തിരുവനന്തപുരം: ആറു മാസം മുതല്‍ മൂന്ന് വയസ് വരെ ഉള്ള കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാര പദ്ധതിയായ അമൃതം ന്യൂട്രിമിക്‌സിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ഞങ്ങളുടെ സര്‍ക്കാര്‍ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം നല്‍കുന്നുവെന്ന് വീമ്പിളക്കി കുടുംബശ്രീയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്. പോഷകഹാരങ്ങള്‍ അടങ്ങിയ ധാന്യങ്ങള്‍ പൊടിച്ച് കുട്ടികള്‍ക്ക് എത്തിച്ച് നല്‍കുന്നതാണ് അമൃതം ന്യൂട്രിമിക്‌സ്.
സംസ്ഥാനത്താകെ 248 യൂണിറ്റുകള്‍ വഴിയാണ് അമൃതം ന്യൂട്രിമിക്‌സ് ഉല്‍പാദിപ്പിച്ച് വിതരണം നടത്തുന്നത്. 2500റിലധികം കുടുംബശ്രീ അംഗങ്ങള്‍ അമൃതത്തില്‍ പങ്കാളികളായി. എന്നാല്‍ പദ്ധതി തുടങ്ങിയതല്ലാതെ പ്രോത്സാഹിപ്പിക്കാനോ വിപുലമാക്കാനോ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.
പദ്ധതിയുമായി സഹകരിച്ചവര്‍ കടക്കെണിയിലും. 2017 ലാണ് അമൃതം പൊടിക്ക് അവസാനമായി സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചു നല്‍കിയത്.
നിലവില്‍ ഒരു കിലോ അമൃതംപൊടി ഉണ്ടാക്കാന്‍ 100 രൂപയിലധികം ചിലവ് വരുന്നുണ്ട്. അസംസ്‌കൃത സാധനങ്ങളുടെ വില വര്‍ധനവും വാഹന വാടകയുടെ വര്‍ധനവും യുണിറ്റുകളുടെ നില പരുങ്ങലിലാക്കി. ഫുഡ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്ന ഗോതമ്പ് ഉത്പാദനത്തിന് തികയാതെ വരുന്നതിനാല്‍ പൊതുവിപണിയില്‍ നിന്നും കൂടിയ വിലയ്‌ക്ക് ഗോതമ്പ് വാങ്ങേണ്ടി വന്നു. ലൈസന്‍സ് ഫീസുകള്‍ കുത്തനെ കൂട്ടുന്നതും നിശ്ചിത ഇടവേളകളില്‍ യൂണിറ്റുകളുടെ നവീകരണത്തിന് ചിലവാകുന്ന ഭാരിച്ച തുകയും കൂടി ആയതോടെ അമൃതം യൂണിറ്റുകളുടെ നിലനില്‍പ്പ് അപകടത്തിലായി. എല്ലാ മേഖലകളിലും കാലോചിതമായ വില പരിഷ്‌കരണം ഉണ്ടായപ്പോള്‍ അമൃതം യൂണിറ്റുകളെ മാത്രം അവഗണിക്കുന്നു എന്നാണ് പരാതി.
നിലവില്‍ അമൃതം യൂണിറ്റുകളില്‍ നിന്ന് ലാഭമില്ലെന്ന് മാത്രമല്ല അംഗങ്ങളുടെ കൈയില്‍ നിന്ന് പണം ചെലവാകുന്ന സ്ഥിതിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക