ഗുവാഹത്തി: സാമാജിക പരിവർത്തനം അവനവനിൽ നിന്ന് ആരംഭിക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. പഞ്ച പരിവർത്തനം സമഗ്ര സാമൂഹികമാറ്റത്തിന്റെ താക്കോലാണ് . സംഘടിതവും ഏകാത്മകവുമായ സമാജ നിർമ്മിതിക്ക് ജാതി, മത, ഭാഷാ, പ്രദേശ ഭേദങ്ങൾക്കതീതമായ സൗഹാർദം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ബർശാപാര സൗത്ത് പോയിൻ്റ് സ്കൂൾ കാമ്പസിൽ ആർഎസ്എസ് ഗുവാഹത്തി മഹാനഗർ കാര്യകർത്തൃ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നതയുടെ ആശയങ്ങൾ തിരസ്കരിക്കണം. ക്ഷേത്രങ്ങളും ജലാശയങ്ങളും ശ്മശാനങ്ങളുമടക്കം എല്ലായിടവും എല്ലാവർക്കും വേണ്ടിയുള്ളതാണ്. പരസ്പര ബഹുമാനത്തിലൂടെയും സഹകരണത്തിലൂടെയും സാമാജിക സമരസത യാഥാർത്ഥ്യമാകണം. കുടുംബങ്ങളിൽ ഭാരതീയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജലസംരക്ഷണം, പോളിത്തീൻ ഉപയോഗം കുറയ്‌ക്കൽ, വൃക്ഷത്തൈ നടീൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി പരിസ്ഥിതി സംരക്ഷണം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തത്തിൽ നടപ്പാവണം. ഓരോ കുടുംബവും ഭാഷ, വസ്ത്രം, ഭക്ഷണം, പാർപ്പിടം, യാത്ര എന്നിവയിൽ തനിമയുടെ സംസ്കാരം സ്വീകരിക്കണം. വിദേശ ഭാഷകളുടെ ഉപയോഗം കുറയ്‌ക്കാനും മാതൃഭാഷയിൽ ആശയവിനിമയം നടത്താനും ഡോ. മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു.
എല്ലാവരും സർക്കാർ ചട്ടങ്ങളും നിയമങ്ങളും പാലിക്കണം അതേസമയം, സമൂഹത്തിന്റെ ക്ഷേമത്തിനായി ഒരു നിയമ പുസ്തകത്തിലും പരാമർശിച്ചിട്ടില്ലെങ്കിൽ കൂടി പരമ്പരാഗത സാമൂഹിക ധാർമ്മിക മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്, അദ്ദേഹം പറഞ്ഞു.
ഉത്തര ആസാം പ്രാന്ത സംഘചാലക് ഡോ. ഭൂപേഷ് ശർമ്മ, ഗുവാഹത്തി മഹാനഗർ സംഘചാലക് ഗുരു പ്രസാദ് മേധി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക