തിരുവനന്തപുരം: കാമുകിയും സ്വന്തം സഹോദരനും ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്. കൂട്ടക്കൊലക്ക് പിന്നാലെ താൻ വിഷം കഴിച്ചെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
അതേസമയം, 23കാരനായ അഫാൻ കൂട്ടക്കുരുതി നടത്തിയത് ഒരേ രീതിയിലായിരുന്നു. അഞ്ച് പേരെയും തലക്ക് അടിച്ചായിരുന്നു കൊലപ്പെടുത്തിയിരുന്നത്. ചുറ്റിക ഉപയോഗിച്ചായിരുന്നു കൊലപാതക പരമ്പര നടത്തിയത്. 13കാരനായ സഹോദരനെ ഉൾപ്പെടെയാണ് അഫാൻ കൊന്നത്. നാല് ബന്ധുക്കാരെയും പെൺസുഹൃത്തിനെയുമാണ് അഫാന്റെ കൂട്ടക്കുരുതിയ്‌ക്കിരയായത്.
അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മാതാവ് ഷെമി ചികിത്സയിൽ തുടരുകയാണ്.സാമ്പത്തിക ബാധ്യതയാണ് കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞതിനെ തുടർന്ന് വൻ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരിലും നിന്നായി വൻതുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.
കടബാദ്ധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, പൊലീസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
3 വീടുകളിലായി 6 പേരെ കൊലപ്പെടുത്തിയതായാണ് യുവാവ് മൊഴി നൽകിയത്. മാതാവിനെ ആക്രമിച്ചായിരുന്നു ക്രൂരകൃത്യത്തിന്റെ തുടക്കം. മാതാവിന്റെ കഴുത്തിൽ ഷാൾ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ച് ബോധരഹിതയായ മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക്. ആഭരണം ചോദിച്ച് തർക്കമായതോടെ സൽമാ ബീവിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുകയായിരുന്നു. ശേഷം പെൺസുഹൃത്ത് ഫർസാനയുടേയും സഹോദരന്റെയും ജീവനെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക