ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ഇന്റര്‍സ്റ്റെല്ലാര്‍’ എന്നൊരു സിനിമയുണ്ട്. വികാരവും വിവേകവും ഭയവും ധൈര്യവുമൊക്കെ ചേര്‍ന്ന് പിരിമുറുക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍. സിനിമ പുറത്തിറങ്ങിയത് 2014 ല്‍.
സര്‍വനാശത്തെ അഭിമുഖീകരിക്കുന്ന ഭൂമിയുടെ കഥയാണ് ക്രിസ്റ്റഫര്‍ നോലന്‍ നമുക്കു മുന്നില്‍ അവതരിപ്പിച്ചത്. വിളകള്‍ പാടെ നശിച്ച് ഊഷരമായ ഭൂമി. വീശിയടിക്കുന്ന പൊടിക്കാറ്റില്‍ മണ്ണിന്റെ ഫലപുഷ്ടി തീര്‍ത്തും നശിച്ചിരിക്കുന്നു. കടുത്ത ജലക്ഷാമം: മനുഷ്യ വര്‍ഗമാകെ പട്ടിണിയിലേക്ക് വീഴുന്ന അവസ്ഥ. സകല ചരാചരങ്ങളെയും പരിസ്ഥിതി ദുരന്തം വേട്ടയാടുകയാണ്.
മനുഷ്യവര്‍ഗം നിലനില്‍ക്കണമെങ്കില്‍ ഇനി ഒരൊറ്റ വഴി മാത്രം. ആകാശത്തിന്റെ അനന്തതകളില്‍ അലഞ്ഞ് മനുഷ്യന് രാപാര്‍ക്കാന്‍ പറ്റിയ ഇടം കണ്ടെത്തണം. ‘നാസ’യിലെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ അതിനായി വലിയൊരു ബഹിരാകാശ വാഹനമൊരുക്കി. ‘എന്‍ഡ്യൂറന്‍സ്’ എന്നു പേരുമിട്ടു. നല്ലൊരു കര്‍ഷകന്‍ കൂടിയായ മുന്‍ സൈനിക പൈലറ്റ് കൂപ്പറിനാണ് ‘എന്‍ഡ്യൂറന്‍സ്’ പറത്താനുള്ള ദൗത്യം നല്‍കിയത്. മനുഷ്യവാസത്തിനു യോഗ്യമായ ഗ്രഹം കണ്ടെത്താനുള്ള തെരച്ചിലില്‍ അയാള്‍ അഭിമുഖീകരിക്കാത്ത വെല്ലുവിളികളില്ല. സമയത്തെ പിന്നോക്കമടിക്കുന്ന തമോഗര്‍ത്തങ്ങള്‍ ഉയര്‍ത്തിയ ഭീഷണികള്‍ അടക്കം! കൂപ്പറും മകള്‍ മര്‍ഫിയും തമ്മിലുള്ള അഗാധമായ സ്‌നേഹബന്ധമാണ് ഈ സിനിമയിലെ മറ്റൊരു പ്രത്യേകത.
കൂപ്പറുടെ ആകാശയാത്രയുടെ കഥ പറയാനൊരു കാരണമുണ്ട്. തികച്ചും കാലിക പ്രസക്തമായ ഒരു കാരണം. ബഹിരാകാശത്ത് വച്ച് രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ ചേര്‍ന്ന് ഒന്നാകുന്ന പ്രക്രിയയില്‍ ഭാരതത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഒ നേടിയ വിജയം. സിനിമയില്‍ കൂപ്പറുടെ വാഹനത്തിന് കേട് സംഭവിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ആകാശയാനത്തിന്റെ സഹായം കൂടിയേ തീരൂ. അപ്പോഴാണയാള്‍ ശനിഗ്രഹത്തെ പ്രദക്ഷിണം ചെയ്യുന്ന ഒരു കൂറ്റന്‍ ബഹിരാകാശ വാഹനത്തെ കണ്ടെത്തുന്നത്. അതിനാല്‍ എങ്ങനെയെങ്കിലും തന്റെ വാഹനത്തെ ഡോക്ക് ചെയ്ത് ഘടിപ്പിക്കണം.
അത്യപകടകരമായിരുന്നു ആ ദൗത്യം. സമയം, ദൂരം, വേഗത, ആകര്‍ഷണം തുടങ്ങിയ ഘടകങ്ങളെല്ലാം കിറുകൃത്യമായി. അതിനിടെ ‘എന്‍ഡ്യുറന്‍സി’നെ പിന്നാക്കം വലിക്കുന്ന ഒരു തമോദ്വാര (ബ്ലാക്ക് ഹോള്‍) ത്തിന്റെ അപകടകരമായ പിന്‍വലി. പക്ഷേ കൂപ്പര്‍ അത് സാധിച്ചു. രണ്ട് യാനങ്ങളും ഒന്നുചേര്‍ന്നു. ഡോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ മകള്‍ മര്‍ഫിയെ കണ്ട കൂപ്പറിന് ഏറെ സന്തോഷം! ഒരു സിനിമയില്‍ ചിത്രീകരിക്കുന്ന ആദ്യത്തെ ബഹിരാകാശ ‘ഡോക്കിങ്.’ അതിന്റെ അപകടസാധ്യതകളും അപാരമായ പ്രയോജനവും ആ സിനിമ കാണിച്ചുതന്നു.
അതീവദുഷ്‌കരമായ ‘ഡോക്കിങ്’ പ്രക്രിയ വിജയകരമായി നടപ്പിലാക്കിയതിലൂടെ ഐഎസ്ആര്‍ഒ അഭിമാനകരമായ പുതുവത്സര സമ്മാനമാണ് രാജ്യത്തിന് സമ്മാനിച്ചത്. യഥാക്രമം ‘ചേമ്പര്‍’, ‘ടാര്‍ഗറ്റ്’ എന്ന് വിളിക്കപ്പെടുന്ന എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങളായിരുന്നു ഈ വിജയകഥയിലെ അഭിനേതാക്കള്‍. ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി 60 ആണ് അവയെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. 2024 ഡിസംബര്‍ 30 ന് വിക്ഷേപിക്കപ്പെട്ട ഈ ഉപഗ്രഹങ്ങള്‍ 2025 ജനുവരി 16 ന് അവയുടെ ചരിത്രദൗത്യം നിറവേറ്റി. ഡോക്കിങ് സമയം അവ ഭൂമിയില്‍ നിന്ന് 475 കി.മീ. ഉയരത്തിലായിരുന്നു.
ഇതോടെ ബഹിരാകാശ ഡോക്കിങ് നടത്താന്‍ കഴിഞ്ഞ നാലാമത്തെ ലോകശക്തി എന്ന ബഹുമതി ഭാരതത്തിന് സ്വന്തം. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം മുന്നേ കരസ്ഥമാക്കിയവര്‍. സാധാരണഗതിയില്‍ രണ്ട് ഉപഗ്രഹങ്ങളെ ആകാശത്തേക്കയക്കാന്‍ രണ്ട് റോക്കറ്റുകള്‍ വേണ്ടിവരും. പക്ഷേ ചെലവ് ചുരുക്കുന്നതില്‍ കേമന്മാരായ ഐഎസ്ആര്‍ഒ ഡോക്കിങ്ങിനുള്ള രണ്ട് ഉപഗ്രഹങ്ങളെയും ഒരൊറ്റ റോക്കറ്റില്‍ കയറ്റിവിട്ടു. വിക്ഷേപണത്തിന് വേണ്ടിവന്ന ആകെ ചെലവ് കേവലം 370 കോടി രൂപ മാത്രം.
