World

യുഎസ്എഐഡി ഫണ്ടിങ്: മോദിയെ അട്ടിമറിക്കാന്‍ വിദേശ ഏജന്‍സികള്‍ ഇടപെട്ടു; മറ്റാരുടെയോ വിജയമായിരുന്നു അവരുടെ ലക്ഷ്യം; സൂചന നല്കി ട്രംപ്

Published by

മയാമി: ഭാരതത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന സൂചന നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തമുറപ്പാക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) ഫണ്ട് നല്കിയതിനെ ചോദ്യം ചെയ്യവേയായിരുന്നു ട്രംപിന്റെ പരാമര്‍ശം.

എന്തിനാണ് ബൈഡന്‍ ഭരണകൂടം ഭാരതത്തിലെ തെരഞ്ഞെടുപ്പിന് 21 മില്യണ്‍ ഡോളര്‍ നല്കിയത്. അതിന്റെ ആവശ്യമുണ്ടോ. ഭാരതത്തിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മറ്റാരോ ജയിക്കണമെന്നതായിരുന്നു അവരുടെ (ബൈഡന്‍ ഭരണകൂടം) ആവശ്യം. അതിനായി അവര്‍ ശ്രമിച്ചെന്നാണു ഞാന്‍ കരുതുന്നത്. ഇക്കാര്യം ഭാരത ഭരണകൂടത്തെ അറിയിക്കണം. ഇതൊരു നിര്‍ണായക വിവരമാണ്, മയാമിയിലെ പരിപാടിയില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുഎസ്എഐഡി ഫണ്ടിങ് റദ്ദാക്കാനുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജ് നീക്കത്തെ ട്രംപ് ന്യായീകരിച്ചു. ഭാരതത്തിന്റെ സാമ്പത്തികനിലയും വ്യാപാര നയങ്ങളും കണക്കിലെടുത്താല്‍ ഇത്തരത്തിലെ ഫണ്ട് ആവശ്യമില്ലെന്നിരിക്കേ പിന്നെന്തിനാണ് ഫണ്ട് നല്കിയതെന്ന് നേരത്തേയും ട്രംപ് ചോദിച്ചിരുന്നു. അവര്‍ക്കാവശ്യത്തിനു പണമുണ്ട്. അമേരിക്കന്‍ കാഴ്ചപ്പാടില്‍ ലോകത്ത് ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഭാരതം. ഭാരതത്തോടും അവിടത്തെ പ്രധാനമന്ത്രിയോടും ബഹുമാനമുണ്ട്. പക്ഷേ വോട്ടര്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ 21 മില്യണ്‍ ഡോളര്‍ നല്കുന്നത് എന്തിനാണെന്നും ട്രംപ് ചോദിച്ചത്.

അതേ സമയം, അമേരിക്കന്‍ സാമ്പത്തിക സഹായത്തിന്റെ പേരില്‍ ഭാരതത്തില്‍ വിവാദമുയര്‍ന്നിരുന്നു. അമേരിക്കന്‍ സാമ്പത്തിക സഹായം ഭാരതത്തിലെ തെരഞ്ഞെടുപ്പു പ്രക്രിയയിലെ വിദേശ ഇടപെടലിന്റെ തെളിവാണെന്നു ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചിരുന്നു. ഫെബ്രുവരി 16നാണ് ഭാരതത്തിനുള്ള സാമ്പത്തിക സഹായം നിര്‍ത്തുമെന്ന് ഇലോണ്‍ മസ്‌ക് നേതൃത്വം നല്കുന്ന ഡോജ് പ്രഖ്യാപിച്ചത്.

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ അമേരിക്കയ്‌ക്കു പങ്കുണ്ടെന്ന ആരോപണത്തിനു പിന്നാലെ ബംഗ്ലാദേശിലെ രാഷ്‌ട്രീയനില ശക്തമാക്കാന്‍ 29 മില്യണ്‍ ഡോളര്‍ അനുവദിച്ചു. കൂടാതെ മറ്റ് അന്താരാഷ്‌ട്ര സഹായങ്ങള്‍ക്കൊപ്പം നേപ്പാളിനും 39 മില്യണ്‍ നല്കിയിരുന്നെന്നു ഡോജ് വെളിപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by