കോഴിക്കോട്: 35 വർഷം മുൻപാണ് ഒരു പുഷ്പപ്രദർശനത്തിൽ രണ്ടുമാസത്തോളം പൂവിട്ട് നിൽക്കുന്ന ചെടികൾ സീന കണ്ടത്. എട്ടാം ക്ലാസുകാരിക്ക് അന്ന് തോന്നിയ കൗതുകമാണ് മൈലാമ്പാടി സ്വദേശി സീനയുടെ വീട്ടുമുറ്റത്തെ ഓർക്കിഡ് വസന്തം. അന്ന് അമ്മയോട് വാശിപിടിച്ച് വാങ്ങിയ മൂന്നു ഡെൻഡ്രോബിയം ഓർക്കിഡുകൾ ജീവിതത്തിന്റെ ഭാഗമാകുമെന്ന് സീന കരുതിയതേയില്ല. ഇന്ന് സീനയ്‌ക്ക് അത് വരുമാന മാർഗമാണ്, ഒപ്പം കുറേപ്പേർക്കും. എട്ടാം ക്ലാസുകാരിയുടെ കണ്ണിലെ കൗതുകം തന്നെയാണ് ഇന്നും സീനയ്‌ക്ക്. പൂക്കളുടെ നിറവും ഭംഗിയും ആസ്വദിച്ചും പൂവിടാത്തോരോടുള്ള ശകാരവുമെല്ലാമുണ്ട് സീനയുടെ ഓർക്കിഡ് പരിപാലനത്തിൽ. വിദേശ ഇനങ്ങൾ ഉൾപ്പെടെ നിറംകൊണ്ടും രൂപംകൊണ്ടും ആരെയും ആകർഷിക്കുന്ന രണ്ടായിരത്തോളം ഓർക്കിഡ് ചെടികളാണ് വീട്ടുമുറ്റത്ത് വിരിയിച്ചിരിക്കുന്നത്.
ഡെൻഡ്രോബിയം, ഫലനൊപ്‌സിസ്, മൊക്കാറ, വാൻഡ, ഒൻസിടിയം ഓർക്കിഡ് തുടങ്ങി രണ്ടായിരത്തോളം ഓർക്കിഡുകളാണ് മൈലാമ്പാടി ചൈത്രം വീട്ടിലെ നാലു സെന്റ് ഭൂമിയിലുള്ളത്. തായ്ലൻഡിൽ നിന്നാണ് ഓർക്കിഡുകൾ എത്തിക്കുന്നത്. 60 രൂപ മുതൽ 3000 രൂപ വരെ വിലയുള്ള ചെടികൾ സീനയുടെ തോട്ടത്തിലുണ്ട്. ഫറോക്ക് കരുവൻന്തിരുത്തിയിലെ വീട്ടിൽ നിന്ന് 25 വർഷം മുൻപ് കല്യാണം കഴിഞ്ഞ് ലൈറ്റ് പിങ്ക് രണ്ട് ഓർക്കിഡ് ചെടികളുമായാണ് മൈലാമ്പാടിയിലെ വീട്ടിലേക്ക് എത്തിയത്. പിന്നീട് ഭർത്താവ് ഡോ. സി.പി. ഷാജി അഞ്ചു വ്യത്യസ്ത നിറത്തിലുള്ള ഓർക്കിഡുകൾ സമ്മാനമായി നൽകുകയായിരുന്നു. തന്നെയും തന്റെ ഇഷ്ടങ്ങളെയും മനസ്സിലാക്കി സമ്മാനിച്ച ആ ഓർക്കിഡിന്റെ കഥ പറയുമ്പോൾ സീനയ്‌ക്ക് സന്തോഷവും അഭിമാനവുമാണ്. പിന്നീട് വ്യത്യസ്ത തരത്തിലും നിറത്തിലുമുള്ള ഓർക്കിഡുകൾ വേണമെന്ന് തോന്നി, അതിന് സ്വന്തമായി വരുമാനം വേണമെന്നും. ഇതോടെ ഇഷ്ടങ്ങൾ നേടിയെടുക്കാൻ ഇഷ്ടപ്പെട്ട മേഖലയെ ഉപയോഗിച്ചുകൂടാ എന്നായി ചിന്ത. തുടർന്ന് തൈകൾക്ക് ആവശ്യക്കാരെ കണ്ടെത്തി വില്പന ആരംഭിച്ചു. ആ പണം കൊണ്ട് കൂടുതൽ ഓർക്കിഡുകൾ വാങ്ങാൻ തുടങ്ങി. ഇപ്പോൾ ഡെൻഡ്രോബിയത്തിത്തന്നെ നൂറിലധികം വ്യത്യസ്ത ഇനങ്ങൾ ഉണ്ട്. ഫ്‌ളവർ ഷോകളിലടക്കം പങ്കെടുക്കാൻ തുടങ്ങിയതോടെ ആവശ്യക്കാരുടെ എണ്ണവും കൂടി. പലരും ഇത് പണക്കാരുടെ ചെടികൾ ആണെന്നും വലിയ വിലയാണെന്നും പറഞ്ഞു വാങ്ങാതെ മാറിനിന്നതോടെ 60 രൂപയുടെ ചെറിയ തൈകൾ അടക്കം ഉണ്ടാക്കി വിൽക്കാനും സീന ആരംഭിച്ചു.
കൂടുതലൊന്നും പരിപാലനവും ആവശ്യമില്ലാത്ത ചെടിയാണ് ഓർക്കിഡെന്ന് സീന പറയുന്നു. ഒരു മരത്തിൽ വെച്ച് കെട്ടിയാലും അത് വളരും. മറ്റു വളങ്ങൾ ഒന്നുമില്ലാതെ ചട്ടിയിൽ ഓട് കഷണവും കരിയും മാത്രമായും ഓർക്കിഡ് വളർത്താവുന്നതാണ്. ചെടി വാങ്ങാൻ എത്തുന്നവർക്ക് നടേണ്ട വിധവും വെള്ളം ഒഴിക്കേണ്ട രീതിയുമടക്കം പറഞ്ഞുകൊടുക്കും. ജില്ലയിലെ നിരവധി സ്ത്രീകൾക്ക് ഗാർഡൻ തുടങ്ങാനുള്ള പ്രേരണ നൽകി. ഭർത്താവ് ഫറോക്ക് ഇഎസ്‌ഐയിലെ ഓർത്തോസർജൻ ഡോ. സി.പി. ഷാജിയുടെയും വിദ്യാർത്ഥികളായ മക്കൾ ശ്രീപ്രിയ, ശ്രേയയുടെയും വലിയ പിന്തുണ കൂടി ഇതിനെല്ലാം പിന്നിലുണ്ടെന്ന് സീന പറയുന്നു. തൈത്തോടൻ ചന്ദ്രൻ-സാവിത്രി ദമ്പതികളുടെ മകളായ സീന എംകോം ബിരുദാനന്തര ബിരുദധാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: