Kerala

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ടമരണത്തിൽ അടിമുടി ദുരൂഹത, അമ്മയെ കൊലപ്പെടുത്തി മക്കൾ ജീവനൊടുക്കിയതെന്ന് സംശയം

Published by

കൊച്ചി: സെൻട്രൽ ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള അഗർവാൾ എന്നിവർ മരിച്ച സംഭവത്തിൽ ദുരൂഹത അകലുന്നില്ല. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കൾ ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ, പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

ഇന്നലെയാണ് കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ 114–ാം നമ്പർ വീടിനുള്ളിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഹിന്ദിയിൽ എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശാലിനി വിജയിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന.

എന്തിനാണ് ജീവനൊടുക്കിയതെന്ന കാര്യത്തിലും ഇനിയും വ്യക്തതയില്ല. മൂന്നുപേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും.42 വയസുള്ള മനീഷ് വിജയ്‌യുടെ മൃതദേഹം ഹാളിനോട് ചേർന്നുള്ള വലത്തേ മുറിയിലും 35 വയസുള്ള സഹോദരിയുടേത് വീടിന്റെ പിൻഭാഗത്തെ മുറിയിലും തൂങ്ങിയ നിലയിലുമായിരുന്നു. 80 വയസിനോടടുത്ത് പ്രായമുള്ള മാതാവ് ശകുന്തള അഗർവാളിന്റെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ ഇടത്തേ മുറിയിൽ പുതപ്പു കൊണ്ട് മൂടി മൃതദേഹത്തിൽ പൂക്കൾ വർ‍ഷിച്ച രീതിയിൽ.

മനീഷിന്റെ മുറിയിൽ നിന്ന് ഹിന്ദിയിൽ എഴുതിയ ഒരു ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ‘ജീവിതത്തിലെ ചില നൈരാശ്യങ്ങൾ മൂലം’ മനീഷും മറ്റുള്ളവവരും ജീവനൊടുക്കി എന്ന നിലയിലാണ് തൃക്കാക്കര പൊലീസ് തയാറാക്കിയ എഫ്ഐആറിൽ പറയുന്നത്. എന്നാൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇതിലുണ്ട്.

അവിവാഹിതരായ സഹോദരങ്ങൾ മാതാവ് മരിച്ചതിന്റെ ആഘാതത്തിൽ ആത്മഹത്യ ചെയ്തതാണോ? ഇവരെ എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ഇനി അന്വേഷിക്കുക. മാതാവ് കോളജ് അധ്യാപികയും ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിൽ നിന്ന് ഉയർന്ന റാങ്കിൽ വിജയിച്ച ആളുമാണ് എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. മനീഷ് ഏറെക്കാലമായി കൊച്ചിയിലും കോഴിക്കോടും കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ള ആളാണ്. ഒന്നര വർഷം മുമ്പാണ് കൊച്ചിയിലേക്ക് സ്ഥലം മാറിയെത്തിയത്. അമ്മയും സഹോദരിയും എത്തിയത് നാലു മാസം മുമ്പും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by