പൈശാചികമായ കൂട്ടക്കൊലകള്‍, ഭയാനകമായ ആക്രമണങ്ങള്‍, നരാധമന്മാര്‍ പോലും മടിക്കുന്ന തരത്തിലുള്ള പീഡനങ്ങള്‍. അനീതിയോ അക്രമമോ ചോദ്യം ചെയ്താല്‍ ഉത്തരം വടിവാളുകൊണ്ട്. കേരളത്തിലെ യുവജനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നാണ് നാലാള്‍ കൂടുന്നിടത്തെ ചോദ്യം. മദ്യവും ലഹരിയുമാണ് കാരണം എന്നാകും മുതിര്‍ന്നവരുടെ ഉത്തരം.
മദ്യത്തിനു പുറമേ മനുഷ്യരെ ഉന്മത്തരാക്കുന്ന, ഭ്രാന്തു പിടിപ്പിക്കുന്ന അത്യന്തം ഭയാനകമായ രാസലഹരി വരെ കേരളത്തിലെ മുക്കിലും മൂലയിലും പോലും സുലഭം. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വരുമാനക്കുറവ്, പഠന രംഗത്തെ പിഴവുകള്‍, പ്രേമപരാജയങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങള്‍ ഇന്ന് കേരളത്തില്‍ വ്യാപകമാണ്. മുന്‍പൊക്കെ ഇത്തരം പ്രശ്‌നങ്ങളുണ്ടായാല്‍ മുതിര്‍ന്നവര്‍ കൂടി ഇടപെട്ട് അവ പരിഹരിക്കുകയോ സമൂഹത്തിന് ദോഷമുണ്ടാകാത്ത രീതിയില്‍ അവസാനിപ്പിക്കുകയോ ചെയ്തിരുന്നു. ഇന്ന് അതിനു കഴിയുന്നില്ല. അതിനു തുന്നിഞ്ഞാല്‍ തലയ്‌ക്കു മുകളില്‍ കഴുത്തു കാണില്ലെന്നും ഉറപ്പ്.
കേരളിലെ പ്രതിഭാധനരായ യുവജനങ്ങള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി ഇവിടം വിട്ട് ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ചേക്കേറുമ്പോള്‍ ഒരു വിഭാഗം നിരാശയുടെ പടുകുഴിയില്‍ വീണ് ലഹരിയില്‍ അഭയം കണ്ടെത്തുകയാണ്. അക്രമങ്ങളിലൂടെ പണം കണ്ടെത്തുകയാണ്.
കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടില്‍ നടന്ന കൂട്ടക്കൊല നാം അഭിമാനത്തോടെ പറയുന്ന സാക്ഷര കേരളത്തിന്റെ തലസ്ഥാനത്താണ് നടന്നത്. ഏതാനും ആഴ്ചകളേ ആയുള്ളൂ ചേന്ദമംഗലത്തും പാലക്കാട്ടും കൂട്ടക്കൊല നടന്നിട്ട്. പ്രതികള്‍ ഋതു ജയനും ചെന്താമരയും. ഇവിടെ വെറും 23 കാരനായ അഫാനും.
കേരളത്തിലെ ജനങ്ങള്‍ മനസിലെങ്കിലും അക്രമങ്ങള്‍ ആസ്വദിക്കുന്നവരായി, കുറ്റകൃത്യങ്ങളോട് താല്‍പര്യമുള്ളവരായി മാറുകയാണോ? ആണെന്നു വേണം ചിന്തിക്കാന്‍. സമീപകാലത്ത് വിജയിക്കുന്ന സിനിമകള്‍ മിക്കവയും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്. പൈശാചികമായ കൊലപാതകങ്ങളും അക്രമങ്ങളും ചോരയൊഴുകുന്ന രംഗങ്ങളും വഷളന്‍ ഡയലോഗുകളും അസഭ്യ വര്‍ഷങ്ങളും കൊണ്ട് ‘സമ്പന്നമാണ്’. ആയുധമേന്തി നടക്കുന്ന നായകന്മാരും വില്ലന്മാരും സ്ഥിരം വേഷങ്ങളായി. പ്രേമവും അതിന്റെ മറപറ്റിയുള്ള കാമവും ബ്രേക്കപ്പുകളും പീഡനങ്ങളും പതിവു ചേരുവയായിക്കഴിഞ്ഞു. ഇവയുടെ സ്വാധീനമാണോ, നാം നിത്യജീവിതത്തില്‍ കാണുന്നത്? അതോ നിത്യവും നടമാടുന്ന ക്രൈമുകളാണോ സിനിമകളെ സ്വാധീനിക്കുന്നത്? വ്യത്യാസമില്ല. രണ്ടും ശരിയാണ്.
