Kerala

കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

Published by

കോട്ടയം: റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍ തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ശേഖരിച്ചാണ് മാപ്പിങ് നടത്തുന്നത്.

തുടക്കത്തില്‍ കേരളത്തിലെ റബ്ബര്‍കൃഷിയുള്ള പത്ത് ജില്ലകളിലാ യിരിക്കും ഡിജിറ്റല്‍ മാപ്പിങ് നടത്തുക. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലും ഇത് നടപ്പാക്കും. ഭാരതത്തില്‍ ഉത്പാദിപ്പിക്കുന്ന റബ്ബര്‍ യൂറോപ്യന്‍ യൂണിയന്റെ വനനശീകരണ ചട്ടങ്ങള്‍ (ഇയുഡിആര്‍) അനുസരിച്ചുള്ള ഇന്ത്യന്‍ സുസ്ഥിര പ്രകൃതിദത്ത റബ്ബര്‍ (ഐഎസ്എന്‍ആര്‍) ആണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് ഇപ്പോള്‍ ജിയോ മാപ്പിങ് ചെയ്യുന്നത്. പ്രകൃതിദത്ത റബ്ബര്‍ വ്യവസായത്തില്‍ ഇന്ത്യയുടെ അന്താരാഷ്‌ട്ര നിലവാരം ഉയര്‍ത്തുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ജിയോ മാപ്പിങ്ങിനായി ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തി ക്കുന്ന ട്രയമ്പു ടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്എന്ന സ്ഥാപനത്തെയാണ് റബ്ബര്‍ബോര്‍ഡ് നിയോഗിച്ചിട്ടുള്ളത്.

യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സപ്ലൈ ചെയിന്‍ മാപ്പിങ്, ട്രേസബിലിറ്റി സിസ്റ്റങ്ങളുടെ വികസനം, തോട്ടങ്ങളുടെ ജിയോ മാപ്പിങ് എന്നിവ വ്യവസ്ഥകളിലുള്‍പ്പെടും. ട്രേസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, റബ്ബറിന്റെ ഉറവിടം എവിടെയാണെന്നും അവിടെ യൂറോപ്യന്‍ യൂണിയന്റെ വനനശീകരണ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുനല്‍കുന്നു. ഈ സര്‍ട്ടിഫിക്കേഷന്‍ ഭാരതത്തില്‍ നിന്ന് റബ്ബര്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് സുസ്ഥിരതയും വ്യവസായവളര്‍ച്ചയും ലഭിക്കാന്‍ സഹായകമാകുന്നതിനൊപ്പം യൂറോപ്യന്‍ വിപണിയില്‍ സജീവമാകാനും ഉപകരിക്കും. റബ്ബറുത്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ വനനശീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ‘ഡ്യൂ ഡിലിജന്‍സ്’ സര്‍ട്ടിഫിക്കറ്റ് നല്‍കും.

റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ആവശ്യമായ രേഖകളും ജിയോ ലൊക്കേഷന്‍ വിവരങ്ങളം ഉപയോഗപ്പെടുത്തി റബ്ബര്‍ബോര്‍ഡ് വെബ്‌സൈറ്റ് (ംംം.ൃൗയയലയീമൃറ.ഴീ്.ശി) വഴി ഐഎസ്എന്‍ആര്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. റബ്ബര്‍ബോര്‍ഡ് വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്ന കയറ്റുമതിക്കാര്‍ക്ക് മാപ്പിങ് പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്, ഇയുഡിആര്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ ട്രേസബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഡ്യൂ ഡിലിജന്‍സ് ഡിക്ലറേഷനുകള്‍, ജിയോ ലൊക്കേഷന്‍ ഡേറ്റ തുടങ്ങി ആവശ്യമായ എല്ലാ രേഖകളും ഈ പ്ലാറ്റ്‌ഫോം വഴി നല്‍കും. വിതരണശൃംഖലയിലുടനീളം സുതാര്യത, ഉറവിടം കണ്ടെത്താനുള്ള സൗകര്യം, സുസ്ഥിരത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിലൂടെ പ്രകൃതിദത്ത റബ്ബര്‍ വ്യവസായത്തില്‍ ഇന്ത്യയുടെ ആഗോള മത്സരശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by