Editorial

പോപ്പുലര്‍ ഫ്രണ്ട് ഭീകരത എസ്ഡിപിഐയിലൂടെയും

Published by

നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസില്‍ മലയാളിയായ മുഹമ്മദ് കുട്ടി ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ കേരളത്തിന്റെ മതപരവും രാഷ്‌ട്രീയവുമായ സ്ഥിതിഗതികള്‍ ശരിയായി മനസ്സിലാക്കുന്നവര്‍ക്ക് അസ്വാഭാവികത തോന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുടെ അഖിലേന്ത്യ പ്രസിഡണ്ടായ തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ ഫൈസിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ദല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇ ഡി കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇ ഡിയുടെ നടപടി. ഭീകര പ്രവര്‍ത്തനം നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും, അതിന്റെ നൂറിലേറെ നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അന്ന് അറസ്റ്റിലാവാതിരുന്ന നേതാക്കളില്‍ ഒരാളാണ് ഫൈസി. എന്നാല്‍ ഇയാള്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയരൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച ഫൈസി ഈ സംഘടനയുടെ നിരോധനത്തെ തുടര്‍ന്ന് എസ്ഡിപിഐയുടെ പ്രധാന ചുമതലയിലേക്ക് വരികയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനൊപ്പം എസ്ഡിപിഐയെയും നിരോധിക്കാതിരുന്നത് പരക്കെ ആശങ്ക ഉയര്‍ത്തിയിരുന്നു. കാരണം, രണ്ട് സംഘടനകളും ചെയ്തുകൊണ്ടിരുന്നത് ഒരേ കാര്യം തന്നെയാണ്. എസ്ഡിപിഐ രാഷ്‌ട്രീയ പാര്‍ട്ടി ആയതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ നിയമത്തിന്റെ ഇത്തരം സാങ്കേതികത്വങ്ങള്‍ ഭീകരവാദികള്‍ക്ക് സഹായകമായിത്തീരും എന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. രാഷ്‌ട്രീയത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം അനുവദിക്കാന്‍ പാടില്ലല്ലോ. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളില്‍ പലരും, സംഘടന നിരോധിക്കപ്പെട്ടതോടെ എസ്ഡിപിഐയിലേക്ക് മാറുകയായിരുന്നു. ആദ്യം ചെയ്തിരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് തുടര്‍ന്നതും. എസ്ഡിപിഐയുടെ മുദ്രാവാക്യങ്ങളും ആശയ പ്രചരണങ്ങളും സമ്മേളനങ്ങളും ശ്രദ്ധിക്കുന്നവര്‍ക്ക് അത് ഒരു ഭീകര സംഘടനയാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. അറസ്റ്റിലായ പിഎഫ് ഐ നേതാക്കള്‍ ആരോഗ്യകാരണങ്ങളും മറ്റും കാണിച്ച് ജാമ്യത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കോടതികളില്‍ വിലപ്പോയില്ല. ഈ സാഹചര്യത്തില്‍ എസ്ഡിപിഐയില്‍ സജീവമാവുക എന്ന തന്ത്രമാണ് പിഎഫ് ഐ തീവ്രവാദികള്‍ പ്രയോഗിച്ചത്.

സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കേന്ദ്രീകരിച്ചുള്ള കേരളത്തിലെ സവിശേഷമായ രാഷ്‌ട്രീയമാണ് എസ്ഡിപിഐ പോലുള്ള ഭീകരവാദ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനോടുപോലും കോണ്‍ഗ്രസിനും സിപിഎമ്മിനും യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും എസ്ഡിപിഐ വഴി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ പിന്തുണ ഇരു പാര്‍ട്ടികളും സ്വീകരിക്കുകയുണ്ടായി. തിരുവനന്തപുരം ജില്ലയില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റില്‍ ജയിച്ചത് എസ്ഡിപിഐയാണ്. കോണ്‍ഗ്രസിന്റെ വോട്ട് മതതീവ്രവാദിക്ക് മറിച്ചു കൊടുത്തു എന്നര്‍ത്ഥം. ഓരോയിടത്തെയും സാഹചര്യമനുസരിച്ച് എല്‍ഡിഎഫിലും യുഡിഎഫിലും മാറി മാറി എസ്ഡിപിഐ ചേക്കേറുന്നു. ഇടതു വലതു മുന്നണികള്‍ക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും എസ്ഡിപിഐ ബന്ധത്തിന്റെ പേരില്‍ പരസ്പരം കുറ്റപ്പെടുത്തി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യും. ഹിന്ദു-മതേതര വോട്ട് ആകര്‍ഷിക്കാനാണിത്.

പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തമ്മില്‍ വ്യത്യാസമില്ലെന്നാണ് ഇപ്പോള്‍ അന്വേഷണം ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിനാ
യി രാജ്യത്തിനു പുറത്തുനിന്ന് നിയമവിരുദ്ധമായി ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്തത് എസ്ഡിപിഐ ആണെന്ന് അന്വേഷണം ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഫൈസിയുടെ അറസ്റ്റ് നിര്‍ണായകമാണ്. ഫൈസിമാര്‍ നിരവധിയുണ്ടാവും എന്നുറപ്പാണ്. രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം അനുവദിക്കാന്‍ പാടില്ല. എന്തുകാരണം കൊണ്ടാണോ പിഎഫ് ഐ നിരോധിക്കപ്പെട്ടത് അക്കാരണത്താല്‍ എസ്ഡിപിഐയേയും നിരോധിക്കേണ്ടിയിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാവണം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by