നാഗ്പൂര്‍: ക്രിക്കറ്റില്‍ കേരളത്തിന്റെ എക്കാലത്തെയും സ്വപ്‌നനേട്ടം രഞ്ജി കിരീടം തേടി സച്ചിന്‍ ബേബിയും സംഘവും ഇന്ന് നാഗ്പൂരിലെ ജാംതെ സ്റ്റേഡിയത്തില്‍ ഇറങ്ങും. ശക്തരും ഒപ്പം ആതിഥേയരുമായ വിദര്‍ഭ ആണ് എതിരാളികള്‍.
ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാതെത്തിയ ടീമുകളാണ് രണ്ടും. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദര്‍ഭയുടെ വരവ്.
രഞ്ജി ക്രിക്കറ്റ് 2024-25 സീസണ്‍ തുടങ്ങുമ്പോള്‍ വാസ്തവത്തില്‍ ഒരു മലയാളിയും പ്രതീക്ഷിച്ചതല്ല കേരളത്തിന്റെ ഫൈനല്‍ പ്രവേശം. പക്ഷെ പടവുകള്‍ ഓരോന്നും താണ്ടി ചരിത്ര നേട്ടത്തിനരികിലെത്തിയിരിക്കുന്നു. ഇനി സഫലമാകാനുള്ളത് പ്രഥമ രഞ്ജി കിരീടമെന്ന സ്വപ്‌നമാണ്.
സമനിലയില്‍ കലാശിച്ച കേരളത്തിന്റെ ക്വാര്‍ട്ടര്‍, സെമി മത്സരങ്ങളില്‍ മുന്നേറ്റം സാധ്യമാക്കിയത് നിര്‍ണായകമായ ആദ്യ ഇന്നിങ്‌സ് ലീഡ് ആണ്. മറുവശത്ത് വിദര്‍ഭ വരുന്നത് കരുത്തരായ മുംബൈയെ 80 റണ്‍സിന് തോല്‍പ്പിച്ചുകൊണ്ടാണ്. ജയിച്ചു മുന്നേറാന്‍ സാധിച്ചില്ലെന്ന് കരുതി കേരളത്തെ വിലകുറച്ച് കാണാന്‍ സാധിക്കില്ല. ഫൈനല്‍ ബെര്‍ത്ത് അര്‍ഹിക്കുന്ന പ്രകടനമാണ് ഇത്തവണ തുടക്കം മുതലേ കാഴ്‌ച്ചവച്ചുകൊണ്ടിരിക്കുന്നത്. ഓരോ മത്സരം കഴിയുന്തോറും മെട്ടപ്പെട്ടുവരുന്ന ടീം. ഗ്രൂപ്പ് ഘട്ടത്തില്‍ എലൈറ്റ് സിയില്‍ ഹര്യാനയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ആധികാരികമായാണ് നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചത്. ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കി. ഗ്രൂപ്പില്‍ ഒന്നാമതായ ഹര്യാനയ്‌ക്കും ഇതേ വിജയവും ഇതേ പോയിന്റും തന്നെയാണ്. റണ്‍നിരക്കിന്റെ മുന്‍തൂക്കത്തില്‍ കേരളത്തെ അവര്‍ മറികടന്നുവെന്നുമാത്രം. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചുകൊണ്ടാണ് തുടങ്ങിയത്. പിന്നീട് ഉത്തര്‍ പ്രദേശിനെയും ബിഹാറിനെയും തോല്‍പ്പിച്ചു. നേരിട്ട് ക്വാര്‍ട്ടര്‍ പോരിന് അര്‍ഹത നേടി. പിന്നീടുള്ള രണ്ട് നിര്‍ണായക ഘട്ടങ്ങള്‍ മറികടന്നത് ആഭ്യന്തര ക്രിക്കറ്റില്‍ അതിശക്തരായ ജമ്മു കശ്മീരിനെയും ഗുജറാത്തിനെയും മറികടന്നാണ്.
വിദര്‍ഭയുടെ ഹോം ഗ്രൗണ്ടിലാണ് ഫൈനല്‍ മത്സരം നടക്കുന്നതെങ്കിലും ആതിഥേയരെ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെടുത്തിയതിന്റെ ചരിത്രം കേരളത്തിനുണ്ട്. രണ്ട് കളികള്‍ സമനിലയിലായപ്പോള്‍ ഒരു കളിയില്‍ മറ്റൊരു നിഷ്പക്ഷ ടീമിനെയും കേരളം തോല്‍പ്പിച്ചു.
