ക്രൂരമുഖവും രൗദ്രഭാവവുമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്. അസാമാന്യ അഭിനയ പാടവം കാഴ്‌ച്ചവെച്ച് കന്നി ചിത്രത്തില്‍ തിളങ്ങിയ താരം. നാട്ടിന്‍പുറത്തെ ചുമട്ടുതൊഴിലാളിയുണ്ടായിരുന്നു മലയാള സിനിമയില്‍. കാലം അയാള്‍ക്കൊരു നാമധേയം നിര്‍ദ്ദേശിച്ചു, അച്ചന്‍കുഞ്ഞ്. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക മനസ്സില്‍ കുടിയേറിയ മഹാനടന്‍! പൗരുഷത്വത്തിന്റെ പ്രതിരൂപമായി അകാലത്തില്‍ പൊലിഞ്ഞുപോയ ആ അഭിനയ പ്രതിഭയുടെ വേര്‍പ്പാടിനിപ്പോള്‍ 37 വയസ്സ്. ഭരതന്റെ സിനിമകളിലൂടെ കഴിവുതെളിയിച്ച പ്രതിഭാധനനായ നടന്‍. സിനിമാഭിനയത്തിലേക്ക് വൈകിവന്ന വെളിച്ചമായിട്ടും, ചുരുങ്ങിയ കാലയളവിനുള്ളില്‍ അന്‍പതോളം ചിത്രങ്ങളില്‍ നിറഞ്ഞുനിന്നു. ദരിദ്രമായ ജീവിതചുറ്റുപാടില്‍ ജനിച്ചുവീണ അച്ചന്‍കുഞ്ഞ്, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍, കോട്ടയം സസ്യ മാര്‍ക്കറ്റില്‍ പിടിവണ്ടി വലിച്ച് യാത്ര തുടങ്ങി. ഇരുപതാം വയസ്സില്‍ കോട്ടയം കച്ചേരികടവില്‍ ബോട്ട് ജെട്ടിയില്‍ ചുമട്ടുകാരനായി. അഭിനയ മോഹം തലയ്‌ക്കുപിടിച്ച അച്ചന്‍കുഞ്ഞിന്റെ ആദ്യതട്ടകം നാടക കളരിയായിരുന്നു. 1953 ല്‍ ‘വിധി’ എന്ന നാടകത്തിനുവേണ്ടി ആദ്യമായി മുഖത്ത് ചായം തേച്ചു. നാടകങ്ങള്‍ക്ക് ഏറെ ജനപ്രീതിയുണ്ടായിരുന്ന കാലത്ത് ‘സൗരയുധ’ മെന്ന നാടകത്തിലെ ആരാച്ചാരെന്ന ക്രൂരകഥാപാത്രത്തെ അവിസ്മരണീയമാക്കിതോടെ പുതിയൊരു താരോദയത്തിന് അവിടെ തുടക്കം കുറിച്ചു.
പ്രതിഭയുള്ളവനെ തടുക്കാന്‍ കാലത്തിനാകില്ലെന്ന് നാടക കളരിയിലൂടെ അച്ചന്‍ കുഞ്ഞ് തെളിയിച്ചു. കെപിഎസി, കേരളാ തീയേറ്റേഴ്‌സ്, രാഗം, മാളവിക, ദേശാഭിമാനി തുടങ്ങി വിവിധ നാടക സമിതികളിലായി മുപ്പതുവര്‍ഷത്തോളം തന്റെ തന്റെ കലാ വൈഭവം പ്രകടമാക്കി. വികാരവും ആവേശവുമായിരുന്നു അച്ചന്‍കുഞ്ഞിന് എന്നും അഭിനയം. പത്മരാജനെന്ന യുവപ്രതിഭയുടെ സ്വര്‍ണ്ണനൂലില്‍ കോര്‍ത്തിണക്കിയ ‘ലോറി’ യെന്ന കഥയിലേയ്‌ക്ക് ‘വേലന്‍’ എന്ന തെരുവ് സര്‍ക്കസ്സുക്കാരന്റെ കഥാപാത്രത്തിന് പറ്റിയൊരു നടനെതേടി കഥാകൃത്തായ പത്മരാജനും സംവിധായകന്‍ ഭരതനും അലഞ്ഞുനടന്നിരുന്ന കാലം.
