മകര സംക്രാന്തിയില്‍ ആരംഭിച്ച് മഹാശിവരാത്രിയില്‍ സമാപിക്കുന്ന പ്രയാഗയിലെ മഹാകുംഭമേള ലോകത്തിന്റെ നേതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ യാത്രയുടെ ഗതിവേഗം കൂട്ടുകയാണ്. ഭാരതമേ ഉണരൂ… ലോകത്തെ ആത്മീയതയാല്‍ കീഴടക്കൂ എന്ന സ്വാമി വിവേകാനന്ദന്റെ ഒരു നൂറ്റാണ്ടിനപ്പുറം മുഴങ്ങിയ ആഹ്വാനമാണ് ഒരൊറ്റ കുംഭമേളയിലൂടെ നടപ്പാവുന്നത്.
കോടാനുകോടി ആളുകള്‍…മതമില്ല, ജാതിയില്ല, ലിംഗഭേദമില്ല, ഇടതില്ല, വലതില്ല… പണക്കാരനും പാവപ്പെട്ടവനുമില്ല…. ത്രിവേണിയുടെ പുണ്യസ്നാനത്തില്‍ ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന മുദ്രാവാക്യമാണ് മുഴങ്ങുന്നത്. ഡീപ് സ്റ്റേറ്റിന്റെ പിണിയാളുകളായ, രാഹുലില്‍ തുടങ്ങി ഖാര്‍ഗെയില്‍ എന്നേക്കുമായി അവസാനിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഇത് ദഹിക്കില്ല.
രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കമുള്ളവര്‍ പുണ്യസ്നാനം ചെയ്തു. ആത്മീയതയ്‌ക്കെതിരെ കൊടികെട്ടി സമരം നടത്തുന്ന കേരളത്തില്‍ നിന്ന് മാത്രം ലക്ഷക്കണക്കിനാളുകള്‍ പവിത്രഗംഗയില്‍ മുങ്ങിക്കുളിച്ചു. എഴുത്തുകാരനും ചിന്തകനുമായ പ്രശാന്ത് പോള്‍ കുംഭമേളയുടെ നേരനുഭവങ്ങള്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.
”ദേശീയ പാത 44, ബെംഗളൂരുവില്‍ നിന്ന് റേവയിലേക്കും അതിനപ്പുറത്തേക്കും നീളുന്ന പാത. ആയിരക്കണക്കിന് കാറുകള്‍, ജീപ്പുകള്‍, ടെമ്പോ ട്രാവലറുകള്‍, ബസുകള്‍, ട്രക്കുകള്‍… എല്ലാം വിവിധ സംസ്ഥാനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങളുടെ വലിയ ഒഴുക്കാണ്. ഏതാണ്ട് എല്ലാ വാഹനങ്ങളിലും കാവിക്കൊടികള്‍ പാറുന്നുണ്ട്. ചില കൊടികളില്‍ ഭഗവാന്‍ രാമന്റെ ചിത്രമുണ്ട്. ചിലതില്‍ മഹാദേവന്‍… ചിലര്‍ക്ക് പ്രിയം വീരഹനുമാന്‍… വഴിയോരത്തെല്ലാം ഇത്തരം കൊടികള്‍ വില്‍ക്കുന്ന ചെറിയ കടകളുണ്ട്.
ധാബകളും ഹോട്ടലുകളും പെട്രോള്‍ പമ്പുകളുമെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ആയിരം കിലോമീറ്ററിലധികം വരുന്ന ഈ ദേശീയ പാതയാകെ ഉത്സവാന്തരീക്ഷത്തിലാണ്. രാവും പകലും യാത്ര ചെയ്യുന്നവരുടെ ആവേശം കൊണ്ട് മുഖരിതമാണ്. ദൂരമിത്രയേറെ താണ്ടിയിട്ടും ആര്‍ക്കും മുഷിവില്ല. മടുപ്പില്ല. എല്ലാ മുഖങ്ങളിലും ആഹ്ലാദം… പോകുന്നവര്‍ ആകാംക്ഷാഭരിതരാണ്, മടങ്ങുന്നവരാകട്ടെ കൃതാര്‍ത്ഥതാ ഭാവത്തിലും.
ഈ യാത്രയില്‍ എല്ലാവരുമുണ്ട്. എല്ലാ ഭാഷയിലുമുള്ളവര്‍, എല്ലാ വര്‍ഗത്തിലുമുള്ളവര്‍. ഏത് പ്രായത്തിലുമുള്ളവര്‍, സമ്പത്തുള്ളവര്‍, ഇല്ലാത്തവര്‍… ഒരു ഭിന്നതയും വിവേചനവും എവിടെയുമില്ല. ഇന്നോവയില്‍ വരുന്ന തെലങ്കാനയിലെ പ്രമുഖര്‍ക്ക് ലഭിക്കുന്ന അതേ പരിഗണനയാണ് ട്രക്കുകളില്‍ യാത്ര ചെയ്യുന്ന കര്‍ണാടകയിലെ ഭക്തര്‍ക്കും. ഇവരെല്ലാം സനാതന ധര്‍മ്മ പ്രവാഹത്തിലെ അചഞ്ചല യാത്രികരാണ്.
വഴിയില്‍ ജനങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യ താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അന്നദാനകേന്ദ്രങ്ങളുണ്ട്. സിവനി മുതല്‍ പ്രയാഗ വരെ ദേശീയപാതയിലെ എല്ലാ ടോള്‍ബൂത്തുകളും തീര്‍ത്ഥാടര്‍ക്കായി മലര്‍ക്കെ തുറന്നിട്ടുണ്ട്. റൂട്ട് മുഴുവന്‍ സൗജന്യമാണ്. മഹോത്സവത്തിന്റെ നാളുകളില്‍ ഇവിടെ സര്‍ക്കാരും ജനങ്ങളും തമ്മില്‍പ്പോലും ഭേദമില്ല.
ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഒത്തുകൂടുമ്പോള്‍ റോഡുകള്‍ ബ്ലോക്കാവും, കുറച്ച് സമയത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവും. പത്തിരുപത് കിലോമീറ്റര്‍ നടക്കണം. കേരളം, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, മഹാരാഷ്‌ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നൊക്കെ ഒഴുകിയെത്തുന്ന ഭക്തര്‍ക്ക് ഈ യാത്ര വിഷമകരമാണെന്ന് അറിയാം. എങ്കിലും അവരെല്ലാം സന്തോഷത്തിലാണ്.
56 കോടിയിലധികംപേര്‍ ഇതിനകം മഹാകുംഭയില്‍ പുണ്യസ്നാനം ചെയ്തു. യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ജര്‍മ്മനിയാണ്. 8.45 കോടി ജനങ്ങള്‍. ജര്‍മ്മനിയിലെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ ഒറ്റ ദിവസം പുണ്യഗംഗയില്‍ സ്നാനം ചെയ്തു.
ലോകം അമ്പരപ്പാര്‍ന്ന കണ്ണുകളോടെയാണ് ഭാരതത്തെ നോക്കുന്നത്., ഈ രാജ്യത്തിന്റെ സനാതനശക്തി പൂത്തുലയുന്നത് കാണുന്നതിന്റെ അതിശയമാണവര്‍ക്ക്. ഭാരതം എന്തെന്ന് അവര്‍ കണ്‍മുന്നില്‍ കാണുന്നു. അവരിപ്പോള്‍ ഈ രാഷ്‌ട്രത്തെ നന്നായി മനസിലാക്കാന്‍ ശ്രമിക്കുന്നു. ഈ വര്‍ഷം മാത്രം ഭാരതത്തിലേക്ക് എത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം സര്‍വകാല റിക്കാര്‍ഡിലെത്തും. ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ ‘ഇന്‍ഡോളജി’ പഠിക്കാന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കുണ്ടാകും.
മഹാകുംഭമേള രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച വന്‍ കുതിപ്പ് വിമര്‍ശകര്‍ക്ക് ഇനിയും മനസിലായിട്ടുണ്ടാകില്ല. പ്രയാഗയിലേക്കുള്ള എല്ലാ പാതകളിലും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ ആത്മവിശ്വാസത്തിന്റെ വെളിച്ചമാണ് മഹാകുംഭമേള പകര്‍ന്നത്. ടൂറിസ്റ്റ് ഏജന്‍സി ഉടമകള്‍, കാര്‍/ടാക്‌സി/ബസ്/ട്രക്ക് ഉടമകള്‍, ഡ്രൈവര്‍മാര്‍, പെട്രോള്‍ പമ്പ്, ധാബ കച്ചവടക്കാര്‍, ചെറുകിട സാധനങ്ങള്‍ വില്‍ക്കുന്നവര്‍, ഹോട്ടലുടമകള്‍, പച്ചക്കറി, പഴം വില്‍പനക്കാര്‍, കൊടി വില്‍പനക്കാര്‍, ടയര്‍ വ്യാപാരികള്‍… എല്ലാവരും സന്തോഷത്തിലാണ്. പലരും കഴിഞ്ഞ പതിനഞ്ച്-ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ ഒരു വര്‍ഷത്തെ മുഴുവന്‍ ബിസിനസും പൂര്‍ത്തിയാക്കി. തീര്‍ത്ഥാടകര്‍ എവിടെ താമസിക്കുമെന്നും എവിടെ താമസിക്കരുതെന്നും അവര്‍ക്കറിയാം. അതുകൊണ്ടാണ് പ്രയാഗയിലേക്കുള്ള വഴികളെല്ലാം കാവിക്കൊടികള്‍ നിറഞ്ഞത്. ഓരോ കടയുടമയും തന്റെ സ്ഥാപനത്തില്‍ അഭിമാനത്തോടെ കാവി പതാക ഉയര്‍ത്തിയത്.”
45 ദിവസത്തെ മഹാകുംഭമേളയില്‍ സംന്യാസിമാരും ഭക്തകോടികളും നിര്‍വഹിക്കുന്നത് ഒരു ചരിത്രദൗത്യമാണെന്ന തിരിച്ചറിവിലാണ് ആഗോള സാമ്പത്തികശക്തികളുടെ കൂലിപ്പണിക്കാര്‍ ഇപ്പോഴും കൂവിത്തോല്പിക്കാന്‍ വല്ലാതെ പാടുപെടുന്നത്.
അവരെ ഭയപ്പെടുത്തുന്നത് കുംഭമേളയിലുയരുന്ന ഐക്യകാഹളമാണ്. പ്രയാഗയില്‍ മൂന്ന് ദിവസമായി നടന്ന വനവാസി സംഗമത്തില്‍ പങ്കെടുത്തത് രാജ്യത്തെ എല്ലാ ഗോത്രവിഭാഗങ്ങളില്‍ നിന്നുമുള്ള 25000 വനവാസി പ്രതിനിധികളാണ്. ഗോത്രസംസ്‌കൃതിയും ധര്‍മ്മവും പാരമ്പര്യവും സംരക്ഷിക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു. യുവകുംഭ എന്ന പേരില്‍ നടന്ന ഗോത്രവര്‍ഗ യുവാക്കളുടെ സംഗമത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ആടിയും പാടിയും ആഘോഷമാക്കിയ ആ വനവാസി സംഗമത്തിലാണ് ഗോത്രസംസ്‌കൃതിയെ വണങ്ങാതെ മഹാകുംഭം പൂര്‍ണമാകില്ലെന്ന് ജൂന അഖാഡ അധിപതി മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജ് പ്രഖ്യാപിച്ചത്.
ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെ വൈവിധ്യങ്ങളെ അനായാസം മറികടന്നാണ് പതിനായിരക്കണക്കിന് വനവാസി സഹോദരര്‍ മഹാകുംഭത്തിനെത്തിയത്. ഇതുപോലെ വനവാസി ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവും അനുഭവിക്കാന്‍ എല്ലാ സംന്യാസിമാരും വീണ്ടും വീണ്ടും വനമേഖലകളിലേക്ക് പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വനവാസി സമൂഹത്തെ രാജ്യത്തിനെതിരെ തിരിക്കാന്‍ ആസൂത്രിത പരിശ്രമങ്ങള്‍ ജാതി സെന്‍സസിന്റെയും മറ്റും പേരില്‍ നടത്തുന്നതിനിടെയാണ് അതിന്റെയൊക്കെ അടിവേരറുത്ത് സമാനതകളില്ലാത്ത ഐക്യത്തിന്റെ ആഹ്വാനം കുംഭമേളയില്‍ മുഴങ്ങുന്നത്.
സര്‍ക്കാരുകള്‍ പിടിച്ചുവച്ചിരിക്കുന്ന ക്ഷേത്രങ്ങളെ മോചിപ്പിക്കാനുള്ള സമരകാഹളവും കുംഭമേളയില്‍ മുഴങ്ങി. സംന്യാസിമാരുടെ ധര്‍മ്മസന്‍സദും വിശ്വഹിന്ദു പരിശഷത്തിന്റെ നേതൃയോഗവും ഈ ദിശയിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തി.
മഹാകുംഭ മഹാജ്ഞാനകുംഭയ്‌ക്കും വേദിയായി. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് ആഹ്വാനം മുഴങ്ങി. ഭാരതീയര്‍ പരമ്പരാഗത ജ്ഞാനത്തിന്റെ ഉപാസകര്‍ മാത്രമല്ല, പുത്തന്‍ അറിവിന്റെ ഉപജ്ഞാതാക്കളുമാകണമെന്ന് പ്രഖ്യാപനമുണ്ടായി…
ലോകം പ്രയാഗയില്‍ പുണ്യസ്നാനം ചെയ്യുമ്പോള്‍ ഭാരതം ഗ്രഹഗ്രഹാന്തരയാത്രയ്‌ക്ക് ഒരുങ്ങുകയാണ്. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഐഎസ്ആര്‍ഒ ആഗോള നേതൃത്വത്തിലേക്ക് പടിപടിയായി ഉയരുന്നു. സ്പേസ് ഡോക്കിങ് എക്സ്പിരിമെന്റിലൂടെ ബഹിരാകാശ നിലയമെന്ന സ്വപ്‌നത്തിലേക്ക് ഭാരതം ഒരു ചുവട് കൂടി അടുക്കുന്നു. നിര്‍മ്മിത ബുദ്ധിയുടെ ലോകത്ത് നമ്മുടെ വാക്കുകള്‍ക്ക് ലോകം കാതോര്‍ക്കുന്നു.
ഈ കുതിപ്പ് കണ്ടും കേട്ടും ഇരിക്കപ്പൊറുതിയില്ലാത്തവര്‍ കുംഭമേളയിലെ തിക്കും തിരക്കും വാര്‍ത്തയാക്കി കോള്‍മയിര്‍ കൊള്ളട്ടെ… ഭാരതം കുതിക്കുകയാണ്, മഹാകുംഭ ആ കുതിപ്പിന് കരുത്തേകുകയാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: