രോഗം കാന്‍സറാണെന്നറിഞ്ഞപ്പോള്‍ ചികിത്സാ ചെലവ് താങ്ങാനാവില്ലെന്ന ഭയത്താല്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതാണ് വസുമതി. പക്ഷേ, ശരിയാക്കാമെന്ന ഒരു ഡോക്ടറുടെ വാക്ക്… ബന്ധുക്കളില്‍ ചിലരുടെ താങ്ങ്, യോഗ ചര്യയുടെ തുണ, ആത്മവിശ്വാസം; വസുമതി ഇപ്പോള്‍ അര്‍ബുദ രോഗികള്‍ക്ക് ആശ്വാസവും ഉപദേശവും നല്കുന്ന വഴികാട്ടിയാണ്.
കൂത്തുപറമ്പ് മൂര്യാട്ടെ വീട്ടമ്മയായ വസുമതിക്ക് പ്രായം 49 ആയപ്പോഴാണ് മാറിടത്തില്‍ അര്‍ബുദബാധ അറിഞ്ഞത്. മൂന്ന് പെണ്മക്കളെ വിവാഹം കഴിച്ച് അയച്ചതിന്റെ ബാധ്യതകളില്‍ ഭര്‍ത്താവ് കരുണാകരനും വസുമതിയും അരിഷ്ടിച്ച് ജീവിക്കുമ്പോഴാണ് രോഗബാധ. ആത്മഹത്യക്ക് തീരുമാനിച്ചാണ് പരിശോധനാ ഫലവുമായി വസുമതി വീട്ടിലേക്ക് മടങ്ങിയത്. വഴിക്ക് മറ്റൊരു ഡോക്ടറെക്കൂടി റിപ്പോര്‍ട്ട് കാണിച്ചു. ശരിയാക്കാം, ഓപ്പറേഷന് വേണ്ടിവരുമെന്നാശ്വസിപ്പിച്ചപ്പോള് ജീവിക്കാന്‍ മോഹം വെച്ചു. പക്ഷേ, ഭര്‍ത്താവിനോടുപോലും ഒളിച്ചുവെച്ച രോഗവിവരം നാടാകെ അറിഞ്ഞു. ചികിത്സക്ക് ഏറെ പണംവേണം, പിന്നെയും ജീവിതം തീര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇളയമ്മയുടെ മകനാണ് സാമ്പത്തിക പ്രശ്നം ചികിത്സക്ക് തടസമാകില്ലെന്ന ഉറപ്പു നല്‍കിയത്. അന്നുതൊട്ട് വസുമതി അതിജീവനത്തിന്റെ യാത്ര തുടങ്ങുകയായിരുന്നു.
പയ്യന്നൂരിലെ ഒരു സഹകരണ ആശുപത്രിയിലെ ഡോക്ടറെ കണ്ട് സര്‍ജറി നിശ്ചയിച്ചു. ഓപ്പറേഷന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ഡോക്ടര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അങ്ങനെ ഒരു മാസം കഴിഞ്ഞാണ് സര്‍ജറി ചെയ്തത്. പിന്നീട് 12 തവണ കീമോതെറാപ്പിയും 25 തവണ റേഡിയേഷനും ചെയ്തു. അതോടെ പൂര്‍ണ ആത്മവിശ്വാസമായി. ചികിത്സക്കിടയിലെ ഒരു ഘട്ടത്തിലും വസുമതി പതറിയില്ല. കീമോതെറാപ്പിയില്‍ മുടിയെല്ലാം കൊഴിഞ്ഞു. മുഖം വികൃതമായി. പക്ഷേ, എല്ലാ പൊതുചടങ്ങുകളിലും വിവാഹങ്ങളിലും ആത്മവിശ്വാസത്തോടെ പങ്കെടുത്തു. സഹതാപം പ്രകടിപ്പിച്ചവരോട് താന്‍ കാന്‍സറിനെ അതിജീവിക്കുകയാണ്, നിങ്ങളുടെ സഹതാപമല്ല വേണ്ടതെന്ന് തുറന്നു പറഞ്ഞു. എല്ലാവര്ക്കും വസുമതി അതിശയവും മാതൃകയുമായി.
മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ യോഗയാണ് പ്രധാനമായും ജീവിതത്തിലേക്ക് തിരിച്ചുവരാനും ആത്മവിശ്വാസം നല്‍കാനും സഹായിച്ചതെന്ന് വസുമതി പറയുന്നു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി ഫൗണ്ടര്‍ പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ, മെഡി. ഓഫീസര്‍ ഡോ. ഹര്‍ഷ ഗംഗാധരന്, യോഗ അധ്യാപകരായ ഡോ. ടി.വി. പത്മനാഭന്, ടി.കെ. ദീപ്തി എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ കാന്‍സര്‍ അതിജീവിതരായ നിരവധി പേരുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സ തുടങ്ങി 13 വര്‍ഷം പിന്നിടുമ്പോള്‍ വസുമതി പൂര്‍ണ ആരോഗ്യവതിയാണ്. ഭര്‍ത്താവ് കരുണന് ജോലികള്‍ക്ക് പോകാറുണ്ട്. വസുമതി തൊഴിലുറപ്പ് ജോലി ചെയ്യുന്നു. കാന്‍സര്‍ ബാധിതര്‍ക്ക് ആത്മവിശ്വാസം നല്കുന്ന സാമൂഹ്യ പ്രവര്‍ത്തനവും നടത്തുന്നു. രോഗം പൂര്‍ണമായും മാറി. മരുന്നുകളൊന്നും വേണ്ട.
കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി തുല്യതാ പരീക്ഷയെഴുതി മികച്ച വിജയം നേടി. ഇപ്പോള്‍ നൂറുകണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം നല്കുന്ന ഈ വീട്ടമ്മ പറയുന്നു: ‘ചെറിയ രോഗലക്ഷണം കണ്ടാല്‍ ഉടന്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ ചികിത്സിക്കണം.
ആത്മവിശ്വാസത്തോടെ, സഹതാപങ്ങള്‍ക്ക് കാക്കാതെ സമൂഹത്തിനും ആത്മവിശ്വാസം നല്കുന്ന പ്രവര്‍ത്തനം നടത്തണം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: