Kerala

വൃദ്ധദമ്പതികളെ മയക്കി കിടത്തി സ്വര്‍ണം കവര്‍ന്ന് ബാദുഷ പിടിയില്‍, ദമ്പതികളെ പരിചയപ്പെട്ടത് ട്രെയിനില്‍ വച്ച് നാവിക ഉദ്യോഗസ്ഥനെന്ന് വ്യാജേന

ട്രെയിനില്‍ വച്ച് സൗഹൃദം സ്ഥാപിച്ച യുവാവ് വീട്ടിലെത്തി വൃദ്ധ ദമ്പതികളെ മയക്കിക്കിടത്തി സ്വര്‍ണം കവരുകയായിരുന്നു

Published by

മലപ്പുറം:പട്ടാപ്പകല്‍ വീട്ടില്‍ വൃദ്ധദമ്പതികളെ മയക്കി കിടത്തി ആറ് പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി.തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ബാദുഷയെ മലപ്പുറം വളാഞ്ചേരി പൊലീസ് തിരുവനന്തപുരത്ത് നിന്നും പിടികൂടി.

കഴിഞ്ഞ ദിവസമാണ് വളാഞ്ചേരി കോട്ടപ്പുറം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്‍, ഭാര്യ ചന്ദ്രമതി എന്നവരെ ജ്യൂസില്‍ മയക്ക് ഗുളിക ചേര്‍ത്ത് നല്‍കി സ്വര്‍ണം കവര്‍ന്നത്.

ട്രെയിനില്‍ വച്ച് സൗഹൃദം സ്ഥാപിച്ച യുവാവ് വീട്ടിലെത്തി വൃദ്ധ ദമ്പതികളെ മയക്കിക്കിടത്തി സ്വര്‍ണം കവരുകയായിരുന്നു. മുട്ടുവേദനയുടെ ചികിത്സയ്‌ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്പതികളെ പരിചയപ്പെട്ടത്. നാവിക സേന ഉദ്യോഗസ്ഥന്‍ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തി. ഇരുവര്‍ക്കും സീറ്റും തരപ്പെടുത്തി നല്‍കിയ ഇയാള്‍ ദമ്പതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ശേഷം കുറഞ്ഞ ചിലവില്‍ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേദിവസം എല്ലാം ശരിയായെന്നും ചികിത്സയുടെ രേഖകള്‍ ശേഖരിക്കാന്‍ വീട്ടില്‍ വരാമെന്നും പറഞ്ഞ് ഫോണ്‍ ചെയ്ത് വളാഞ്ചേരിയിലെ വീട്ടിലെത്തി.

യുവാവ് താന്‍ കൊണ്ടുവന്ന പഴങ്ങള്‍ ഉപയോഗിച്ച് സ്വയം ജ്യൂസ് തയാറാക്കി ഇരുവര്‍ക്കും നല്‍കി.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദമ്പതികള്‍ക്ക് ഗ്യാസിന്റെയാണെന്ന് പറഞ്ഞ് ഓരോ ഗുളികയും നല്‍കി. ഇതോടെ ഇരുവരും മയങ്ങി. ഈ തക്കത്തിന് കവര്‍ച്ച നടത്തി യുവാവ് സ്ഥലം വിടുകയായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് ദമ്പികള്‍ക്ക് വഞ്ചന മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by