വര്‍ഷം 1978-79. ഇരുവരും ചേര്‍ന്ന് ആ ദൗത്യം നിര്‍മ്മാതാവും നടനുമായ പ്രേംപ്രകാശിനെ ഏല്‍പ്പിച്ചു. നാടകത്തില്‍ പയറ്റിത്തെളിഞ്ഞ അനുഭവ സമ്പത്തുള്ള ക്രൂരത നിഴലിക്കുന്ന ആറടിയില്‍ കൂടുതല്‍ ഉയരവും, ഭയാനക രൂപമുള്ളൊരു ചുമട്ടുതൊഴിലാളിയെ പ്രേംപ്രകാശ്, പത്മരാജന് പരിചയപ്പെടുത്തി. അതൊരു പൂര്‍ണ്ണ വിജയത്തിലാണ് കലാശിച്ചത്. ആ നാടക നടനെ പ്രധാന കഥാപാത്രമാക്കി 1980 ല്‍ പത്മരാജന്‍-ഭരതന്‍ കൂട്ടുകെട്ടില്‍ ‘ലോറി’ യെന്ന സിനിമ പിറവിയെടുത്തപ്പോള്‍ അച്ചന്‍കുഞ്ഞിന്റെ കൈകളില്‍ വേലന്‍ ഭദ്രമാകുകയും ചെയ്തു.
ആദ്യ സിനിമയില്‍തന്നെ ഇടിമുഴക്കം സൃഷ്ടിച്ചായിരുന്നു അച്ചന്‍കുഞ്ഞിന്റെ തുടക്കം. ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് ‘ലോറി’ യിലൂടെ അച്ചന്‍കുഞ്ഞ് സ്വന്തമാക്കിയതോടെ, മലയാള സിനിമയില്‍ തന്റെ ഇരിപ്പിടവും ഭദ്രമാക്കി. സുന്ദരന്മാരായ നായകന്മാരും വില്ലന്മാരും വിരസത സൃഷ്ടിച്ചിരുന്ന കാലത്താണ് വില്ലന്‍ വേഷത്തിന് പുതിയ രൂപവും ഭാവവും നല്‍കി അച്ചന്‍കുഞ്ഞ് മലയാള സിനിമയില്‍ ചേക്കേറിയത്. സൗന്ദര്യമല്ല, അഭിനയശേഷിയാണ് ഒരുകലാകാരന്റെ പിന്‍ബലമെന്ന് ‘ലോറി’ യിലൂടെ അച്ചന്‍കുഞ്ഞ് തെളിയിച്ചു.
ഭരതനെന്ന സംവിധായകന്‍ തൊട്ടതൊക്കെ പൊന്നാക്കിയിരുന്നകാലത്താണ് പത്മരാജനും ഭരതനും ചേര്‍ന്ന് മലയാള സിനിമയെ ‘ലോറി’ യില്‍ കയറ്റി പുതിയൊരു സഞ്ചാര പാതയിലൂടെ നയിച്ചത്. നിറഞ്ഞ സദസ്സില്‍ ആ ചിത്രം 150 ദിവസത്തിലേറെ ഓടി. ‘ലോറി’ യിലെ വേലനെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ അച്ചന്‍കുഞ്ഞ്, അക്കാലത്തെ മലയാള സിനിമയിലെ വില്ലന്‍ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു. ആദ്യ ചിത്രത്തില്‍തന്നെ പ്രേക്ഷകരെ അരിശം കൊള്ളിച്ച വേലന്‍, വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ഉയര്‍ത്തിയ വെല്ലുവിളി ചെറുതായിരുന്നില്ല.
