Kerala

ശിവരാത്രിമഹോത്സവത്തിന് നാടൊരുങ്ങി; നാളെ ശിവാലയ ഓട്ടം, 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലുമായി ദർശനം

Published by

നാഗര്‍കോവില്‍: മഹാ ശിവരാത്രി ഭക്തി നിര്‍ഭരമായി ആഘോഷിക്കാന്‍ നാടൊരുങ്ങിക്കഴിഞ്ഞു. ശിവഭക്തരെ വരവേല്‍ക്കാന്‍ കന്യാകുമാരി ജില്ലയിലെ ശിവാലയ ക്ഷേത്രങ്ങളില്‍ പ്രത്യേക ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി. ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം കന്യാകുമാരി ജില്ലകളില്‍ ശിവഭക്തരുടെ ആചാരമായ ശിവാലയ ഓട്ടം ശിവാലയ ഓട്ടം നാളെ ആരംഭിക്കും.

കന്യാകുമാരി ജില്ലയിലെ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് നഗ്‌ന പാദരായി നടത്തുന്ന ദര്‍ശനമാണിത്.തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നീ 12ക്ഷേത്രങ്ങളിലുംഒരുദിവസംകൊണ്ടു ഓടിദര്‍ശനം നടത്തുന്ന ആചാരമാണിത്. മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ്ശിവാലയഓട്ടത്തിനുപിന്നിലുള്ള ഐതിഹ്യം നിലനില്‍ക്കുന്നത്.

നാളെ സന്ധ്യയ്‌ക്ക് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടമാരംഭിക്കും. വെള്ളമുണ്ടോ കാവി മുണ്ടോ ആണ് വേഷം. കൈകളില്‍ വിശറിയുണ്ടാകും. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളില്‍ ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍വഴിയാത്രയ്‌ക്കാവശ്യമായ പണവും കരുതും. ‘ ഗോവിന്ദാ ഗോപാല’ എന്ന നാമം ഉദ്ധരിച്ച് പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു. ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു.

ശിവാലയ ഓട്ടത്തിലെ ഒന്നാമത്തെ ക്ഷേത്രം തിശൂലപാണി ഭാവത്തില്‍ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന കുഴിത്തുറ വെട്ടുവെന്നിയില്‍ നിന്നും തേങ്ങാപ്പട്ടണത്തേക്കുള്ള വിഴിയലെ തിരുമല ക്ഷേത്രം. അവിടെനിന്നും നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയുള്ള തിക്കുറിച്ചി ശിവക്ഷേത്രത്തിലെത്തും. മാര്‍ത്താണ്ഡം പാലത്തിലൂടെ ഞാറാം വിളയിലെത്തി ചിതറാളിലേക്കുള്ള വഴിയിലൂടെ ഈ ക്ഷേത്രത്തിലെത്താം. മൂന്നാമത്തെ ക്ഷേത്രം തൃപ്പരപ്പാണ്. കോതയാറിന്റെ തീരത്തുള്ള തൃപ്പരപ്പ് ശിവക്ഷേത്രത്തില്‍ ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് ശിവ പ്രതിഷ്ഠ.

കേരളീയ ക്ഷേത്ര ശില്‍പകലാ രീതിയല്‍ നന്ദികേശ്വര രൂപത്തില്‍ ശിവ പ്രതിഷ്ഠയുള്ള തിരുനന്തിക്കരയാണ് നാലാമനത്തെ ക്ഷേത്രം. അഞ്ചാമത് എത്തേണ്ടത് പൊന്മന ശിവക്ഷേത്രമാണ്. പൊന്മനയിലെ ശിവന്‍ തീമ്പിലാധിപന്‍എന്നാണറിയപ്പെടുന്നത്. തീമ്പന് എന്ന ശിവഭക്തന് ദര്‍ശനം നല്‍കിയതുമായി ബന്ധപ്പെട്ടാണ് പേരുണ്ടായത്. അവിടെന്നനും പന്നിപ്പാകം ശിവക്ഷേത്രത്തില്‍ തൊഴണം.

കല്‍ക്കുളം ശിവക്ഷേത്രമാണ് ഏഴാമത്തേത്. ശിവാലയ ഓട്ടം നടക്കുന്ന ശിവക്ഷേത്രങ്ങളില്‍ പാര്‍വതി സമധനായ ശിവപ്രത്ഷ്ഠയും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രമാണിത്. മാര്ത്താണ്ഡവര്മ്മ തിരുവിതാംകൂറിന്റെ തലസ്ഥാനമായി കല്ക്കുളം തെരഞ്ഞെടുക്കുകയും പത്മനാഭപുരം എന്ന് പേരിടുകയും ചെതു. അവിടെനിന്നും കാലകാല രൂപത്തില്‍ പ്രതിഷ്ഠയും എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയവുമുള്ള മേലാങ്കോട് തൊഴണം. ചടയപ്പന് അഥവാ ജടയപ്പന്‍ പ്രതിഷ്ഠയുള്ള തിരുവിടൈക്കോട് ആണ് ഒമ്പതാമത് തൊഴേണ്ടത്. ഇവിടത്തെ നന്ദികേശന്് ജീവന്‍ വച്ചതോടെയാണ് തിരുവിടൈക്കോട് എന്ന പേരുവന്നതാണെന്നാണ് ഐതിഹ്യം. അവിടെ നിന്നും തിരുവിതാംകോട് ശിവക്ഷേത്രത്തിലെത്തണം. ആയ്, വേല്‍ രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണിത്.

മഹാവിഷ്ണുവിന്റെ വരാഹാവതാരവുമായി ബന്ധപ്പെട്ട തൃപ്പന്നിക്കോട് ശിവക്ഷേത്രമാണ് പിതിനൊന്നാമതുള്ളത്. വരാഹത്തിന്റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണു പ്രതിഷ്ഠ. ഒടുവില്‍ തിരുനട്ടാലം ശിവക്ഷേത്രത്തിലെത്തി ശങ്കരനാരായണ പ്രതിഷ്ഠയും ശിവ പ്രതിഷ്ഠയും തൊഴുന്നതോടെ ശിവാലയ ഓട്ടക്രമം പര്യവസാനിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by