ബാറ്റിങ്ങില്‍ സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മേല്‍, എന്നിവര്‍ മികച്ച ഫോമിലാണ്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും നിര്‍ണായക ഘട്ടങ്ങളില്‍ മികവ് കാട്ടിവരുന്നുണ്ട്. പേസ് കരുത്തായി ബേസില്‍, എം.ഡി. നിധീഷ് എന്നിവരുണ്ട്. ഓള്‍ റൗണ്ടര്‍മാരെങ്കിലും അതിഥി താരങ്ങളായ ജലജ് സക്സേനയും ആദിത്യ സര്‍വതേയും അതിശക്തമായ ബൗളിങ് കരുത്താണ്. എല്ലാത്തിനുമുപരിയായി ടീമിനൊപ്പം വിലപ്പെട്ട നിര്‍ദേശങ്ങള്‍ പകര്‍ന്ന് അവരില്‍ ഒരാളായി പരിശീലകന്‍ അമയ് ഖുറേസിയയും ഒപ്പമുണ്ട്.
ഒരു മത്സരത്തില്‍പ്പോലും പരാജയപ്പെടാതെയാണ് വിദര്‍ഭയുടെ കുതിപ്പ്. ഏഴില്‍ ആറ് മത്സരത്തിലും ജയിച്ച ഏക ടീം. 40 പോയിന്റാണ് ഏഴ് മത്സരങ്ങളില്‍നിന്ന് വാരിക്കൂട്ടിയത്. കഴിഞ്ഞ തവണയും വിദര്‍ഭതന്നെയായിരുന്നു ഫൈനലില്‍. എന്നാല്‍, മുംബൈയോട് തോല്‍ക്കുകയായിരുന്നു. അതേ മുംബൈയെ ഇത്തവണ സെമിയില്‍ കീഴടക്കിയാണ് വിദര്‍ഭ കലാശപ്പോരിനെത്തിയിരിക്കുന്നത്. മലയാളി താരം കരുണ്‍ നായരാണ് അവരുടെ ബാറ്റിങ് കരുത്ത്. 14 ഇന്നിങ്സുകളില്‍നിന്ന് 642 റണ്‍സ് കരുണ്‍ ഇതിനകം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ രണ്ട് തവണ കിരീടം ചൂടിയിട്ടുള്ള ടീമാണ് വിദര്‍ഭ. അതില്‍ ഒരു തവണ കിരീടം നേടിയത് ഇതേ മൈതാനത്തുവച്ചാണ്.
ടീമില്‍ മാറ്റമുണ്ടാകുമോ?
ഫൈനലില്‍ കേരളം കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ച ടീമില്‍ നിന്നുംകാര്യമായ മാറ്റങ്ങള്‍ വരുത്താനിടയില്ല. പിച്ചിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഏതാനും മാറ്റങ്ങള്‍ക്ക് മാത്രമാണ് സാധ്യത. സല്‍മാന്‍ നിസാറും മുഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുന്‍നിര കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ കേരളത്തിന്റെ ബാറ്റിങ് നിര അതിശക്തമാണ്. കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങില്‍ നിധീഷും ജലജ് സക്സേനയും ആദിത്യ സര്‍വതെയുമാണ് കേരളത്തിന്റ കരുത്ത്. സീസണില്‍ ഇത് വരെ കാഴ്ച വച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാല്‍ ആദ്യ കിരീടം അസാധ്യമല്ല.
വിദര്‍ഭ ചെറിയ മീനല്ല
2018ലും 19ലും കപ്പുയര്‍ത്തിയ വിദര്‍ഭ കഴിഞ്ഞ വര്‍ഷം റണ്ണേഴ്സ് അപ്പുമായി. യഷ് റാഥോട്, ഹര്‍ഷ് ദുബെ, അക്ഷയ് വാഡ്കര്‍, അഥര്‍വ്വ ടായ്ഡെ, കരുണ്‍ നായര്‍, തുടങ്ങിയ പ്രതിഭകളുടെ നിണ്ട നിര തന്നെയുണ്ട് വിദര്‍ഭ ടീമില്‍. ഇതില്‍ യഷ് റാഥോട്, ഹര്‍ഷ് ദുബെ എന്നിവരുടെ പ്രകടനമാണ് ഫൈനലിലും വിദര്‍ഭയെ സംബന്ധിച്ച് നിര്‍ണ്ണായകമാവുക. ഇത് വരെ ഒന്‍പത് മത്സരങ്ങളില്‍ നിന്നായി 933 റണ്‍സ് നേടിയിട്ടുണ്ട് യഷ് റാത്തോഡ്. 17 റണ്‍സ് കൂടി നേടിയാല്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം റാത്തോഡിനെ തേടിയെത്തും. മറുവശത്ത് ഇത് വരെ 66 വിക്കറ്റുകള്‍ നേടിയ ഹര്‍ഷ് ദുബെയ്‌ക്ക് 3 വിക്കറ്റുകള്‍ കൂടി നേടിയാല്‍ രഞ്ജി ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കാം.
