Entertainment

ശ്രീനിവാസന്റെ മകനാണെന്ന് ഇടയ്‌ക്ക് മറക്കും;കല്യാണ തലേന്നും പിറ്റേന്നും മദ്യപാനം,സിന്തറ്റിക് ലഹരിവരെ എത്തി

Published by

നടന്‍ ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ അനിയനും എന്നതിലുപരി മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. എന്തും പച്ചയ്‌ക്ക് തുറന്ന് പറയും എന്നതാണ് ധ്യാനിന്റെ പ്രധാന സവിശേഷത. അതുകൊണ്ട് തന്നെ സിനിമകളെക്കാളും ധ്യാനിന്റെ അഭിമുഖങ്ങളായിരുന്നു സൂപ്പര്‍ഹിറ്റാവുന്നത്.

താരപുത്രനെന്ന ലേബല്‍ ഉള്ളത് കൊണ്ട് തന്നെ താന്‍ വഴിപിഴച്ച് പോയതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ ധ്യാന്‍ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ വിദ്യാര്‍ഥികളിലെ മയക്ക് മരുന്നുകളുടെ ഉപയോഗം വ്യാപകമായതോടെ ധ്യാന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളും ഇതിനൊപ്പം വൈറലാവുകയാണ്.

ധ്യാന്‍ പറയുന്നതിങ്ങനെയാണ്. ‘സെലിബ്രിറ്റി കിഡ് ആയിരുന്നത് കൊണ്ട് നെപ്പോ കിഡ് എന്നൊക്കെയാണ് എല്ലാവരും എന്നെ വിളിച്ചിരുന്നത്. ഒരു കാലത്ത് ഞാന്‍ ഭയങ്കര മദ്യപാനിയായിരുന്നു. വേറെ പണിയൊന്നുമില്ലാത്തത് കൊണ്ട് രാവിലെയും ഉച്ചയ്‌ക്കും രാത്രിയും വൈകിട്ടുമൊക്കെ ഇത് തന്നെ. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. ആ സമയത്തും എനിക്ക് പ്രണയമുണ്ടായിരുന്നു. എന്നും മദ്യപിച്ചിട്ടാണെങ്കിലും വീട്ടില്‍ പോകും. അമ്മ ചീത്ത വിളിക്കും. മൊത്തത്തില്‍ യൂസ്‌ലെസ് ആണെന്ന് പറയാം.

ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലെ നിവിന്റെ കഥാപാത്രം പോലെയായിരുന്നു എന്റെ ജീവിതം. അതില്‍ നിവിന്‍ നയന്‍താരയോട് പറയുന്നൊരു ഡയലോഗുണ്ട്.’വീട്ടില്‍ അച്ഛന്‍ കുറേ പൈസ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ജോലിയ്‌ക്ക് പോകേണ്ട കാര്യമില്ലെന്നും ഈ പൈസയൊക്കെ ആരെങ്കിലും ചിലവാക്കേണ്ടെ എന്നും.’ ഇത് ഞാനെന്റെ കാമുകിയോട് പറഞ്ഞിട്ടുള്ളതാണ്.

ജീവിതത്തില്‍ മാറ്റം വന്നത് വിവാഹം കഴിച്ചതിന് ശേഷമാണെന്നാണ് ധ്യാന്‍ പറയുന്നത്. കല്യാണത്തിന്റെ തലേദിവസവും മദ്യപിച്ച് ചീട്ട് കളിച്ചിരുന്ന രാത്രിയെക്കുറിച്ചും നടന്‍ പറഞ്ഞു. രാത്രി 9 മണിക്ക് എറണാകുളത്ത് കൂട്ടുകാരുടെ കൂടെ ഇരുന്ന് ചീട്ട് കളിയാണ്. പിറ്റേന്ന് കണ്ണൂരാണ് കല്യാണം. ആ സമയത്ത് അമ്മയും കല്യാണ പെണ്ണുമൊക്കെ എന്നെ വിളിക്കുന്നുണ്ടെങ്കിലും നാളെ രാവിലെ പോകാമെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്. നിങ്ങള്‍ വരുന്നുണ്ടോന്ന് അര്‍പിത ചോദിച്ചതോടെ വരാമെന്ന് പറഞ്ഞു. അതുകൊണ്ടാണ് മദ്യപാനം നിര്‍ത്തി രാത്രി തന്നെ പോകാന്‍ തീരുമാനിച്ചത്.

വെളുപ്പിന് മൂന്ന് മണിക്ക് അവിടെ എത്തി, മദ്യപാനം തുടര്‍ന്നു. ആറുമണിക്ക് എഴുന്നേറ്റ് കുളിച്ചു, വീണ്ടും മദ്യപാനം. കല്യാണത്തിന്റെ കളര്‍ സെറ്റപ്പ് ഒന്നും കൊള്ളില്ലെന്ന് പറഞ്ഞ് പരാതി പറയാനും തുടങ്ങി. എന്നെക്കാളും മുന്‍പേ അവിടെ എല്ലാവരും എത്തിയിരുന്നു. കണ്ണൂര്‍ വെച്ചുള്ള കല്യാണമായതുകൊണ്ട് മന്ത്രിമാര്‍ അടക്കം ആരൊക്കെയോ ഉണ്ട്. ഇത്രയും യൂസ്‌ലെസ് ആയ എന്റെ കല്യാണത്തിന് ഇവരൊക്കെ എന്തിനു വന്നു എന്നാണ് എന്റെ ചിന്ത. ശ്രീനിവാസന്റെ മകന്‍ ആണെന്ന് കാര്യം ഇടയ്‌ക്ക് മറന്നു പോകും. അവരൊക്കെ ശ്രീനിവാസന്റെ മകന്റെ വിവാഹത്തിന് വന്നവരായിരുന്നു.

ഞങ്ങളുടേത് ഇന്റര്‍കാസ്റ്റ് വിവാഹമായത് കൊണ്ട് കാര്യമായ ചടങ്ങില്ലായിരുന്നു. അച്ഛന്‍ പന്തലില്‍ കയറി നിന്ന് ‘എന്റെ മകനാണെന്ന് ഞാന്‍ വിശ്വസിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ സ്റ്റേജിലേക്ക് വരിക’ എന്ന് അനൗണ്‍സ് ചെയ്തു. ശേഷം താലിക്കെട്ടിന് ശേഷം സദ്യയും നടത്തി. എനിക്ക് അതും വലിയൊരു പ്രശ്‌നമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ചിക്കനും മീനുമില്ലാതെ സദ്യയില്ല. ഇവിടെ കല്യാണത്തിന് ഓര്‍ഗാനിക് സദ്യയാണ്. ഭക്ഷണം നല്ലതായിരുന്നെങ്കിലും എനിക്ക് ദേഷ്യം കൊണ്ട് പിടിവിട്ടു. ഒടുവില്‍ എല്ലാവരും കൂടി ആശ്വസിപ്പിച്ചു.

പിന്നെ പൂവ് വെച്ച കാറില്‍ യാത്ര ചെയ്യില്ലെന്ന് തുടങ്ങി വലിയ വാശിയൊക്കെ ഞാന്‍ കാണിച്ചു. വിവാഹം കഴിഞ്ഞ അന്ന് രാത്രിയും ചീട്ടുകളിയായിരുന്നു. ഞാന്‍ വിവാഹം കഴിച്ചത് തന്നെ വീട്ടുകാര്‍ക്ക് വലിയ കാര്യം പോലെയാണ് തോന്നിയത്. കാരണം ഞാന്‍ നശിച്ച് പോകുമെന്നാണ് എല്ലാവരും കരുതിയത്. ഇതിലും അപ്പുറത്തെ കളിയായിരുന്നു. അതുകൊണ്ട് അച്ഛന്‍ വീട്ടില്‍ നിന്നും ഇറക്കി വിടുക പോലും ചെയ്തിട്ടുണ്ട്.

മദ്യപാനത്തിന് പുറമേ ഓര്‍ഗാനിക് ലഹരിയുടെ ഉപയോഗവും തനിക്കുണ്ടായിരുന്നുവെന്നാണ് ധ്യാന്‍ വെളിപ്പെടുത്തിയത്. 2018 ല്‍ സിന്തറ്റിക് ലഹരിയിലേക്ക് എത്തി. ഇതോടെ അച്ഛനുമായി കൂടുതല്‍ പ്രശ്‌നങ്ങളായി. എന്റെ ജീവിതം തുലച്ചത് തന്നെ ഇതൊക്കെയായിരുന്നു. ഒടുവില്‍ മകള്‍ ജനിച്ചതോടെയാണ് എല്ലാം മാറിയതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക