ന്യൂദല്‍ഹി: ഇ ഡി എടുക്കുന്ന കേസുകളെല്ലാം പിഴച്ചതാണെന്നും കേരള പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളെല്ലാം ശക്തമാണെന്നും കേരളം സുപ്രീംകോടതിയില്‍ അവകാശപ്പെട്ടു. കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് കേസിലെ പ്രതിയും സിപിഐ നേതാവുമായ ഭാസുരാംഗന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇത്തരം വിചിത്രമായ നിലപാട് എടുത്തത്.
കണ്ടല ക്രമക്കേടു കേസില്‍ പോലീസ് എടുത്ത കേസ് ശക്തമാണെന്നാണ്, സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ് വാദിച്ചത്. ഭാസുരാംഗന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഭാസുരാംഗന്‍ അന്വേഷണവുമായി സഹകരിക്കണം. അദ്ദേഹത്തിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍വിടണം. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി എടുത്ത കേസില്‍ ഭാസുരാംഗന് കഴിഞ്ഞ മാസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ പോലീസ് എടുത്ത കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: