ആഗോളതലത്തില്‍ ജനങ്ങളിലെ ഒബെസിറ്റി അഥവാ അമിതവണ്ണം കുറയ്‌ക്കുന്നതിനും തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, ജനങ്ങളെ ബോധവത്കരിക്കുക എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി വേള്‍ഡ് ഒബെസിറ്റി ഫെഡറേഷന്‍ മാര്‍ച്ച് 4 ലോക ഒബെസിറ്റി ദിനമായി ആചരിക്കുന്നു.
അമിതവണ്ണത്തിന്റെ മൂലകാരണങ്ങള്‍ പലപ്പോഴും ഭക്ഷണക്രമം, ജീവിതശൈലി, ജനിതക, മാനസിക, സാമൂഹിക-സാംസ്‌കാരിക, സാമ്പത്തിക, പാരിസ്ഥിതിക ഘടകങ്ങളുടെ സങ്കീര്‍ണമായ മിശ്രിത രൂപമാണ്. അമിതവണ്ണത്തെ ഒരു രോഗമായും ഒരുപാട് സാംക്രമികേതര രോഗങ്ങളുടെ കാരണക്കാരനായും കണക്കാക്കുന്നു. 1980കളുടെ തുടക്കം മുതല്‍ പൊണ്ണത്തടിയുടെ സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡമായി ലോകാരോഗ്യ സംഘടന ശരീരഭാര സൂചിക (ബോഡി മാസ് ഇന്‍ഡക്‌സ്)ഉപയോഗിക്കുന്നു. ലോകത്ത് പ്രതിവര്‍ഷം 43 ദശലക്ഷം പേര്‍ സാംക്രമികേതര രോഗങ്ങള്‍ മൂലം മരണപ്പെടുന്നു. ഇതില്‍ 3.5 ദശലക്ഷത്തിലധികം പേരും ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ സംഖ്യ- 25 ന് മുകളില്‍)വിഭാഗത്തില്‍ പെടുന്നവരാണ്. 1.9 ബില്യണ്‍ പേര്‍ 2035ല്‍ പൊണ്ണത്തടിയുമായി ജീവിക്കുമെന്ന് കണക്കാക്കപെടുന്നു. 2020നും 2035നും ഇടയില്‍ കുട്ടികളിലെ അമിതവണ്ണം 100 ശതമാനം വര്‍ദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2035 ആകുമ്പോഴേക്കും നാലില്‍ ഒരാള്‍ പൊണ്ണത്തടിയുമായി ജീവിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അമിതഭാരവും അമിതവണ്ണവുമായി ജീവിക്കുന്ന മുതിര്‍ന്നവരുടെ എണ്ണം 2035 ല്‍ 2010ലെ കണക്കുകളുടെ രണ്ട് മടങ്ങാകും എന്നാണ് കണക്കാക്കുന്നത്. ഉയര്‍ന്ന ബി.എം.ഐ ഉള്ളവരില്‍ അമിതഭാര-അമിതവണ്ണക്കാരില്‍ അനുബന്ധമായി ക്യാന്‍സര്‍, ഇസ്‌കീമിക്ക് ഹൃദ്രോഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ടൈപ്പ് 2 പ്രമേഹം, ഫാറ്റിലിവര്‍ രോഗം, സ്ലീപ്പ് അപ്‌നിയ, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, വിട്ടുമാറാത്ത നടുവേദന, മറവി രോഗം, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, മോശം മാനസിക ആരോഗ്യം, ഉത്കണ്ഠ, വിഷാദം എന്നിവയുള്‍പ്പെടെ മറ്റ് സാംക്രമികേതര രോഗങ്ങള്‍ക്കുള്ള അപകടസാധ്യതയും കൂടുതലാണ്.
അമിതവണ്ണം കുറയ്‌ക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍ ശരീരത്തിലേക്ക് അമിത കലോറി എത്താതിരിക്കുക (കഴിക്കുന്ന ഭക്ഷണത്തിലൂടെ)എന്നതും കൂടുതല്‍ കലോറി ഉപയോഗിക്കുക (വ്യായാമം വഴി) എന്നതുമാണ്. ‘വെളുത്ത വിഷം’ എന്നാണ് പഞ്ചസാര അറിയപ്പെടുന്നത്. പഞ്ചസാരയും ശര്‍ക്കരയും ഒഴിവാക്കുക (മധുരപലഹാരങ്ങള്‍, മിഠായികള്‍, മധുരം ചേര്‍ത്ത ജ്യൂസുകള്‍), എണ്ണയും കൊഴുപ്പുമടങ്ങിയ ഭക്ഷണസാധനങ്ങള്‍ കുറയ്‌ക്കുക, കാര്‍ബോഹൈഡ്രേറ്റ്‌സിന്റെ അളവ് കുറയ്‌ക്കുക, കലോറി അളവ് കുറഞ്ഞ ഓട്ട്‌സ് പോലുള്ള ധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഇലക്കറി-പച്ചക്കറികള്‍, സാലഡുകള്‍, പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍-സോയ, പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ടയുടെ വെള്ള, ചെറിയ മത്സ്യങ്ങള്‍ തുടങ്ങിയവ കഴിക്കുക, പഴങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കുക. പഞ്ചസാര ചേര്‍ത്ത ജ്യൂസുകള്‍ ഒഴിവാക്കുക. ഇപ്രകാരം ഭക്ഷണം ക്രമീകരിക്കുക.
ചിട്ടയായ വ്യായാമം ശീലിക്കുക. പ്രായപൂര്‍ത്തിയായവര്‍ ദിവസവും ചുരുങ്ങിയത് മുപ്പത് മിനിറ്റെങ്കിലും വ്യായാമത്തിനായി നീക്കി വയ്‌ക്കുക.
കുട്ടികളിലും വ്യായാമശീലം വളര്‍ത്തുക. മരുന്നുകള്‍ മാത്രമല്ല അമിത വണ്ണത്തിനുള്ള ചികിത്സ. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതിയും കൂടി സംയോജിക്കുമ്പോള്‍ മാത്രമേ ചികിത്സ ഉദ്ദേശിച്ച ഫലം കാണുകയുള്ളൂ. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഓവര്‍ ദി കൗണ്ടര്‍ ആയി അമിതവണ്ണത്തെ ചെറുക്കാം എന്ന പേരില്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങി സ്വയം ചികിത്സ നടത്തുന്നത് അപകടകരമാണ്. വിവിധ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടു വരുന്ന അമിതവണ്ണത്തെ ചെറുക്കാം എന്ന പേരില്‍ പ്രചരിക്കുന്ന ഡയറ്റുകളും ഒറ്റമൂലികളും സ്വീകരിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ഇതെല്ലാം ശ്രദ്ധിച്ചിട്ടും ഒരുതരത്തിലും വണ്ണം കുറയ്‌ക്കാന്‍ പറ്റാത്ത അമിതവണ്ണക്കാര്‍ക്ക് ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരം ബരിയാട്രിക് ശസ്ത്രക്രിയയോ, മറ്റു നൂതന മാര്‍ഗങ്ങള്‍ വഴിയോ അമിതവണ്ണം കുറയ്‌ക്കാവുന്നതാണ്. ഓര്‍ക്കുക, അമിതവണ്ണം കുറയ്‌ക്കാന്‍ കുറുക്കു വഴികളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: