Kerala

പി എം സൂര്യഘര്‍ പദ്ധതി; കേരളത്തില്‍ 2.85 ലക്ഷം അപേക്ഷകര്‍, സബ്‌സിഡി നല്‍കിയത് 3,000 കോടി

Published by

പത്തനംതിട്ട: രാജ്യത്തുടനീളം ഒരുകോടി വീടുകള്‍ക്ക് സൗരോര്‍ജ്ജ വൈദ്യുതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയില്‍ കേരളത്തില്‍ ഇതുവരെ ലഭിച്ചത് 2,85,891 അപേക്ഷകള്‍. 3,011.72 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് സബ്‌സിഡി ആയി ഇതുവരെ നല്‍കി. പദ്ധതിക്കായി 75,021 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വക കൊള്ളിച്ചിരിക്കുന്നത്.

സൂര്യഘര്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കുന്നതിന് മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കണമെന്ന നിബന്ധന ഇപ്പോള്‍ കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്. ഓടിട്ട വീടുകളിലും അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളിലും ഉള്ളവര്‍ക്ക് ഇനി നിലത്തും സോളാര്‍ പാനലുകള്‍ ക്രമീകരിക്കാം.

സൗരോര്‍ജ്ജ ഉത്പാദനം ശക്തിപ്പെടുത്തുന്നതിനായി 8,500 കോടി രൂപയുടെ മൂലധന പദ്ധതിക്കും കേന്ദ്രം അന്തിമരൂപം നല്‍കിക്കഴിഞ്ഞു. സൗരോര്‍ജ്ജ ഉത്പാദന, സംഭരണ ഉപകരണ നിര്‍മ്മാണം ശക്തിപ്പെടുത്തി സൗരോര്‍ജ്ജ വ്യവസായ പുരോഗതി ഉറപ്പാക്കുകയാണ് ലക്ഷ്യം. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ വ്യവസായത്തില്‍ ഭാരതം കൈവരിച്ച വിജയം ഇവിടെയും ആവര്‍ത്തിക്കാന്‍ സബ്‌സിഡി സഹായകമാകുമെന്നാണ് പ്രതീക്ഷ.

ഭാരതത്തില്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി പുരോഗമിക്കുന്നത് വേഗത്തിലാണെന്നും അഞ്ചു വര്‍ഷം കൊണ്ട് 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി ഭാരതം കൈവരിക്കുമെന്നും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് സിഎംഡി ആര്‍.പി. ഗുപ്ത ഈയിടെ വ്യക്തമാക്കിയിരുന്നു. ഭാരതത്തില്‍ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സിയാണ് കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്. 2025 ജനുവരി അവസാനത്തോടെ 218 ജിഗാ വാട്ട് ഉത്പാദനശേഷി ഭാരതം കൈവരിച്ചു കഴിഞ്ഞു. 150 ജിഗാവാട്ടിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ അവസാനഘട്ടത്തില്‍ ആണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by