രഞ്ജി നോക്കൗട്ട് ഘട്ടത്തില്‍ വിദര്‍ഭയോട് കേരളത്തിന്റെ റിക്കാര്‍ഡ് മികച്ചതല്ല 2017-18ല്‍ വിര്‍ഭയോട് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായ കേരളം അടുത്ത വര്‍ഷം സെമിയിലും അവരോട് തോല്‍വി വഴങ്ങുകയായിരുന്നു. അതിന് മറുപടി നല്‍കാനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ ഫൈനല്‍.
ടീം-
കേരളം: അക്ഷയ് ചന്ദ്രന്‍, റോഹന്‍ കുന്നുമ്മല്‍, വരുണ്‍ നായനാര്‍, സച്ചിന്‍ ബേബി(ക്യാപ്റ്റന്‍), ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍(വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ആദിത്യ സര്‍വതെ, എം.ഡി. നിധീഷ്, നെടുംകുഷി ബേസില്‍, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, ബാബാ അപരാജിത്, ഫാസില്‍ ഫാനൂസ്, വത്സല്‍ ഗോവിന്ദ്, ഷോണ്‍ റോജര്‍, വൈഷാഖ് ചന്ദ്രന്‍, കൃഷ്ണ പ്രസാദ്, കെ.എം. ആസിഫ്.
വിദര്‍ഭ: അഥര്‍വ ടൈഡെ, ധ്രുവ് ഷൂരി, പാര്‍ത്ഥ് റെഖാഡെ, ഡാനിഷ് മലേവാര്‍, കരുണ്‍ നായര്‍, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കര്‍(ക്യാപ്റ്റന്‍), ഹര്‍ഷ് ദുബേ, നചികേത് ബൂട്ട്, ദര്‍ശഷന്‍ നല്‍കണ്ഡെ, യാഷ് ഠാക്കൂര്‍, അക്ഷ വാഖരെ, അക്ഷയ് കര്‍ണേവാര്‍, സിദ്ധേഷ് വാഥ്, ആദിത്യ താക്കറെ, ശുഭം കാപ്‌സെ, അമന്‍ മൊഖാദെ, മന്ദര്‍ മഹാലെ, യാഷ് കാദം, പ്രഫൂല്‍ ഹിന്‍ജെ, ഉമേഷ് യാദവ്.
അവസാനമായി നേര്‍ക്കുനേര്‍ കണ്ടത് 2020ല്‍
രഞ്ജി ട്രോഫി ഫൈനലില്‍ ഇന്ന് കിരീടപ്പോരിനായി ഇറങ്ങുന്ന വിദര്‍ഭയും കേരളയും ഇതിന് മുമ്പ് ഏറ്റുമുട്ടിയത് 2020ല്‍. അന്ന് രണ്ട് ടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു. മത്സരത്തിന്റെ രണ്ട് ദിനങ്ങള്‍ മഴ അപഹരിച്ചതിനാല്‍ കളി സമനിലയില്‍ പിരിയുകയായിരുന്നു. കരുത്തരായ വിദര്‍ഭയ്‌ക്കെതിരെ മികച്ച പോരാട്ട വീര്യമാണ് അന്ന് കേരളം കാഴ്‌ച്ചവച്ചത്.
ആദ്യം ബാറ്റ് ചെയ്തത് വിദര്‍ഭയാണ്. 107.4 ഓവറില്‍ 326 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിന് സാധിച്ചു. ജലജ് സക്‌സേനയും സന്ദീപ് വാര്യരും നേതൃത്വം നല്‍കുന്ന ബൗളിങ് നിര ആണ് അന്ന് കേരളത്തിന് രക്ഷയായത്. ബാറ്റര്‍മാരായ ഗണേഷ് സതീഷ്(58), വസീം ജാഫര്‍(57) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികള്‍ തുണയായി. ഒപ്പം ദര്‍ശന്‍ നല്‍കണ്ടെയുടെ അര്‍ദ്ധ സെഞ്ച്വറി(66) കൂടിയായതോടെ വിദര്‍ഭ ആദ്യ ഇന്നിങ്‌സില്‍ മോശമല്ലാത്ത ടോട്ടലില്‍ എത്തിചേര്‍ന്നു.
ഇതിനെതിരെ ഗംഭീര പ്രകടനമാണ് കേരളം കാഴ്‌ച്ചവച്ചത്. മുഹമ്മദ് അസറുദ്ദീന്‍(81) റണ്‍സുമായി തിളങ്ങി. ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സറുമായിരുന്നു അസറുദ്ദീന്റെ നേട്ടം. ജലജ് സക്‌സേന(30), സച്ചിന്‍ ബേബി(പുറത്താകാതെ 30) എന്നിവരുടെ കൂടി മികവില്‍ കേരളം 54 ഓവറില്‍ മൂന്നിന് 191 എന്ന മികച്ച നിലയില്‍ പുരോഗമിക്കുമ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. ഒടുവില്‍ മത്സരം സമനിലയി കലാശിച്ചതായി പ്രഖ്യാപിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക