Health

സിസേറിയനിടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് ‘മറന്നുവച്ച’ വനിതാ ഡോക്ടര്‍ക്ക് 3 ലക്ഷം രൂപ പിഴ

Published by

തിരുവനന്തപുരം: സിസേറിയനിടെ യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ സര്‍ജിക്കല്‍ മോപ്പ് വച്ച് തുന്നിക്കെട്ടിയ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുജ അഗസ്റ്റിന് 3 ലക്ഷം രൂപ പിഴ വിധിച്ച് സ്ഥിരം ലോക് അദാലത്ത്. പതിനായിരം രൂപ ചികിത്സാ ചെലവും അയ്യായിരം രൂപ കോടതി ചെലവും ഡോക്ടര്‍ വേറെയും നല്‍കണം. 2022 ജൂലൈയില്‍ അമരവിള ജിജെ കോട്ടേജില്‍ ജിത്തുവിന്‌റെ (24) വയറ്റിലാണ് സിസേറിയന്‍ കഴിഞ്ഞ് സര്‍ജിക്കല്‍ മോപ്പ് വച്ചു മറന്നത്. സര്‍ജറി കഴിഞ്ഞ് പഴുപ്പും വേദനയും മൂലം ജിത്തു ഡോക്ടറെ വീട്ടില്‍ ചെന്ന് കണ്ടപ്പോള്‍ കാര്യമായ കുഴപ്പമില്ലെന്നു പറഞ്ഞ് ഡോക്ടര്‍ മരുന്നിനു കുറിച്ചു നല്‍കി മടക്കി അയയ്‌ക്കുകയായിരുന്നു. വേദന കലശലായതോടെ എസ്് എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് സര്‍ജിക്കല്‍ മോപ്പ് ഗര്‍ഭപാത്രത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
സിസേറിയന്‍ കഴിയുമ്പോള്‍ ബന്ധപ്പെട്ട സാധനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഡോക്ടര്‍ക്കുണ്ടായിരുന്നുവെന്ന് സ്ഥിരം ലോക് അദാലത്ത് ചെയര്‍മാന്‍ പി ശശിധരന്‍, അംഗങ്ങളായ വി എന്‍ രാധാകൃഷ്ണന്‍, മുഹമ്മദ് ഷെരീഫ് എന്നിവര്‍ വ്യക്തമാക്കി. സിസേറിയന്‍ നടക്കുമ്പോള്‍ രക്തവും മറ്റും വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സര്‍ജിക്കല്‍ മോപ്പ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by