മുഖത്തെ പരുക്കന്‍ ഭാവവും കനത്ത ശബ്ദവും അച്ചന്‍കുഞ്ഞെന്ന നടനെ വില്ലനാക്കുന്നതില്‍ ചെറുതായല്ല സഹായിച്ചത്. യഥാര്‍ത്ഥ ജീവിതത്തില്‍ നിര്‍മ്മല ഹൃദയനും സൗമ്യനുമായ അച്ചന്‍കുഞ്ഞ് എങ്ങിനെ ‘ലോറി’ യിലെ വേലനായെന്ന് ഭാര്യ അച്ചാമ്മപോലും സംശയിച്ചതില്‍ അദ്ഭുതപ്പെടാനില്ല. അത്രയും ക്രൂരകഥാപാത്രമായിരുന്നു ലോറിയിലെ ആ കഥാപാത്രം. പുതുതലമുറയ്‌ക്ക് കാര്യമായ പരിചിതമല്ലാത്ത ആ മുഖം പിന്നീട് മലയാള സിനിമയില്‍ നിറസാന്നിധ്യമായി ആറുവര്‍ഷത്തോളം നിറഞ്ഞുനിന്നു.
ഭരതന്‍, പത്മരാജന്‍, ഐ.വി.ശശി, ബാലുമഹേന്ദ്ര, ശശികുമാര്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങി പല സംവിധായകരോടൊപ്പം അന്‍പതോളം സിനിമകളില്‍ അച്ചന്‍കുഞ്ഞ് നിറസാന്നിധ്യമായി. മദ്യപാനി, കള്ളന്‍, ദുഷ്ടന്‍, കശ്മലന്‍, പോക്കിരി, ധിക്കാരി, പിടിവാശിക്കാരന്‍ എന്നീ കഥാപാത്രങ്ങളേയാണ് അച്ചന്‍കുഞ്ഞ് സ്വീകരിച്ചിരുന്നത്. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണത്രേ അച്ചന്‍കുഞ്ഞ് അഭിനയത്തിന്റെ ആനന്ദം അറിഞ്ഞിരുന്നത്. പടയോട്ടം, കടമ്പ, തിങ്കളാഴ്ച നല്ല ദിവസം, ചാട്ട, ഈനാട്, അതിരാത്രം, അമ്പിളി അമ്മാവന്‍, ആട്ടക്കലാശം, മീനമാസത്തിലെ സൂര്യന്‍, പിന്നെയും പൂക്കുന്ന കാട്, അരപ്പട്ടകെട്ടിയ ഗ്രാമം തുടങ്ങിയ സിനിമകളില്‍ എക്കാലവും ഓര്‍മിക്കുന്ന കഥാപാത്രങ്ങളെ അച്ചന്‍കുഞ്ഞ് അഭിനയ സിദ്ധിയാല്‍ അനശ്വരമാക്കി.
1987 ജനുവരി 16 ന് സിനിമാ പ്രേമികളുടെ മനംകവര്‍ന്ന് അന്‍പതാറാമത്തെ വയസ്സിലാണ് അച്ചന്‍കുഞ്ഞ് ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്ര തിരിച്ചത്. കോട്ടയം പുത്തനങ്ങാടി ചെറിയപള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുകയാണ് അച്ചന്‍കുഞ്ഞെന്ന ആ മഹാപ്രതിഭ. മലയാള സിനിമ കണ്ട ആ അദ്ഭുത പ്രതിഭയെ സിനിമാലോകം മരണത്തിനുശേഷം ഗൗനിച്ചില്ലെന്നുമാത്രമല്ല, അവഗണിക്കുകയും ചെയ്തു.
നാലുപതിറ്റാണ്ടോളം അനേകം കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിച്ച അച്ചന്‍കുഞ്ഞിന് ഏറ്റവും നല്ല നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടും സര്‍ക്കാരോ, സംഗീത-നാടക അക്കാദമിയോ, ചലച്ചിത്ര സംഘടനകളോ ആ നടന്റെ സ്മരണയ്‌ക്കായി ഒന്നും ചെയ്തില്ല. മൂന്നര പതിറ്റാണ്ടിലേറെ നാടകത്തിലും സിനിമയിലും നിറഞ്ഞുനിന്ന അച്ചന്‍കുഞ്ഞെന്ന മഹാനടന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ജ്വലിക്കുന്ന ഓര്‍മ്മയായി ഇന്നും അവശേഷിക്കുന്നു.
(ഗ്രാഫിക് ഡിസൈനിങ്ങ്: വിനോദ് ഒരുമനയൂര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക