Kerala

സെക്രട്ടറിയേറ്റിൽ അനുവദിക്കപ്പെട്ടതിനേക്കാൾ 700ലധികം അധിക തസ്തിക, ഇഷ്ടക്കാരെ തിരുകി കയറ്റിയതോടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം

Published by

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിൽ അനുവദിക്കപ്പെട്ടതിനേക്കാൾ അധികം തസ്തികയിൽ ഉദ്യോഗസ്ഥർക്ക് നിയമനം നൽകിയെന്ന് എജിയുടെ റിപ്പോർട്ട്. പൊതുഭരണ വകുപ്പിൽ എജി നടത്തിയ ഓഡിറ്റ് റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർക്കാരിന്റെ ഇഷ്ടക്കാർക്ക് വേണ്ടി 700ലധികം തസ്തിക അധികമായി സൃഷ്ടിച്ചെന്നാണ് കണ്ടെത്തൽ. സെക്രട്ടേറിയേറ്റിൽ 53 അഡിഷണൽ സെക്രട്ടറിമാരുടെ സ്ഥാനത്ത് 92 പേരാണ് ജോലി ചെയ്യുന്നത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോൾ സമാന തസ്തകിയിലേക്ക് ജൂനിയറായ ആൾക്ക് സ്ഥാനക്കയറ്റം നൽകും. പക്ഷെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ഉദ്യോഗസ്ഥൻ തിരിച്ചെത്തിയാലും അധിക തസ്തികകൾ തുടരും. അതാണ് ഇപ്പോൾ പിന്തുടരുന്ന രീതി. ഭരണ സിരാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ പുനർവിന്യാസം പഠിക്കാൻ നിയോഗിച്ച സെന്തിൽ കമ്മീഷൻ ശുപാർശ അനുസരിച്ച് 220 ഓഫീസ് അസിസ്റ്റന്റ് തസ്തികകൾ അനാവശ്യമാണെന്നും അവ റദ്ദാക്കണമെന്നും തീരുമാനിച്ചിരുന്നു.

അതിനു ശേഷവും 744 പേർ തുടരുകയാണ്. 38 ജോയിന്റ് സെക്രട്ടറിമാർ വേണ്ടിടത്ത് 71 പേരുണ്ട്. ഡെപ്യൂട്ടി സെക്രട്ടറിമാരുടെ തസ്തിക 49, പക്ഷെ നിലവിലുള്ളത് 63 പേർ. 136 അണ്ടർ സെക്രട്ടറിമാരുടെ സ്ഥാനത്ത് 172 പേരുമടക്കം ഉന്നത തസ്തികകളിൽ മാത്രം 122 പേരാണ് അധികം ജോലി ചെയ്യുന്നത്. എൻട്രി ലെവലിലും മിഡിൽ ലെവലിലുമായി ഉള്ളത് 372 അധിക തസ്തികളുണ്ട്. ആകെ 705 അധിക തസ്തികള്‍ സൃഷ്ടിച്ചെന്നാണ് എജിയുടെ കണ്ടെത്തൽ.

ഇ-ഓഫീസ് സംവിധാനം നിലവിൽ വന്നതോടെ കമ്പ്യൂട്ടർ അസ്സിസ്റ്റൻറ് തസ്തിക അനാവശ്യമായി മാറി. നിലവിലുള്ള 448 തസ്തികയ്‌ക്ക് പകരം 204 പേരുടെ ആവശ്യമേ ഉള്ളൂവെന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ശുപാർശ എന്നാൽ ഇപ്പോഴും 415 പേർ ഈ തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് സർക്കാർ ആണയിട്ട് പറയുമ്പോളും ഇവിടെ ഇഷ്ടക്കാർക്ക് പൊതുഖജനാവിൽ നിന്നും വാരിക്കോരി കൊടുക്കുകയാണ് സർക്കാർ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by