കോഴിക്കോട്: കതിവന്നൂര്വീരന് തെയ്യത്തിന്റെ പ്രധാന സ്ഥാനമായ ആമേരി പള്ളിയറയില്‍ ഒരിക്കല്‍ കൂടി, തന്റെ എഴുപതാം വയസ്സില്‍ കതിവന്നൂര്‍വീരനായി ഉറഞ്ഞാടുകയാണ് പദ്മശ്രീ ഇ.പി. നാരായണ പെരുവണ്ണാന്. മുമ്പ് ഏറെക്കാലം തുടര്‍ച്ചയായി ആമേരി പള്ളിയറയില്‍ കതിവന്നൂര്‍ വീരന്റെ കോലം കെട്ടിയാടിയ കനലാടിയാണ് അദ്ദേഹം. ചരിത്രത്തിലാദ്യമായി ഒരു തെയ്യക്കാരന് ഭാരതത്തിലെ പരമോന്നത ബഹുമതിയായ പദ്മപുരസ്കാരം ലഭിക്കുന്നത് നാരായണ പെരുവണ്ണാനിലൂടെയാണ്. നാല് വയസ്സില്‍ തുടങ്ങിയ തെയ്യാട്ടജീവിതം ആറര പതിറ്റാണ്ട് പിന്നിട്ട അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷമാണ് രാജ്യം പത്മശ്രീ ബഹുമതി നല്കി ആദരിച്ചത്. ഈ ബഹുമതി ലഭിച്ച് ഏതാനും മാസങ്ങള്‍ക്കുശേഷം ചില കാവധികാരികള്‍ ഏര്‍പ്പെടുത്തിയ വിലക്കുകളുടെ അതിജീവനം കൂടിയാണ് നാരായണ പെരുവണ്ണാന് നാളെയും മറ്റന്നാളുമായി ആമേരി പള്ളിയറയില്‍ കെട്ടിയാടുന്ന കതിവന്നൂര്‍ വീരന് തെയ്യം.
വിദേശത്ത് തെയ്യം കെട്ടിയതിന്റെ പേരിലാണ് ആചാരലംഘനമെന്ന് ആരോപിച്ച് ചില കാവധികാരികള്‍ അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയത്. പൂര്‍ണമായ അനുഷ്ഠാനങ്ങളോടെയാണ് പെരുവണ്ണാനും സംഘവും കഴിഞ്ഞ നവംബറില്‍ യുഎഇയിലെ അജ്മാനില്‍ മാക്കപ്പോതി തെയ്യം കെട്ടിയാടിയത്. വടക്കെ മലബാറില്‍ നിന്നുള്ള ഭക്തരായ പ്രവാസികളാണ് ആ കളിയാട്ടം സംഘടിപ്പിച്ചത്. മാത്രമല്ല, പണ്ടുകാലം മുതല്ക്കു തന്നെ മാക്കപ്പോതി തെയ്യം കാവുകളിലല്ലാതെ വീട്ടുമുറ്റത്തോ വയലുകളിലോ മൈതാനത്തോ പതികെട്ടി അവതരിപ്പിച്ചു വരാറുള്ളതാണ്. ഈ പതിവ് ഇന്നും തുടരുന്നുമുണ്ട്. ഇതൊക്കെ അറിയാവുന്ന ചിലര്‍ പെരുവണ്ണാന് വിലക്കേര്‍പ്പെടുത്തിയതിലെ
നീതികേട് വടക്കേ മലബാറിലെ തെയ്യാരാധകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ചാവിഷയമാണ്.
ഇപ്പോള്‍ ആമേരി തറവാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എഴുപതാം വയസിലും ഏറെ ക്ലേശകരമായ ഈ ദൗത്യം പെരുവണ്ണാന് ഏറ്റെടുത്തത്. കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിനടുത്തുള്ള ആമേരി തറവാട്ടിലാണ് മലനാട്ടില്‍ ആദ്യമായി കതിവന്നൂര്‍വീരന്റെ സാന്നിധ്യമുണ്ടായത് എന്നാണ് പുരാവൃത്തം.
നാരായണ പെരുവണ്ണാന്റെ പ്രശസ്തി ഉയര്‍ന്നത് കതിവന്നൂര്‍വീരന്റെയും മുച്ചിലോട്ട് ഭഗവതിയുടെയും കോലങ്ങള്‍ നൂറുകണക്കിന് കാവുമുറ്റങ്ങളില്‍ അതീവ ഭാവപൂര്‍ണിമയോടെ അരങ്ങേറ്റിയതിലൂടെയാണ്. രണ്ട് തെയ്യക്കോലങ്ങളും മുന്നൂറോളം തവണ കെട്ടിയാടിയിട്ടുണ്ട് അദ്ദേഹം. മറ്റ് തെയ്യങ്ങളെ അപേക്ഷിച്ച് കതിവന്നൂര്വീരന് കെട്ടിയാടാന്‍ പ്രത്യേക പരീശലനവും കഴിവും ആവശ്യമാണ്. ശാരീരികവും മാനസികവുമായ അധ്വാനം കൂടുതലാണ്.
ശരീരവും മനസും അനുവദിക്കുന്ന കാലം വരെ കോലമണിയുക എന്നതാണ് കനലാടിമാര്‍ തങ്ങളുടെ തെയ്യാട്ട ജീവിതത്തില്‍ അനുവര്‍ത്തിച്ചുപോരുന്നത്. അതു തന്നെയാണ് താനും ചെയ്യുന്നതെന്ന് പെരുവണ്ണാന് പറയുന്നു. എഴുപതാം വയസിലും കതിവന്നൂര്വീരന് പോലുള്ള ഒരു തെയ്യം കെട്ടാന്‍ തന്റെ മനസും ശരീരവും സന്നദ്ധമാണെന്ന തിരിച്ചറിവാണ് ആമേരി തറവാട്ടുകാരുടെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ കാരണമായത്. ചില സമുദായ സംഘടനകളുടെയും മറ്റും ഇടപെടലുകള്‍ മൂലം വര്‍ഷങ്ങളായി തിരുമുടി അണിഞ്ഞു വരാറുള്ള ആറേഴ് മുച്ചിലോട്ട് കാവുകളില്‍ ഈ വര്‍ഷം തനിക്ക് തിരുമുടിയേറ്റാനുള്ള അവസരം നിഷേധിച്ചതില്‍ കടുത്ത മാനോവിഷമമുണ്ടെന്ന് പെരുവണ്ണാന് പറഞ്ഞു. വിലക്ക് ഒരു വര്‍ഷത്തേക്കെന്നാണ് പറഞ്ഞത്. എന്നാല്‍ അടുത്ത വര്‍ഷം ഈ കാവുകളില്‍ നിന്ന് ക്ഷണിച്ചാലും പോകുന്ന കാര്യം ആലോചിച്ചിട്ടേ തീരുമാനിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: