Kerala

സിനിമാ സമരത്തോട് യോജിപ്പില്ലെന്ന് താരസംഘടനായ അമ്മ; അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യവും തള്ളി

Published by

കൊച്ചി: സിനിമാ സമരം നടത്താനുള്ള നിർമാതാക്കളുടെ തീരുമാനം ആംഗീകരിക്കാൻ കഴിയില്ലെന്ന് താരസംഘടനയായ അമ്മ. ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി. അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യവും തള്ളി.

പ്രതിഫല വിഷയത്തിൽ സമവായ ചർച്ച നടത്താൻ ഒരുക്കമാണെന്നും അമ്മ വ്യക്തമാക്കി. താര സംഘടനയുടെ അടിയന്തര യോ​ഗത്തിലാണ് തീരുമാനം. മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള താരങ്ങൾ അമ്മ ആസ്ഥാനത്ത് എത്തിയിരുന്നു. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്.

പ്രതിഫലം തവണകളായി നല്‍കുന്നത് സംബന്ധിച്ച് ചില നിബന്ധനകള്‍ നിര്‍മാതാക്കളുടെ സംഘടന മുന്നോട്ട് വെച്ചിരുന്നു. അതേസമയം സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫിലിം ചേംബറിന്റെ നിർണായകയോഗം ഇന്ന് കൊച്ചിയിൽ ചേരും. എതിർത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകൾ രംഗത്ത് എത്തിയതോടെ സമരപ്രഖ്യാപനം വിവാദമായിരുന്നു. സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കാനാണ് ഫിലിം ചേംബറിന്റെ യോഗം.

അമ്മ യോഗത്തിലെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ഡയറക്ടഴ്സ് യൂണിയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ഡയറക്ടേഴ്സ് യൂണിയന്റെ നിലപാട്. ഫിലിം ചേംബറിന്റെ പിന്തുണ ലഭിച്ചാൽ സമരവുമായി മുന്നോട്ട് പോകാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by