Kerala

പള്ളിവാസല്‍ വിപുലീകരണ പദ്ധതി വൈകിയത് 14 വര്‍ഷം; നഷ്ടം ദിവസം ഒരു കോടി

Published by

കോഴിക്കോട്: അറുപതു മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി നിര്‍മാണം ആരംഭിച്ചിട്ട് 18 വര്‍ഷം തികഞ്ഞു. നാലു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനുദ്ദേശിച്ച പദ്ധതി രണ്ടു മാസം മുമ്പു മാത്രമാണ് ഉത്പാദന സജ്ജമായത്. പദ്ധതി നിര്‍മാണം പൂര്‍ത്തിയാകാന്‍ 14 വര്‍ഷം വൈകിയതിനാല്‍ സര്‍ക്കാരിനു ദിവസം ഒരു കോടി രൂപ നഷ്ടമുണ്ടായെന്ന് പദ്ധതിയുടെ പ്രധാന കോണ്‍ട്രാക്ടറുടെ പ്രോജക്ട് മാനേജരായിരുന്ന ജേക്കബ് ജോസ് പറയുന്നു. നിര്‍മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകിപ്പിക്കുന്നതിനു പിന്നില്‍ ഭരണകക്ഷിയിലെ ചിലര്‍ക്കു കരാറുകാരില്‍ നിന്നു കമ്മിഷന്‍ ലഭിക്കുന്നതിലെ താമസമാണെന്ന ആരോപണമുണ്ട്.

2007 മാര്‍ച്ച് ഒന്നിനാണ് പണി തുടങ്ങിയത്. കരാറനുസരിച്ചു നാലുവര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കി, കമ്മിഷന്‍ ചെയ്ത് കെഎസ്ഇബിക്ക് കൈമാറണം. 60 മെഗാവാട്ട് ശേഷി. ദിവസം 15 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനം ഒരു യൂണിറ്റ് വൈദ്യുതിക്ക് അഞ്ചു രൂപ നിരക്കില്‍ കൂട്ടിയാല്‍പ്പോലും പ്രതിദിന ഉത്പാദന നഷ്ടം 75 ലക്ഷം രൂപ. 14 വര്‍ഷത്തെ താമസത്തിനിടെയുണ്ടായ സ്ഥിരം ചെലവുകള്‍, സ്റ്റാഫിന്റെ ശമ്പളം, പലിശ തിരിച്ചടവ്, നിര്‍മാണച്ചെലവിലെ വര്‍ധന തുടങ്ങിയവ ചേര്‍ത്താല്‍ ദിവസവും നഷ്ടം ചുരുങ്ങിയത് ഒരു കോടി രൂപയാണെന്ന് ജേക്കബ് ജോസ് പറഞ്ഞു. 250 കോടിചെലവു പ്രതീക്ഷിച്ചിരുന്നിടത്ത് ഇപ്പോള്‍ നിര്‍മാണച്ചെലവ് 600 കോടി കവിഞ്ഞു. ദിവസവും നിത്യച്ചെലവിന് 100 കോടിയിലേറെ കടമെടുക്കുന്ന കേരള സര്‍ക്കാരിനു വലിയ ബാധ്യതയാണ് കെഎസ്ഇബി ഉണ്ടാക്കിവച്ചിരിക്കുന്നത്.

ഈ പദ്ധതി ‘ഉപേക്ഷിക്കപ്പെട്ട പദ്ധതി’ (അബാന്‍ഡന്‍ഡ് പ്രോജക്ട്) ആയി കെഎസ്ഇബി കണക്കാക്കിയിരുന്നു. 2017 നവംബറില്‍ ജേക്കബ് ജോസ് മുടങ്ങിക്കിടക്കുന്ന എട്ടു ജലവൈദ്യുത പദ്ധതികളുടെ കാര്യത്തില്‍ ഇടപെടണമെന്ന് അപേക്ഷിച്ച്, പൊതുതാത്പര്യ ഹര്‍ജി നല്കിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടു. അതിനാലാണ് പദ്ധതി പൂര്‍ത്തിയായത്. വൈദ്യുതി ഉത്പാദനം കഴിഞ്ഞ് പള്ളിവാസലിലെ വെള്ളം ചെങ്കുളം റിസര്‍വോയറിലെത്തിച്ച്, വെള്ളത്തൂവലിലുള്ള ചെങ്കുളം പവര്‍ഹൗസില്‍ തത്തുല്യമായ വൈദ്യുതി ഉത്പാദിപ്പിക്കാമായിരുന്നു. അതിനുപകരം വെള്ളം മുതിരപ്പുഴയാറിലൂടെ ഒഴുകി കല്ലാര്‍കുട്ടി റിസര്‍വോയറിലെത്തുകയായിരുന്നു. അങ്ങനെ ചെങ്കുളം പവര്‍ഹൗസില്‍ പ്രതിദിനം 75 ലക്ഷം രൂപയുടെ ഉത്പാദന നഷ്ടം കൂടി ഉണ്ടായി. 37.5 മെഗാവാട്ടിന്റെ പള്ളിവാസലിലെ പഴയ പവര്‍ഹൗസില്‍ ഇപ്പോള്‍ ഉത്പാദനം വെറും 20.4 മെഗാവാട്ട് മാത്രം. 80 വര്‍ഷത്തിലേറെ പഴക്കമുള്ള നാലു പെന്‍സ്‌റ്റോക്ക് പൈപ്പാണ് പഴയ ഹൗസിലേക്കു പോകുന്നത്. അവ ജീര്‍ണിച്ചു. അതില്‍ കൂടുതല്‍ ചോര്‍ച്ചയുള്ള രണ്ട് പൈപ്പ് വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്നു. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം പൂര്‍ത്തിയായ ശേഷമേ, അതിന്റെ മെയിന്‍ പൈപ്പില്‍ നിന്നു പഴയ പവര്‍ഹൗസിലേക്ക് 1.6 മീറ്റര്‍ വ്യാസമുള്ള പൈപ്പ് കണക്ഷന്‍ കൊടുത്തു പഴയ നാല് പൈപ്പ് ഉപേക്ഷിക്കാനാകൂ. അങ്ങനെ പള്ളിവാസലിലെ പഴയ പവര്‍ഹൗസില്‍ പ്രതിദിന ഉത്പാദന നഷ്ടം 17.1 മെഗാവാട്ട്, അതിനു തത്തുല്യമായി ചെങ്കുളം പവര്‍ഹൗസിലും 17.1 മെഗാവാട്ട് ഉത്പാദന നഷ്ടം. ഇവയെല്ലാം കൂട്ടിച്ചേര്‍ത്താല്‍ ഒരു ദിവസത്തെ ഉത്പാദന നഷ്ടം 46.3 ലക്ഷം യൂണിറ്റ്. തത്ഫലമായി പ്രതിദിനം ചുരുങ്ങിയതു രണ്ടു കോടി രൂപയുടെ ഉത്പാദന നഷ്ടമുണ്ടായി.

268.01 കോടി എസ്റ്റിമേറ്റില്‍ തുടങ്ങിയ പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്ക് ഇപ്പോള്‍ 600 കോടിയോളം മുടക്കിക്കഴിഞ്ഞു. കൂടാതെ മൂന്നു കോടിയോളം രൂപ പ്രതിമാസം പലിശയിനത്തിലും കെഎസ്ഇബിക്കു നഷ്ടമാകുന്നു. ട്രയല്‍ റണ്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം വൈകുന്നതിനാല്‍ ബോര്‍ഡിനു വന്‍ നഷ്ടമുണ്ടാകുന്നു. ഉദ്ഘാടനത്തിനു മുഖ്യമന്ത്രി പിണറായിയുടെ തീയതിക്കു വേണ്ടിയാണ് ജനുവരി മുതല്‍ കാത്തിരിക്കുന്നതെന്നാണ് കെഎസ്ഇബി പറയുന്നത്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയാതെ മുഖ്യമന്ത്രിയെ കിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by