വീടുകള്‍ക്കുള്ളില്‍ അംഗങ്ങള്‍ തമ്മില്‍ ആശയ വിനിമയമില്ല, ബന്ധങ്ങള്‍ക്ക് പഴയ ഉഷ്മളതയില്ല, പരസ്പര വിശ്വാസമില്ല. ചര്‍ച്ചകളില്ല, കൂട്ടായ പ്രവര്‍ത്തനങ്ങളില്ല. കുടുംബാംഗങ്ങള്‍ എല്ലാവരും അവരവരുടേതായ ലോകത്താണ്, കൈയ്യില്‍ സ്മാര്‍ട്ട് ഫോണുമുണ്ട്. ബഹുമാനം, സ്‌നേഹം, ആദരവ്, കരുണ, സത്യം തുടങ്ങിയവ ഹൃദയങ്ങളില്‍ നിന്ന് അകന്നു തുടങ്ങിയോ എന്നു പോലും ഭയക്കേണ്ടിയിരിക്കുന്നു.
കുട്ടികള്‍ കുറ്റം ചെയ്താല്‍ മാതാപിതാക്കള്‍ ശിക്ഷിച്ചും ഉപദേശിച്ചുമാണ് തിരുത്തിയിരുന്നത്. ഇന്ന് അത്തരം തിരുത്തലുകള്‍ വീടുകളിലുണ്ടോ? ആരെങ്കിലും തിരുത്താന്‍ മുതിര്‍ന്നാല്‍ എന്താകും സ്ഥിതി.
വിദ്യാലയങ്ങളിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വിദ്യാര്‍ഥികളില്‍ നിന്നകന്ന അധ്യാപകര്‍, അധ്യാപകരില്‍ നിന്ന് അകലുള്ള വിദ്യാര്‍ഥികള്‍. തെറ്റു ചെയ്തതിന് ശിക്ഷിച്ചാല്‍, അധ്യാപകന്‍ കേസില്‍ പ്രതിയാകും. അല്ലെങ്കില്‍ ശിഷ്യന്റെ മര്‍ദ്ദനമേല്‍ക്കും. പീഡനക്കേസുകളില്‍ പ്രതികളാകുന്ന അധ്യാപകര്‍ക്ക് എന്ത് മൂല്യമാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുക.
വാത്സല്യവും സ്‌നേഹവും കൊണ്ട് വീര്‍പ്പു മുട്ടിക്കേണ്ട ചേട്ടനാണ് അനുജനെ തലയ്‌ക്കടിച്ചുകൊന്നത്, ഒരു കശാപ്പു മൃഗത്തോടുള്ള കാരുണ്യം പോലുമില്ലാതെ. ഒരു കൈ സഹായത്തിലൂടെ കൊണ്ടു നടക്കേണ്ട അമ്മയെയാണ്, അമ്മൂമ്മയെയാണ് ചുറ്റികയ്‌ക്ക് അടിച്ചുകൊന്നത്. ജീവിതത്തില്‍ താങ്ങും തണലുമാകാന്‍ ഒരുങ്ങിയവളെയാണ് വകവരുത്തിയത്. ലഹരി കുട്ടികളെ പോലും മൃഗങ്ങളാക്കുന്നു. അമ്മയേയും പെങ്ങളേയും പോലും തിരിച്ചറിയാന്‍ പറ്റാത്തവരാക്കുന്നു.
വലിയ തോതില്‍ കേരളത്തിലേക്ക് ലഹരിവസ്തുക്കള്‍ ഒഴുകിയെത്തിയിട്ടും നടപടിയെടുക്കാതെ നിഷ്‌ക്രിയമാണ് സര്‍ക്കാര്‍. എക്‌സൈസും പോലീസും പിടിക്കുന്നത് ഇവിടെയെത്തുന്നതിന്റെ എത്രയോ ചെറിയ അംശം മാത്രം. അരുംകൊലകളോ കൂട്ടക്കൊലകളോ ആത്മഹത്യകളോ പീഡനങ്ങളോ ഇല്ലാതെ ഒരു ദിവസം പോലും പുലരുന്നില്ല,. ആത്മഹത്യകളും നിത്യേന കൂടുന്നു. ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ എന്ന് മേനി നടിക്കുന്ന കേരളത്തിന്റെ മാനസികാരോഗ്യം എവിടെ നില്‍ക്കുന്നു എന്നതിന്റെ തെളിവുകളാണ് ഒറ്റയ്‌ക്കും കൂട്ടമായും നിത്യേന നടക്കുന്ന ആത്മഹത്യകള്‍.
ജനങ്ങളാകെ മനോരോഗികളായി മാറുന്ന കാഴ്ചയിലേക്കാണോ നാം പോകുന്നതെന്നാണ് ചോദ്യം. കേരളത്തിന്റെ മാനസിക ആരോഗ്യം. ചര്‍ച്ച ചെയ്ത് ശക്തമായ നടപടികള്‍ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക