Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Published by

കേരളത്തിലെ തനതായ ദ്രാവിഡ ആരാധനാരീതികളുള്ള ഒരു ക്ഷേത്രമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലെ പറശ്ശിനിക്കടവില്‍, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്ണവ സങ്കല്‍പ്പമായ ഭഗവാന്‍ മുത്തപ്പന്‍ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കല്‍പ്പം. തങ്ങളുടെ പ്രശ്‌നങ്ങള്‍ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്‌ക്ക് ആകര്‍ഷിക്കുന്നത്

കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റര്‍ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങളില്‍ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങള്‍ ഒഴികെ) തെയ്യം കെട്ടിയാടുന്നു. മുത്തപ്പന്‍ പരമാത്മാവിന്റെ രണ്ട് പ്രധാന ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് ; ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും. ഇവയെ പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളായ വെള്ളാട്ടവും തിരുവപ്പനയും ആണ് ഇവിടെ കെട്ടിയാടുന്നത്. നായ വാഹനമായിട്ടുള്ള ഭൈരവമൂര്‍ത്തിയായി പറശ്ശിനിക്കടവ് മുത്തപ്പനെ കണക്കാക്കാറുണ്ട്.

മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍

പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്. ക്ഷേത്രത്തില്‍ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

മടയന് ഉള്ള വഴിപാടുകള്‍ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞള്‍, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീര്‍ക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങള്‍, തേങ്ങാപ്പൂള് എന്നിവയാണ്. കൂടാതെ കരിച്ച ഉണക്കമീനും കള്ളും നൈവേദ്യമായി അര്‍പ്പിക്കാറുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by