Kerala

ഇരിങ്ങാലക്കുടയില്‍ 150 കോടിയുടെ വന്‍ നിക്ഷേപത്തട്ടിപ്പ്; ഉടമകള്‍ ഒളിവില്‍

Published by

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടി. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യണ്‍ ബീസ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. കേരളത്തില്‍ ആകെ 150 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമികവിവരം.

സ്ഥാപനത്തിനെതിരെ നിരവധി പരാതികളും പോലീസിന് ലഭിച്ചു. സ്ഥാപന ഉടമകള്‍ മുങ്ങി. പോലീസ് അന്വേഷണം ആരംഭിച്ചു. ട്രേഡിങ്ങിലൂടെ അമിത പലിശ നല്കാമെന്ന് വിശ്വസിപ്പിച്ച് വലിയ സാമ്പത്തിക നിക്ഷേപം സ്വീകരിക്കുകയായിരുന്നു ബില്യണ്‍ ബീസ് എന്ന സ്ഥാപനം.

2020-മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. സ്ഥാപന ഉടമ ബിബിന്‍ ആയിരുന്നു ഈ നിക്ഷേപ സമാഹരണം നടത്തിയത്. വാഗ്ദാനത്തില്‍ വീണ നിരവധി പേര്‍ നിക്ഷേപം നടത്തി. ഇവര്‍ക്ക് ആദ്യത്തെ അഞ്ച് മാസത്തോളം സ്ഥാപനം നല്കാമെന്ന് പറഞ്ഞ പലിശ ലഭിച്ചിരുന്നു. പലിശ ലഭിച്ചവര്‍ വീണ്ടും ഇതേ സ്ഥാപനത്തില്‍ത്തന്നെ നിക്ഷേപം നടത്തി.

രണ്ടുകോടിയോളം രൂപ നിക്ഷേപം നടത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് മുടങ്ങി. നിലവില്‍ 32 പേരാണ് ഇരിങ്ങാലക്കുടയില്‍ മാത്രം സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2024 ഡിസംബറിലാണ് ആദ്യ പരാതി ഇരിങ്ങാലക്കുട പോലീസിന് ലഭിച്ചത്. ഇതില്‍ പോലീസ് കേസെടുത്തു. ഒരു കോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയിലാണ് പോലീസ് ആദ്യ കേസെടുത്തത്. തട്ടിപ്പിനിരയായ മറ്റുള്ളവരുടെ പരാതികള്‍ സ്വീകരിച്ചുവരികയാണിപ്പോള്‍.

10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 50,000 രൂപ ലാഭവിഹിതം തരാമെന്നും, ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതികളുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചത്. നിക്ഷേപി
ച്ച പണം തിരികെ ആവശ്യപ്പെടുന്നപക്ഷം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നല്കാമെന്നും ലാഭവിഹിതത്തിന്റെ ഒരുഭാഗം എല്ലാ മാസവും നല്കാമെന്നുമായിരുന്നു ബില്യന്‍ ബീസ് ഉടമകള്‍ പരാതിക്കാരുമായി കരാറുണ്ടാക്കിയത്.

കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകര്‍ക്ക് പണം നല്കുമെന്നും ഇവര്‍ ഉറപ്പു പറഞ്ഞിരുന്നു. ഇതിന് തെളിവായി ബിബിന്‍, ജെയ്ത, സുബിന്‍, ലിബിന്‍ എന്നിവര്‍ ഒപ്പുവച്ച ചെക്കും നിക്ഷേപകര്‍ക്ക് നല്കിയിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകര്‍ പണം തിരികെ ചോദിച്ചെത്തിയപ്പോള്‍ ബില്യന്‍ ബീസ് ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഇവര്‍ ദുബായ്‌യിലേക്ക് കടന്നെന്നും പരാതിക്കാര്‍ പറയുന്നു.

ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച തട്ടിപ്പ് പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കേരളത്തിന് പുറത്തും ദുബായ്‌യിലുമുള്‍പ്പെടെ ഈ സ്ഥാപനത്തിന്
ശാഖകളുണ്ട്. ദുബായ്‌യിലും നിരവധി പേര്‍ ഇതേ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്ഥാപന ഉടമകളായ നടവരമ്പ് സ്വദേശി ബിബിന്‍, ഭാര്യ ജയ്ത, ബിബിന്റെ സഹോദരന്‍ സുബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by