അപാരമായ സാധ്യതകളാണ് ഈ ഡോക്കിങ് വിജയം ഭാരതത്തിനു മുന്നില്‍ തുറന്നിടുന്നത്. ഭൂമിയില്‍ നിന്നയക്കുന്ന മാതൃപേടകങ്ങളില്‍ നിന്ന് ഇതര ഗ്രഹങ്ങളില്‍ ഇറങ്ങുന്നതിനും ക്യാപ്‌സ്യൂള്‍ മാതൃവാഹനത്തിലേക്ക് ബന്ധിക്കുന്നതിനും ഡോക്കിങ് വിദ്യ കൂടിയേ തീരൂ. ഗ്രഹങ്ങളില്‍ നിന്ന് ഗ്രഹങ്ങളിലേക്കുള്ള ഗോളാന്തര യാത്ര എളുപ്പമാക്കുന്നതിനും ഈ വിദ്യ കൂടിയേ തീരൂ. ആകാശയാത്രയില്‍ തകരാറുകള്‍ സംഭവിക്കുന്ന സ്‌പേസ് വാഹനങ്ങളിലുള്ളവരെ സഹായിക്കാനും അവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചുകൊടുക്കാനും ഡോക്കിങ് വിദ്യ വേണം. രക്ഷാദൗത്യങ്ങള്‍ക്കും ഇത് അത്യാവശ്യം. അനന്തമായ ആകാശത്ത് നടത്തുന്ന അന്വേഷണ ദൗത്യങ്ങള്‍ക്ക് കരുത്തുപകരാനും ഡോക്കിങ് അറിഞ്ഞിരിക്കണം. ഭാവിയില്‍ ആരംഭിക്കുന്ന ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ വിജയകരമായ പ്രവര്‍ത്തനത്തിനും ചന്ദ്രനില്‍ നിന്ന് മണ്ണും കല്ലും ശേഖരിക്കാനുള്ള നിര്‍ദിഷ്ട ചന്ദ്രയാന്റെ വിജയത്തിനും ഡോക്കിങിലെ പ്രാവീണ്യം കുറച്ചൊന്നുമല്ല നമ്മെ സഹായിക്കുക. ഐഎസ്ആര്‍ഒയിലെ മിടുമിടുക്കരായ ശാസ്ത്രജ്ഞരെ നമുക്ക് ഹൃദയപൂര്‍വം അഭിനന്ദിക്കാം!
പരിസ്ഥിതി അടിയന്തരാവസ്ഥ
പെറു എന്ന രാജ്യം പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. പെറുവിന്റെ വടക്കന്‍ പ്രവിശ്യയായ തലാറയിലാണ് 90 ദിവസത്തേക്ക് പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ അധീനതയിലുള്ള എണ്ണ ശുദ്ധീകരണശാലയില്‍ നിന്ന് ഡിസംബര്‍ 20 ന് ചോര്‍ന്ന ഓയില്‍ 10,000 ചതുരശ്രമീറ്ററില്‍ വ്യാപിച്ചതാണത്രേ 2024 ഡിസംബര്‍ 26 ലെ ഈ ഉത്തരവിന് കാരണം. ഡിസംബര്‍ 15 ന് കരിങ്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 9200 ടണ്‍ ഓയില്‍ കടലില്‍ ചോര്‍ന്ന സംഭവത്തിനു തൊട്ടുപിന്നാലെയാണ് പെറുവിലെ ഈ അപകടം. രണ്ട് കപ്പലുകളും കൂട്ടിയിടിച്ച് മുങ്ങി. പിടിപ്പുകേടും ശ്രദ്ധക്കുറവുമാണ് ഈ പരിസ്ഥിതി ദുരന്തത്തിന് കാരണമായതെന്ന് ലോകരാഷ്‌ട്രങ്ങള്‍ വിമര്‍ശിക്കുന്നു.
തലച്ചോറിലെ പ്ലാസ്റ്റിക്
കണ്ടുപിടുത്തങ്ങള്‍ പലപ്പോഴും നമ്മെ അമ്പരപ്പിക്കും. അത്തരമൊരു വിവരമാണ് നേച്ചര്‍ മെഡിസിന്‍ ജേര്‍ണലിന്റെ പുതിയ ലക്കം അവതരിപ്പിക്കുന്നത്. മനുഷ്യന്റെ തലച്ചോറില്‍ ഒരു സ്പൂണില്‍ കൊള്ളാന്‍ മാത്രം മൈക്രോപ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍. പരമാവധി ഏഴ് ഗ്രാം വരെ മൈക്രോപ്ലാസ്റ്റിക്കുകളും നാനോ പ്ലാസ്റ്റിക്കുകളും… മൃതശരീരങ്ങളുടെ തലച്ചോറുകള്‍ പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. മനുഷ്യ മസ്തിഷ്‌കത്തിലെ പ്ലാസ്റ്റിക് കണികകളുടെ അളവ് കാലാനുസൃതമായി വര്‍ധിച്ചുവരികയാണത്രെ, 2016 ല്‍ കണ്ടെത്തിയതിനെക്കാള്‍ 50 ശതമാനം വര്‍ധന 2024 ല്‍. ഡിമെന്‍ഷ്യ രോഗികളുടെ തലച്ചോറിലാണ് മൈക്രോ പ്ലാസ്റ്റിക്കുകള്‍ കൂടുതലായും കാണപ്പെട്ടതെന്നും ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക