുന്നാലും പ്രവാസി സമൂഹത്തിനിടയില്‍ ഭാരത വിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്കുള്ള സ്വീകാര്യത കുറയുകയാണ്. അതില്‍ മോദിയുടെ പ്രവാസി നയതന്ത്രത്തിന് മുഖ്യ സ്ഥാനമുണ്ട്. ഉദാഹരണത്തിന് 2015 നവംബറില്‍ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ 60,000 ബ്രിട്ടീഷ് പ്രവാസികളാണ് പങ്കെടുത്തത്. 2018 ഏപ്രിലില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ‘ഭാരത് കി ബാത്ത്, സബ്കെ സാത്ത്’ പരിപാടിയില്‍ അദ്ദേഹം രണ്ടായിരത്തിലധികം പ്രവാസികളുമായി നേരിട്ട് സംവദിച്ചു.
ഇത് കൂടാതെ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും വിദേശ രാജ്യങ്ങളില്‍ നടന്നിരുന്ന ഭാരത വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നു. തിരിച്ചടികള്‍ നേരിടുന്നതിനാല്‍ കൂടുതല്‍ അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുകയാണ് വിഘടന വാദികള്‍.
(അവസാനിച്ചു)
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: