Kerala

ആറ്റുകാല്‍ ഭക്തിസാന്ദ്രം

Published by

തിരുവനന്തപുരം: ആറ്റുകാലമ്മയുടെ പൊങ്കാല ഉത്സവആഘോഷങ്ങളില്‍ തലസ്ഥാനം. ഇനിയുള്ള അഞ്ചുനാളുകള്‍ നഗരം കലാപരിപാടികളും ആഘോഷമേളങ്ങളും കൊണ്ട് ഉത്സവാവേശത്താല്‍ നിറയും. റസിഡന്റ്‌സ് അസോസിയേഷനുകള്‍, തൊഴിലാളി കൂട്ടായ്മകള്‍, പൗരസമിതിക്കാര്‍, കഌബ്ബുകള്‍ തുടങ്ങിവരുടെ നേതൃത്വത്തില്‍ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

നഗരം മുഴുവന്‍ വൈദ്യുതദീപാലങ്കാരങ്ങളും ഭക്തിഗാനങ്ങളും നിറഞ്ഞു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊങ്കാലക്കലങ്ങളും ചുടുകല്ലുകളും നിരന്നു.

ഇന്നലെ രണ്ടാം ശനിയാഴ്ചയായതിനാല്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു. പുലര്‍ച്ചെ മുതല്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ വരി നിന്നാണ് ഭക്തര്‍ തൊഴുതു മടങ്ങിയത്. നാരങ്ങാവിളക്ക് തെളിച്ച് പ്രാര്‍ത്ഥിക്കാനും വന്‍ തിരക്കാണുഭവപ്പെട്ടത്. ഇന്ന് മുതല്‍ തിരക്ക് ഇതിലും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവിധ കലാപരിപാടികളും ക്ഷേത്രകലകളും ആസ്വദിക്കാനും നിരവധി ഭക്തര്‍ എത്തിയിരുന്നു.

ദരിദ്രനായിത്തീര്‍ന്ന കോവലന്‍ ദേവിയുടെ നിര്‍ബന്ധത്തിന് വഴങ്ങി നിത്യവൃത്തിക്കായി ദേവിയുടെ കാല്‍ച്ചിലമ്പ് വില്‍ക്കാന്‍ കൊണ്ടുപോകുന്ന കഥയാണ് തോറ്റംപാട്ടില്‍ ഇന്നലെ അവതരിപ്പിച്ചത്. ദേവിയുടെ ചിലമ്പുമായി പോകുന്ന കോവലനെ മധുരാപുരിയിലെ സ്വര്‍ണ്ണപണിക്കാരന്‍, താന്‍ ചെയ്ത കുറ്റം മറച്ചുവയ്‌ക്കാനായി രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പാണ്ഡ്യരാജാവിന്റെ സദസില്‍ എത്തിക്കുന്ന രംഗമാണ് ഇന്ന് തോറ്റംപാട്ടില്‍ പാടുക.

ക്ഷേത്രത്തില്‍ ഇന്ന്

രാവിലെ 4.30ന് പള്ളിയുണര്‍ത്തല്‍, 5ന് നിര്‍മ്മാല്യ ദര്‍ശനം, 5.30ന് അഭിഷേകം, 6.05ന് ദീപാരാധന, 6.40ന് ഉഷഃപൂജ, ദീപാരാധന, 6.50ന് ഉഷഃശ്രീബലി, 7.15ന് കളഭാഭിഷേകം, 8.30ന് പന്തീരടിപൂജ, ദീപാരാധന, 11.30ന് ഉച്ചപൂജ, ഉച്ചയ്‌ക്ക് 12ന് ദീപാരാധന, 12.30ന് ഉച്ചശ്രീബലി, 1ന് നട അടയ്‌ക്കല്‍, വൈകിട്ട് 5ന് നടതുറക്കല്‍, 6.45ന് ദീപാരാധന, രാത്രി 7.15ന് ഭഗവതിസേവ, 9ന് അത്താഴപൂജ, 9.15ന് ദീപാരാധന, 9.30ന് അത്താഴ ശ്രീബലി, 12ന് ദീപാരാധന, 1 ന് നട അടയ്‌ക്കല്‍, പള്ളിയുറക്കം.

കലാപരിപാടികള്‍
അംബ ആഡിറ്റോറിയം
രാവിലെ 7.00 : ഭക്തിഗാനാമൃതം, 8.00 : ഭക്തിഗാനമേള, 9.00 : ഓട്ടന്‍തുള്ളല്‍, 10.00 : സംഗീത സദസ്, 11.00 : വീണക്കച്ചേരി, 12.00 : മാജിക് ഷോ, വൈകിട്ട് 5.00 : വീണാ സംഗീതാര്‍ച്ചന, 6.00 : ഭക്തിഗാനസുധ, രാത്രി 7.00 : ഭക്തിസംഗീതം, 10.00: മെഗാ ബാന്റ് ഇവന്റ്

അംബിക ആഡിറ്റോറിയം
രാവിലെ 5.00 : ഭജന, 7.00 : ദേവീമാഹാത്യം, 8.00 : ഭജന, 9.00 : ഭക്തിഗാനസുധ, 10.00 : ദേവീ മാഹാത്മ്യം പാരായണം, 11.00 : ഭക്തിഗാനമേള, വൈകിട്ട് 5.00 : ഗാനമേള, 6.30 : ശാസ്ത്രീയ നൃത്തം, രാത്രി 7.30 : നൃത്താഞ്ജലി, 8.30: ശാസ്ത്രീയ നൃത്തം, 9.30: നൃത്തനൃത്യങ്ങള്‍, 10.30: നൃത്താര്‍ച്ചന, 11.30 : മോഹിനിയാട്ടം.

അംബാലിക ആഡിറ്റോറിയം
രാവിലെ 5.00 : ഭക്തിഗാനസുധ, 6.00 : ഭക്തിഗാനാഞ്ജലി, 7.00 : ഭക്തിഗാനാഞ്ജലി, 8.00 : ലളിതസഹസ്രനാമപാരായണം, 11.00 : ദേവീമാഹാത്മ്യപാരായണം 11.00 : ദേവീമാഹാത്മ്യപാരായണം, വൈകിട്ട് 5.00 : ഭക്തിഗാനസുധ, 6.00 : ദേവീകീര്‍ത്തനങ്ങള്‍, രാത്രി 7.00 : ശാസ്ത്രീയ നൃത്തം, 8.00 : നൃത്താര്‍ച്ചന, 9.00 : ശാസ്ത്രീയനൃത്തം, 10.00 : നടനംമോഹനം, 11.00 : നൃത്തസന്ധ്യ, 12.00: ശാസ്ത്രീയനൃത്തം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by