Kerala

ആശാവര്‍ക്കര്‍മാരുടെ സമരം: കേരള എംപിമാര്‍ ലോക്സഭയില്‍ മൗനം പാലിക്കുന്നു: അപരാജിത സാരംഗി

Published by

പാലക്കാട്: ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സുരേഷ് ഗോപിയൊഴികെയുള്ള കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്സഭയില്‍ മൗനം പാലിക്കുകയാണെന്ന് ബിജെപി സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി. വനിതാദിനത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹിളാ ഐക്യദാര്‍ഢ്യ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കേരളത്തിലെ ആശാ വര്‍ക്കര്‍മാരും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഒരു വാക്കുപോലും പ്രതിപക്ഷ എംപിമാര്‍ മിണ്ടാറില്ല. കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് സുരേഷ് ഗോപി മാത്രമാണ് പറയാറുള്ളത്.

ആശാ വര്‍ക്കര്‍മാരുടെ ആവശ്യം നേടിയെടുക്കുന്നതിനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ബിജെപി കൂടെയുണ്ടാവും. ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ് 2021ല്‍ അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ അവരെ വഞ്ചിച്ചു. അവരുടെ ആനുകൂല്യങ്ങളും ഓണറേറിയവും വര്‍ധിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ച ആശാ വര്‍ക്കര്‍മാര്‍ക്കൊപ്പം പ്രധാനമന്ത്രിയുണ്ട്.

കേന്ദ്രം കോടികള്‍ നല്‍കുമ്പോള്‍ അതൊന്നും ചെലവഴിക്കാതെ, പണം തരുന്നില്ലെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ അപവാദപ്രചാരണം നടത്തുകയാണ്. 25 വര്‍ഷക്കാലം ഒഡീഷയിലെ ജനങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും ഒരുപാട് യാതനകള്‍ സഹിക്കേണ്ടിവന്നു. ഇതിനെല്ലാം അവസാനമായത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്. 21 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് ഭരിക്കുന്നത്.

പൊട്ടക്കിണറിലെ തവളയാവാനല്ല, മറിച്ച് രാഷ്‌ട്ര പുനര്‍നിര്‍മാണത്തിന്റെ ഭാഗമാവാനാണ് ഇന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അപരാജിത സാരംഗി പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, നേതാക്കളായ എന്‍. ശിവരാജന്‍, വി. ഉണ്ണികൃഷ്ണന്‍, പ്രിയ അജയന്‍, കെ.എം. ബിന്ദു, ടി. ബേബി, സുമലത മുരളി, അശ്വതി മണികണ്ഠന്‍, അഡ്വ. എസ്. ശാന്താദേവി, എ.കെ. ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക