പടിഞ്ഞാറ് ദര്‍ശനമായിരുന്ന് ആശ്രയിക്കുന്നവര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് അഘോരമൂര്‍ത്തിയായി വര്‍ത്തിക്കുന്ന ഏറ്റുമാനൂരപ്പന്റെ എട്ടാം ഉത്സവദിവസമായ ഇന്ന് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം നടക്കും. ഉത്സവനാളുകളിലെ ഏറ്റവുമധികം ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതും ഇന്നായിരിക്കും.
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളുന്ന ഭഗവാന്റെ മുന്നില്‍ സമസ്താപരാധവും ഏറ്റുപറഞ്ഞ് കാണിക്കയര്‍പ്പിച്ചു പ്രാര്ഥിക്കുവാന് നാടിന്റെ നാനാഭാഗത്തു നിന്നും ഭക്തര്‍ ഒഴുകിയെത്തും ആദ്യം കാണിക്കയര്പ്പിക്കുവാനുള്ള അവകാശം ചെങ്ങന്നൂര്‍ പുന്നരിട്ടുമഠത്തില് കുടുംബക്കാര്‍ക്കാണ്. തിരുവിതാംകൂറിന്റെ സ്ഥാപകനായിരുന്ന അനിഴം തിരുനാള്‍ വീരമാര്‍ത്താണ്ഡവര്‍മ്മ നേര്‍ന്ന വഴിപാടായിരുന്നു ഏഴരപ്പൊന്നാന. എന്നാല്‍ അത് തീരുംമുമ്പ് അദ്ദേഹം നാടുനീങ്ങിപ്പോയതിനാല്‍ അദ്ദേഹത്തിന്റെ അനന്തരവനും ,പിന്‍ഗാമിയുമായ കാര്‍ത്തിക തിരുനാള്‍ മഹാരാജാവാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നടയ്ക്കുവച്ചത്.
അഷ്ടദിക്ക് ഗജങ്ങളെയാണ് ഏഴരപ്പെന്നാന സൂചിപ്പിക്കുന്നത്. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന് എന്നിവയാണ് അഷ്ടദിക്ഗജങ്ങള്. ഇതില്‍ വാമനന് ചെറുത് എന്ന് കണക്കാക്കിയാണ് ചെറിയ ആനയുടെ രൂപം നിര്‍മിച്ചത്. ഏഴ് ആനകള്‍ക്ക് രണ്ടടി വീതവും അരയാനക്ക് ഒരടിയും ഉയരമുണ്ട്. ഇവയെല്ലാം സ്വര്‍ണം പൊതിയുന്നതിന് 7143 കഴഞ്ച് (58 കിലോ) ആവശ്യമായി വന്നു. രാത്രി 12ന് നടതുറക്കുന്നതോടെ മണ്ഡപത്തിന് മുന്പില് പൊന്നിന് കുടം വയ്ക്കും. തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊന്നരുട്ടുമഠത്തിലെ പ്രതിനിധി ആദ്യ കാണിക്ക അര്‍പ്പിക്കും തുടര്‍ന്ന് ഭക്തര്‍ കാണിക്കവച്ച് ഏറ്റുമാനൂരപ്പനെ വണങ്ങുന്നു.
ഏഴരപ്പൊന്നാന ദര്‍ശനം
ആസ്ഥാന മണ്ഡപത്തില്‍ പ്രതിഷ്ഠിച്ച തിടമ്പിനു ഇരുവശങ്ങളിലുമായാണ് പൊന്നാനകളെ അണിനിരത്തിയിരിക്കുന്നത്. ഇടതു ഭാഗത്ത് നാലും വലതുഭാഗത്തു മൂന്നും പൊന്നാനകളെയാണ് അണിനിരത്തുന്നത്, അരയാനയെ തിടമ്പിനു മുന്‍പിലാണ് ദര്‍ശനത്തിനു വയ്ക്കുന്നത്. രാത്രി 12ന് ദര്‍ശനത്തിശേഷം പുലര്‍ച്ചെ രണ്ടു മണിയോടെ ഏഴരപ്പൊന്നാന എഴുന്നെള്ളിച്ചുള്ള പ്രദക്ഷണം. എഴുന്നെള്ളത്തിനു ശേഷം തിരികെ ആസ്ഥാന മണ്ഡപത്തില്‍ വയ്ക്കുന്ന ഏഴരപ്പൊന്നാനയെ കൊടിയിറക്കിയ ശേഷം സുരക്ഷാ മുറിയിലേക്കു മാറ്റും.
കുംഭമാസത്തിലെ രോഹിണി നാളില്‍ അര്‍ധരാത്രി ഭഗവാന് ശരഭമൂര്‍ത്തിയായി എത്തി ഇന്ദ്രദേവന്റെ ബ്രഹ്മഹത്യാപാപം തീര്‍ത്തുവെന്നാണ് വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ഈ സമയത്തു ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ ഇരിക്കുന്ന ഭഗവാനെ വണങ്ങി കാണിക്ക അര്‍പ്പിക്കുന്നത് ഭാഗ്യദായകമാണ്. ഭക്തജനലക്ഷങ്ങളാണ് അഭീഷ്ടവരദായകന്റെ ഏഴരപ്പൊന്നാന ദര്‍ശനത്തിനു ക്ഷേത്രത്തില്‍ എത്താറുള്ളത്. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും തിരുവതാംകൂര്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് നടയ്ക്കു സമര്‍പ്പിച്ചതാണ് ഏഴരപ്പൊന്നാന എന്നാണ് വിശ്വാസം.
ചരിത്ര രേഖകള്‍
1749-50 കാലത്ത് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂര്‍, വടക്കുംകൂര്‍ രാജ്യങ്ങള്‍ ആക്രമിച്ചിരുന്നു. അന്ന് ഏറ്റുമാനൂര്‍ ക്ഷേത്രംവക സ്വത്തുക്കള്‍ക്കും നാശനഷ്ടമുണ്ടായി. ഏറ്റുമാനൂര്‍ മഹാദേവന്റെ അനിഷ്ടം ഭയന്ന് പ്രായശ്ചിത്തമായി മഹാരാജാവ് ഏഴരപ്പൊന്നാനകള്‍ നടയ്ക്കുവയ്ക്കാന് തീരുമാനിച്ചുവെന്നാണ് ഐതിഹ്യം. ഏറ്റുമാനൂര്‍ മഹാദേവന് ഏഴര പൊന്നാനയെ സമര്‍പ്പിച്ചതിന്റെ രേഖകള്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഓഫീസിലുണ്ട്.
രേഖകള്‍ പ്രകാരം കൊല്ലവര്‍ഷം 964 (എഡി 1789) മേടം 10നാണ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് ഏറ്റുമാനൂരപ്പന് വഴിപാട് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: