ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒരേ കാലഘട്ടത്തില്‍ ഹിമാലയത്തില്‍ തപസ് ചെയ്ത് ബ്രഹ്മജ്ഞാനികളായി തീര്‍ന്ന തെക്കെ ഇന്ത്യയില്‍ നിന്നുള്ള മഹത്തുക്കളാണ് തപോവനസ്വാമികള്‍, സ്വാമി ശിവാനന്ദ, സ്വാമി പുരുഷോത്തമാനന്ദ എന്നിവര്‍.
തിരുവല്ലയിലെ കുഴിയില്‍ പറമ്പില്‍ എന്ന് പ്രസിദ്ധമായ നായര്‍ തറവാട്ടില്‍ നാരായണന്‍ നായരുടെയും പാര്‍വതിഅമ്മയുടെയും ദീര്‍ഘകാലത്തെ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം 1879ല്‍ ജനിച്ച നീലകണ്ഠന്‍ എന്ന പുത്രനാണ് പില്‍ക്കാലത്ത് വസിഷ്ഠ ഗുഹയിലെ പുരുഷോത്തമാനന്ദ സ്വാമിജിയായി ഭാരതത്തില്‍ ഉടനീളം വിഖ്യാതനായി തീര്‍ന്നത്. കോളേജ് കാലത്ത് വാതരോഗത്താല്‍ പഠനം മുടങ്ങി. അച്ഛന്റെ ഭാഗവത പാരായണം കുഞ്ഞുനാളിലേ നീലകണ്ഠന്‍ കേട്ട് ആസ്വദിച്ചിരുന്നു. ഭജനയും സംഗീതവും വേദന സഹിക്കാന്‍ നീലകണ്ഠന് സഹായമായി തീര്‍ന്നു. സംസ്‌കൃതം സ്വയം പഠിച്ച് ഗീതയും ഭാഗവതവും ഭര്‍തൃഹരിയുടെ ദശകങ്ങളും നീലകണ്ഠന്‍ സ്വായത്തമാക്കി. മേല്പത്തൂരിനെ വാതരോഗത്തില്‍ നിന്ന് മുക്തനാക്കിയ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തെക്കുറിച്ച് കേട്ടറിഞ്ഞ നീലകണ്ഠന്‍ ഗുരുവായൂരില്‍ ചെന്ന് ഗുരുവായൂരപ്പനെ ഉപാസിക്കണം എന്ന് ആഗ്രഹിച്ചു. ‘നിങ്ങളുടെയും എന്റെയും ദുഃഖനിവാരണത്തിന് വീട് വിടുകയാണ്, ആരും വിഷമിക്കേണ്ട’ എന്ന് ഒരു കത്ത് എഴുതിവെച്ച് നീലകണ്ഠന്‍ അര്‍ദ്ധരാത്രി വീടുവിട്ടു. ബോട്ടില്‍ കയറി നീലകണ്ഠന്‍ എറണാകുളത്ത് എത്തി. അമ്മ വിഷമിക്കാതിരിക്കാന്‍ ഗുരുവായൂര്‍ക്ക് പോവുകയാണെന്ന് വീട്ടിലേക്ക് ടെലഗ്രാം അയച്ചു. കുതിരവണ്ടിയിലും കാളവണ്ടിയിലും ഒക്കെ യാത്ര ചെയ്ത് ഗുരുവായൂരില്‍ എത്തി ഭഗവത് ഭജനം തുടങ്ങി. ഒരു ദിവസം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അമ്മാവന്‍ അന്വേഷിച്ചെത്തിയെങ്കിലും മനസ്സ് മാറി നീലകണ്ഠന് ഗുരുവായൂരില്‍ തന്നെ താമസിക്കാനും ഉള്ള ഏര്‍പ്പാടു ചെയ്തു കൊടുത്തു.
നാരായണീയ പാരായണം, ശ്ലോകാര്‍ത്ഥ വിവരണം, ഭാഗവത ശ്രവണം, ജപം, ധ്യാനം എന്നിവ കൊണ്ട് നീലകണ്ഠന്റെ വാതരോഗത്തിന് ഒട്ടൊരു ശമനം ഉണ്ടായി. വടിയുടെ സഹായം ഇല്ലാതെ നടക്കാമെന്നായി. നാട്ടിലേക്ക് തിരിച്ചെത്തി വിദ്യാഭ്യാസം തുടരാന്‍ ശ്രമിച്ചെങ്കിലും വീണ്ടും രോഗബാധ കൂടി. ഒടുവില്‍, അമ്മയുടെ മരണശേഷം നീലകണ്ഠന്‍ പൂര്‍ണമായും ആധ്യാത്മിക ജീവിതം ആരംഭിച്ചു. ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ സ്വാമി നിര്‍മ്മലാനന്ദ ഹരിപ്പാട് എത്തിയപ്പോള്‍ തിരുവല്ലയിലെ മുന്‍സിഫ് ആയിരുന്ന നാരായണപിള്ളയുമൊത്ത് നീലകണ്ഠന്‍ അദ്ദേഹത്തെ ദര്‍ശിച്ചു. പിന്നീട് ബാംഗ്ലൂരില്‍ ചെന്ന് നിര്‍മ്മലാനന്ദയുമായി അടുത്ത ഇടപഴകി. സാധകന്‍മാരെ മെരുക്കിയെടുക്കാന്‍ സ്വാമിജിക്ക് പ്രത്യേക മിടുക്കുണ്ടായിരുന്നു.
‘വജ്രാദപി കഠോരാണി മൃദൂനി കുസുമാദപി ‘എന്നത് നിര്‍മ്മലാനന്ദ സ്വാമിയുടെ കാര്യത്തില്‍ അന്വര്‍ത്ഥം ആയിരുന്നു. തിരുവല്ലയില്‍ ശ്രീരാമകൃഷ്ണ മഠം സ്ഥാപിക്കാനും അതിന്റെ മേല്‍നോട്ടം വഹിക്കാനും നിര്‍മലാനന്ദ സ്വാമി നീലകണ്ഠനെ ചുമതലപ്പെടുത്തി. നീലകണ്ഠ ഭക്തന്‍ എന്നാണ് സ്വാമിജി നീലകണ്ഠനെ വിശേഷിപ്പിച്ചത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ പുത്രനായ സ്വാമി ബ്രഹ്മാനന്ദയില്‍ നിന്ന് നീലകണ്ഠന്‍ മന്ത്രദീക്ഷ സ്വീകരിച്ചു. കന്യാകുമാരിയില്‍ വച്ച് നീലകണ്ഠന്റെ കൈ നോക്കിയിട്ട് നിര്‍മലാനന്ദ സ്വാമി ‘Bhakthan will go to a Cave and go on meditating’എന്നു പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. കൊയിലാണ്ടിയിലെ രാമകൃഷ്ണാശ്രമത്തിന്റെയും സ്‌കൂളിന്റെയും ചുമതല ചിട്ടപ്പെടുത്തിയ ശേഷം താന്‍ ബാംഗ്ലൂര്‍ക്ക് വരികയാണെന്ന് സ്വാമിജിക്ക് നീലകണ്ഠന്‍ കത്തെഴുതി. സ്വാമിജി തിരുവല്ലയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും നീലകണ്ഠന് താല്പര്യമുണ്ടായില്ല. അദ്ദേഹം ഗോകര്‍ണത്തേക്കും കൊയിലാണ്ടിയിലേക്കും ഗുരുവായൂരിലേക്കും ചെന്നതിനു ശേഷം തിരുവല്ലയിലേക്ക് തിരിച്ചെത്തിയെങ്കിലും തനിക്ക് ആശ്രമങ്ങളുടെ നടത്തിപ്പില്‍ താല്പര്യമില്ലെന്ന് നിര്‍മ്മലാനന്ദ സ്വാമിജിയെ അറിയിച്ചു.
‘ഭക്തനെ സ്വതന്ത്രനാക്കിയിരിക്കുന്നു. സാധനയും തപസ്സും അനുഷ്ഠിച്ച ശേഷം കര്‍മ്മമണ്ഡലത്തിലേക്ക് തോന്നുകയാണെങ്കില്‍ വന്നാല്‍മതി’ എന്ന് സ്വാമിജി നിര്‍ദേശിച്ചു. നീലകണ്ഠന്‍ ബേലൂര്‍ മഠത്തില്‍ ചെന്ന് ശിവാനന്ദജിയില്‍ നിന്ന് ദശനാമ പരമ്പരയില്‍ പുരുഷോത്തമാനന്ദ പുരി എന്ന നാമം സ്വീകരിച്ച് സംന്യാസിയായി ഹിമാലയത്തില്‍ ഗംഗയുടെ തീരത്ത് ധ്യാനവും തപസ്സും അനുഷ്ഠിച്ചു. ശീതകാലത്ത് ഗംഗോത്രി, കേദാര്‍നാഥ്. ബദരീനാഥ് എവിടങ്ങളില്‍ തപസ്സില്‍ മുഴുകി. അതിനിടെ വയറുവേദന കലശലായി ഗംഗയില്‍ ചാടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഗംഗയിലേക്ക് ചാടിയെങ്കിലും എവിടെയോ തങ്ങി താഴാതെ ദീര്‍ഘനേരം ഗംഗാജലത്തില്‍ കിടന്നു. അതോടെ വയറിന്റെ വേദന കുറഞ്ഞു. കുറച്ചു കാലം രാമഗുഹയില്‍ സ്വാമി താമസമാക്കി. പിന്നീട് വസിഷ്ഠ ഗുഹ തപസ്സിന് പറ്റിയ സ്ഥലമാണെന്ന് സ്വാമിജി മനസ്സിലാക്കി. പക്ഷേ അവിടേക്ക് റോഡില്ല, നടവഴി പോലുമില്ല. ചില സ്ഥലത്ത് നീന്തണം. ഋഷികേശത്തില്‍ നിന്ന് രണ്ടുമൂന്നു ദിവസത്തെ കഷ്ടപ്പാട് നിറഞ്ഞ യാത്ര വേണം വസിഷ്ഠ ഗുഹയില്‍ എത്താന്‍. ചുറ്റും ഘോരവനമാണ്. പുലികളും വിഷപ്പാമ്പും നിറഞ്ഞ സ്ഥലം. മൂന്നു നാഴിക ചുറ്റളവില്‍ ആരുമില്ല. പുലികള്‍ ഗുഹയുടെ പരിസരത്ത് വന്ന് കിടക്കും. ഗുഹയില്‍ വാതിലില്ല. സര്‍പ്പങ്ങള്‍ ഇഴഞ്ഞ് വരും. ഒരിക്കല്‍ സ്വാമി ധ്യാനത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ മുന്‍പില്‍ സര്‍പ്പം പത്തി വിടര്‍ത്തി നില്‍ക്കുന്നു. സ്വാമിജി കണ്ണടച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ സര്‍പ്പം അപ്രത്യക്ഷമായി. ഇടയ്‌ക്ക് ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ എത്തിയെങ്കിലും പിന്നീട് വസിഷ്ഠ ഗുഹയിലേക്ക് തിരിച്ചുപോയി. സ്വാമിജിയുടെ മഹത്വം അറിഞ്ഞു നേപ്പാള്‍ രാജകുമാരന്‍ ശിവരാത്രിക്ക് സ്വാമിജിയെ ക്ഷണിച്ചു. സ്വാമിജി മഹാരാജാവിനെ കണ്ട് ഗ്രാമത്തിലെ കുട്ടികള്‍ക്കായി സ്‌കൂള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചു. 1951-ല്‍ വീണ്ടും സ്വാമിജി കേരളത്തില്‍ വന്നു. ഗുരുവായൂര്‍ ദേവസ്വം അദ്ദേഹത്തിന് സ്വീകരണം നല്കി. മൂന്നു ദിവസത്തെ സ്വാമിജിയുടെ ഭാഗവത പ്രഭാഷണം അവിടെ നടന്നു. അത് കഴിഞ്ഞ് സ്വാമിജി വസിഷ്ഠ ഗുഹയിലേക്ക് തിരിച്ചു പോയി. ഭക്തന്മാരുടെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബ്ബന്ധ പ്രകാരം 1957 ല്‍ സ്വാമി തിരുവല്ല, ഹരിപ്പാട്, തിരുവനന്തപുരം എന്നീ രാമകൃഷ്ണാശ്രമങ്ങള്‍ സന്ദര്‍ശിച്ചു. ദേശമംഗലത്ത് ഓങ്കാര ആശ്രമത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
കേരളത്തില്‍ വരുമ്പോഴെല്ലാം പുരുഷോത്തമാനന്ദജി പാലക്കാട് വിജ്ഞാന രമണീയത്തില്‍ വന്ന് സത്സംഗം നടത്തുമായിരുന്നു. ഇതിനിടെ ഭക്തരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വാമിജി കന്യാകുമാരിയില്‍ എത്തി ഏതാനും ഭക്തശിഷ്യര്‍ക്കു സംന്യാസദീക്ഷ നല്‍കി.
വീണ്ടും വസിഷ്ഠ ഗുഹയിലേക്ക് തിരിച്ചു പോയ പുരുഷോത്തമാനന്ദ സ്വാമിജി 1961ല്‍ ശിവരാത്രി ദിവസം മഹാസമാധി ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക